Monday, October 03, 2011

എന്നുമുതലാണ് ഇതെല്ലാം നമ്മില്‍ നിന്ന് അന്യം നിന്നുപോയത്??

പ്രബുദ്ധ കേരള മനസാക്ഷിയിലെക്ക് വിരല്‍ ചൂണ്ടി ഒരു ബുള്ളഷ് റാവു കൂടി നടന്നു നീങ്ങി. യാത്ര മദ്ധ്യേ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണു തലയ്ക്കു മുറിവ് പറ്റി രക്തമൊലിക്കുന്ന തലയുമായി അടുത്ത വീടുകളില്‍ കയറി ചെല്ലുമ്പോള്‍ മലയാളിയുടെ സഹജമായ സുരക്ഷിതത്വ ബോധം കൊണ്ട് അയാളെ ആരും തിരിഞ്ഞു നോക്കിയില്ലെത്രേ !!!. ഒരിറ്റു ദാഹ ജലവും ആരും കൊടുക്കാന്‍ തയ്യാറായില്ല എന്ന് കൂടി കേള്കുമ്പോള്‍ സങ്കടം തോന്നുന്നു. അര്ദ്ധരാത്രിയില്‍ രക്തമൊലിച്ചു നടക്കുന്ന ഈ സാധുവിന് നേരെ പട്ടി കൂടി തിരിഞ്ഞപ്പോള്‍ പിന്നെ ജീവന്‍ നിലനിര്ത്താന്‍ ഓടിക്കയറിയത് അടുത്ത ഭജന മഠത്തില്‍. മനുഷ്യത്വം ഒട്ടും ബാകിയില്ലാത്ത കുറെ ജന്തുക്കളുടെ കൂടെ സഹവസിക്കുന്നതിലുമപ്പുറം ഭൌതിക ജീവിതത്തിന്റെ തിരശീലയ്ക്കു പിന്നിലേക്ക് നടന്നു നീങ്ങാന്‍ ബുള്ളഷ് റാവു ഭക്തിയുടെ കയറു തിരഞ്ഞെടുത്തു തൂങ്ങിയത്തില്‍ വലിയ അത്ഭുതമൊന്നും തോന്നേണ്ടതില്ല.

നമ്മുടെ മനസ്സാക്ഷി മരവിച്ചു പോയിരിക്കുന്നു.
അലിവിന്റെയും ആര്ദ്രതയുടെയും ചെറു കണമെന്കിലും ബാകിയുള്ള എത്ര മനുഷ്യന്മാരുണ്ട് നമുക്ക്ചുറ്റും??
തന്റെ സഹോദരനുവേണ്ടി ഒരു ചെറു സഹായമെന്കിലും ചെയ്യാതിരിക്കാന്‍ മാത്രം എന്ത് സ്വതബോധമാണ് നമ്മെ നയിക്കുന്നത്??

എന്റെ ഒരു സുഹൃത് അദ്ദേഹത്തിന്റെ ഫേസ് ബുക്ക്‌ താളുകളില്‍ കുറിച്ചിട്ട കരളലിയിക്കുന്ന ഒരു സംഭാഷണം. ആഗ്രഹങ്ങളുടെ നിറ കൂംബാരവുമായാണല്ലോ നമ്മുടെ ഗമനം!!!
പ്രായവും കാലവും മാറുന്നതിനനുസരിച്ച് ആഗ്രഹങ്ങളിലും മാറ്റങ്ങള്‍ വരുത്തി ഒന്നൊന്നായി സഫലീകരിച്ചു മുന്നോട്ടു പോകുന്ന ജീവിത യാത്ര. ഈ യാത്രക്കിടയില്‍ ഒരു സംഘം സഹജീവി സ്നേഹം വറ്റിയിട്ടില്ലാത്ത കുറച്ചു ചെറുപ്പക്കാര്‍ ഇരു കിട്നികളും പ്രവര്ത്തനരഹിതമായി കിടക്കുന്ന തങ്ങളുടെ സ്നേഹിതനെ സന്ദര്ശിച്ചു കുഷലാന്യോഷങ്ങള്‍ നടത്തി. ജീവന്റെ തുടിപ്പ് ശരീരത്തില്‍ നില നിര്ത്താന്‍ ഒരു മാസം ഇരുപത്തി നാലായിരം ഇന്ത്യന്‍ ഉറുപ്പിക നമ്മളെ പ്പോലെയുള്ള പലരും കനിഞ്ഞു നല്കിയിട്ടാണ് അയാള്‍ ഇന്ന് ജീവിക്കുന്നത്. ഈ സുഹ്ര്തും നമ്മളെപ്പോലെ ആഗ്രഹം ഉള്ളവനാണ്. പക്ഷെ ഭൌതിക ജീവിതത്തിലെ പരക്കണക്കിനു ആഗ്രഹങ്ങളുടെ ചിറകില്‍ യാത്ര ചെയ്യുന്ന, അവനെ സന്ദര്ശികച്ച കൊച്ചു സംഘത്തോട് അവന്‍ അവന്റെ ആഗ്രഹ സഫലീകരണത്തിന് പ്രാര്ഥികക്കാന്‍ പറഞ്ഞുവത്രേ. വിചിത്രമായിരുന്നു ആ ആഗ്രഹം.

അവനു “സ്വന്തമായി ഒന്ന് മൂത്രമൊഴിക്കാന്‍ കഴിയണം”.

നിസ്സാരനാണ് പലപ്പോഴും മനുഷ്യന്‍. ചുറ്റുപാടിനെ കാണാന്‍ കഴിയാതെ പോകുമ്പോള്‍ എത്തിചേരുന്ന സുരക്ഷിതത്വ ബോധമാകണം ഒരു ബുള്ളഷ് കൂടി നമ്മില്‍ നിന്നകന്നു പോകാന്‍ കാരണം.

കൊടിയ ദാരിദ്ര്യം അരക്കിട്ട് പിടിച്ച ആഫ്രിക്കന്‍ നാടുകളിലോന്നില്‍ ഐക്യരാഷ്ട സഭയുടെ ടിസാസ്റ്റര്‍ മാനജ്മെന്റ് സംഘങ്ങളിലൊരു സംഘം സന്ദര്ശ്നം നടത്തി. ഒരു വേള ഒരഭായാര്ത്ഥി ക്യാമ്പില്‍ കടന്നു ചെന്നപ്പോള്‍ ഒരു കുട്ടിയെ മുലയൂട്ടിരുന്ന മാതാവ് കുഞ്ഞിനെ മാറില്‍ നിന്ന് വലിച്ചു മാറ്റി കീറിയ വസ്ത്രം കൊണ്ട് മാറ് മറക്കാന്‍ പാടുപെടുകയായിരുന്നു. അമ്മയുടെ മാറിടത്തില്‍ നിന്ന് വേര്പെട്ട കുട്ടി കരഞ്ഞു കൊണ്ടിരിക്കെ വായില്‍ നിന്ന് ചോര പുറത്തു വരുന്നുണ്ടായിരുന്നു. അമ്മിഞ്ഞപ്പാലിനു പകരം രക്തം വലിച്ചു കുടിച്ചിരുന്ന ആഫ്രിക്കയിലെ ആ കൊടിയ ദാരിദ്ര്യം നമ്മെ വളഞ്ഞിട്ടു പിടിച്ച ഒരു ഭൂതകാലം നമുക്കുണ്ടായിട്ടില്ല. നമ്മുടെ ബാല്യവും കൌമാരവും ആഹ്ലാദഭരിതമായാണ് മുന്നോട്ട് ഗമിച്ചതും ഗമിക്കുന്നതും.


കുടുംബം പോറ്റാനും ഒരു ചാണ്‍ വയര് നിറയ്ക്കാനും പെടാപാട് പെടുന്ന ഒരു ബാല്യത്തിന്റെ ചിത്രം ഇന്നലെ ഫേസ്ബുക്കിന്റെ ചുമരുകളിലോന്നില്‍ കണ്ടു.
എടുക്കുന്ന ജോലിമുഴുവന്‍ നിര്ത്തി വെച്ച് അതിലൂടെ കണ്ണോടിക്കുമ്പോള്‍ എന്റെ ഒരു സ്നേഹിതന്‍ ഒരു കമന്റു കുറിചിട്ടത് കണ്ടു.
“പുസ്തകങ്ങളും കളിപ്പാട്ടങ്ങളും എന്റെ ആര്ഭാടങ്ങള്‍..
അന്നത്തിനായുള്ള നെട്ടോട്ടം എന്റെ ബാല്യം കവര്ന്നു.
ഓമനേ, നീ അധ്വാനിച്ച് ജോലി ചെയ്ത് കഴിഞ്ഞു കൂടേണ്ട ഒരു കുടുംബമുണ്ടോ? എങ്കില്‍ ഞങ്ങളുടെ പാപക്കറ കഴുകിക്കളയാന്‍ ഒരു പുണ്യ നദിയും മതിയാകില്ല.”

ഈ അടുത്ത് കേട്ട ഒരു കഥ ഇങ്ങനെയായിരുന്നു.
രാജ്യം ഭരിക്കുന്ന ഖലീഫയുടെ മുന്നിലേക്ക്‌ രണ്ടു ചെറുപ്പക്കാര്‍ ഒരു മനുഷ്യനെ വലിച്ചിഴച്ചു കൊണ്ട് വന്നു. ആ രൂപത്തില്‍ അയാളെ അവിടെ എത്തിക്കാന്‍ അയാള്‍ ചെയ്ത കൃത്യമെന്താണെന്നു ഖലീഫ ചോദിച്ചു.

അവര് പറഞ്ഞു “ഇയാള്‍ ഞങ്ങളുടെ പിതാവിനെ കൊന്നിരിക്കുന്നു. പകരം ഇയാളെയും വധിക്കാന്‍ ഉത്തരവിടണം”.

കുറ്റവാളി പറഞ്ഞു “ഞാന്‍ കൊന്നതല്ല, പറ്റിപ്പോയതാണ്..”

“അവരുടെ പിതാവ് അയാളുടെ ഒട്ടകങ്ങളുമായി എന്റെ പറമ്പില്‍ കയറി. അവയെയും കൊണ്ട് പുറത്തുപോകാന്‍ ഞാന്‍ അയാളോടാവശ്യപ്പെട്ടു. എന്നാല്‍ അവകളും അയാളും വീണ്ടും ഉള്ളിലേക്ക് കടന്നു വന്നപ്പോള്‍ ഞാന്‍ ഒരു കല്ലെടുത്ത് അയാളെ എറിഞ്ഞു. അത് അയാളുടെ തലയില്‍ തട്ടി, അയാള്‍ മരിച്ചു”.

അയാളെ വധിക്കാന്‍ ഖലീഫ ഉത്തരവിട്ടു.

കുറ്റവാളി പറഞ്ഞു.

“എനിക്കൊരപെക്ഷ ഉണ്ട്. മരിക്കുന്നതിനു മുമ്പ്‌ എന്റെ കുടുംബത്തില്‍ പോയി എന്റെ മക്കളോടും ഭാര്യയോടും യാത്ര പറയണം. ഞാന്‍ അവര്ക്ക് ഭക്ഷണം തേടി ഇറങ്ങിയതാണ്. അവര്‍ എന്നെ പ്രതീക്ഷിചിരിക്കും. മൂന്നു ദിവസത്തിനുള്ളില്‍ ഞാന്‍ തിരിച്ചു വരും.”

കാല്‍ നടയോ ഒട്ടകങ്ങളോ സഞ്ചാരമാര്ഗമുള്ള ഒരു കാലതായതിനാല്‍ ഖലീഫ മൂന്നു ദിവസമനുവദിച്ചു. പക്ഷെ പകരം ജാമ്യക്കരനായി ഒരാളെ നല്ക്ണം. തന്നെ അറിയാത്ത ഒരു പ്രദേശത്ത്‌ ജാമ്യം കിട്ടാന്‍ ഒരാളെ കിട്ടാതെ വിഷമിക്കുന്ന അയാള്ക്ക് വേണ്ടി ആ പ്രദേശത്തെ ഒരു നല്ല മനുഷ്യന്‍ ജാമ്യം നിന്നു. അയാള്‍ വീട്ടിലേക്കു പോയി. മൂന്നാം ദിവസം പറഞ്ഞ സമയമവസാനിച്ചിട്ടും അയാളെ കാണാതെ പോയപ്പോള്‍ ജനം മുറുമുറുപ്പ് തുടങ്ങി. ജാമ്യം നിന്നയാളെ ഓര്ത്ത് ‌ പലരും പരിഭവിച്ചു. അവരുടെ എല്ലാ ആശങ്കകള്‍ക്കും അറുതി വരുത്തി ദൂരെ അയാള്‍ വരുന്നത് അവര് കണ്ടു.

ഖലീഫയുടെ സന്നിതിയിലെതിയ അയാളോട് ഖലീഫ ചോദിച്ചു..

“നിങ്ങളെന്തിന് തിരിച്ചു വന്നു. നിങ്ങളെ ഇവിടെ ആര്ക്കും അറിയില്ല. നിങ്ങള്‍ എവിടതുകാരനാണെന്നു ഞങ്ങള്ക്കും അറിയില്ല. നിങ്ങള്‍ വരാതിരുന്നാല്‍ ആരും നിങ്ങളെ തിരഞ്ഞു വരാനും സാധ്യത ഇല്ല. എന്നിട്ടും നിങ്ങളെന്തിന് തിരിച്ചു വന്നു??”

അയാള്‍ പറഞ്ഞു.

“എനിക്ക് വരാതിരിക്കാമായിരുന്നു. ഞാന്‍ അങ്ങളെ ചെയ്‌താല്‍ പില്കാലത്ത്‌ ജനം പറയും..അന്ന് വാഗ്ദാനപാലനത്തിനു യാതൊരു വിലയുമില്ലായിരുന്നു”.

ഖലീഫ ജാമ്യം നിന്ന ആളോട് ചോദിച്ചു. നിങ്ങളെ അറിയാത്ത, നിങ്ങള്‍ അറിയാത്ത, തിരിച്ചു വരും എന്നതിനു യാതൊരു ഉറപ്പും ഇല്ലാത്ത ഒരു സമയത്ത് നിങ്ങള്‍ എന്തിനാണ് ഇയാള്ക്ക് വേണ്ടി ജാമ്യം നിന്നത്??

ജാമ്യക്കാരന്‍ പറഞ്ഞു.

“ഞാന്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ പില്കാലത്ത് ജനം പറയും..അന്ന് ഹൃദയത്തില്‍ അലിവും ആര്ദ്രതയും ഉള്ള ഒരാളുമില്ലായിരുന്നു..”

കുറ്റവാളിയെ വലിച്ചിഴച്ചു കൊണ്ട് വന്ന കുട്ടികളിലേക്ക് തിരിഞ്ഞ ഖലീഫയോടു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കുട്ടികള്‍ പറഞ്ഞു.

“ഞങ്ങള്‍ ഇയാള്‍ക്ക് പൊരുത് കൊടുത്തിരിക്കുന്നു”

ഖലീഫ ചോദിച്ചു. നിങ്ങള്ക്കെ്ന്തു പറ്റി. പൊരുത് കൊടുക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്?

അവര്‍ പറഞ്ഞു.

“ഞങ്ങള്‍ പൊരുത് കൊടുത്തില്ലെങ്കില്‍ പില്കാലത്ത്‌ ജനം പറയും. അന്ന് വിട്ടുവീഴ്ച ചെയ്യാന്‍ ആരും തായ്യാറായിരുന്നില്ലയെന്നു

ഈ കഥ മുഴുമിച്ചപ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു. എന്റെ കാലത്ത് വാഗ്ദാന പാലനവും, അലിവും, ആര്ദ്ര്തയും, ദയയും, വിട്ടു വീഴ്ചയുമൊക്കെ മനുഷ്യമനസ്സില്‍ നിന്ന് അന്യം നിന്നുപോയിട്ടില്ലേ..??

നിങ്ങള്ക്കെൊന്തു തോന്നുന്നു?

എന്നുമുതലാണ് ഇതെല്ലാം നമ്മില്‍ നിന്ന് അന്യം നിന്നുപോയത്??

Wednesday, August 24, 2011

അയാളെ പോലെ എത്രയോ മനുഷ്യര്‍.???

അന്നാണ് ഞാന്‍ അയാളെ ആദ്യമായി പരിചയപ്പെട്ടത്‌. ഇസ്ലാഹി സെന്റററില്‍ വെച്ച്...എന്നെ കണ്ട മാത്രയില്‍ രണ്ടു സി. ഡി. കാണിച്ചു ആ പരിപാടി എങ്ങനെ ഉണ്ട് എന്നായിരുന്നു അയാളുടെ ചോദ്യം.. ഞാന്‍ അത് രണ്ടും കണ്ടിട്ടില്ല, വിഷയം കേട്ടിട്ട് നന്നാവും എന്ന് തോന്നുന്നു എന്ന മറുപടിയോടെ ഞാന്‍ നടന്നു.


പതിവ് മുഖങ്ങളോട് കൊച്ചു വര്ത്തകമാനങ്ങള്‍ പറഞ്ഞു അല്പ നേരം അവിടെ ഇരുന്നു. അല്പം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ അയാള്‍ വീണ്ടും വന്നു. എന്റെ വിവരങ്ങള്‍ ചോദിച്ചു കൊണ്ടേ ഇരുന്നു..അലസ ഭാവത്തില്‍ ആയിരുന്നു എന്റെ മറുപടികള്‍. ചോദ്യങ്ങള്ക്ക് അറുത്ത് മുറിച്ച മറുപടി. കൂടുതല്‍ ചോദ്യങ്ങളൊന്നും വേണ്ട എന്നാ ഭാവേനെയുള്ള മറുപടി മനസ്സിലാക്കിയത് കൊണ്ടാകണം അയാളും പെട്ടെന്ന് നിര്ത്തി സലാം പറഞ്ഞു പോയി.

ഈ ആദ്യ കൂടിക്കാഴ്ച കഴിഞ്ഞുള്ള ഒരു ശനിയാഴ്ച ഞാന്‍ അയാളെ വീണ്ടും കണ്ടു. ദിവസങ്ങള്ക്ക് മുന്പ്‌ അയാള്‍ കൊണ്ടുപോയിരുന്ന സിഡികള്‍ നല്ലതായിരുന്നു എന്ന് പറഞ്ഞു. ഞാന്‍ ആണെങ്കില്‍ ഒരു പുതിയ പരീക്ഷണത്തിന്റെ തിരക്കിലായിരുന്നു. പതിവായി ഖുര്ആന്‍ ക്ലാസ്സ്‌ എടുത്തിരുന്ന ഉസ്താദ്‌ ലീവിന് നാട്ടില്‍ പോയപ്പോള്‍ ആ ക്ലാസ്സ്‌ ഒരു കൂറ് കച്ചവടം പോലെ എടുക്കാമെന്ന് ആരിഫ്കായുമായി വാക്ക് പറഞ്ഞതിനാല്‍ അതിനു തയ്യാറെടുക്കുന്നതിന്റെ ഒരു തിരക്ക്‌ ഉണ്ടായിരുന്നു.

ക്ലാസ്സ്‌ തുടങ്ങി. ആയത്തുകളുടെ തഫ്സീറുകള്‍ ആരിഫ്ക വിവരിക്കും. അതൊരു നല്ല അധ്യാപന പഠന അനുഭവമായിരുന്നു. ആ ക്ലാസ്സില്‍ അയാളും ഉണ്ടായിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞു അയാള്‍ വീണ്ടും വന്നു. ക്ലാസ് നന്നായിരുന്നു എന്ന് പറഞ്ഞു. ഉറക്കമല്ലാതെ മറ്റു കാര്യ പരിപാടികള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ അയാളുമായി കുറെ നേരം സംസാരിച്ചിരുന്നു.

അയാള്‍ എന്റെ ചോദ്യങ്ങള്ക്ക് മറുപടി പറഞ്ഞു തുടങ്ങി. ദുബായ് മുനിസിപ്പാലിറ്റിയിലെ സ്വീപ്പര്‍. അതി രാവിലെ മൂന്നു മണിക്ക് തുടങ്ങി ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ജോലി തീരും. തെരുവ് അടിച്ചു വാരി നന്നാക്കല്‍ ആണ് ജോലി. എണ്ണൂറു ദിര്ഹുമാണ് ശമ്പളം.
ഞാന്‍ സാകൂതം അയാളെ ശ്രദ്ധിച്ചിരുന്നു. “ഒരു പുലര്കാലത് റാഷിദിയ്യയില്‍ അടിച്ചു വാരുന്നതിനിടെ ചവറു കുട്ടയില്‍ നിന്ന് ഒരു പഴയ കാര്‍ സ്റ്റീരിയോ കിട്ടി. അത് റൂമില്‍ കൊണ്ട് പോയി പൊടി തട്ടി നോക്കിയപ്പോള്‍ നന്നായി വര്ക്ക് ചെയ്യുന്നു.


പിന്നെ ജോലി കഴിഞ്ഞു വരുന്ന വൈകുന്നേര സമയങ്ങളില്‍ റേഡിയോ പരിപാടികള്‍ കേട്ടിരിക്കും. അടുത്ത റൂമില്‍ നിന്ന് കടം വാങ്ങുന്ന ഹിന്ദി സിനിമകളുടെ ഓഡിയോ കേസറ്റുകളും. ഈ പതിവ് തുടര്ന്ന് പോകുന്നതിനിടയില്‍ മറ്റൊരിക്കല്‍ ജോലിക്കിടെ അല്ഖൂസില്‍ വെച്ച് ഒരു കവര്‍ നിറയെ ഓഡിയോ കേസറ്റുകള്‍ കിട്ടി. അത് റൂമില്‍ കൊണ്ട് പോയി കേട്ടപ്പോള്‍ ഇസ്ലാമിക പ്രഭാഷണങ്ങള്‍ ആയിരുന്നു. സുഹൈര്‍ ചുങ്കത്തറയുടെ എന്തുകൊണ്ട് ഇസ്ലാം എന്ന ഒരു കേസറ്റും കൂട്ടത്തില്‍ ഉണ്ടായിരുന്നു. അത് കേട്ട് കഴിഞ്ഞപ്പോള്‍ ആണ് അല്ലാഹുവിനെ കുറിച്ചും ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും ചിന്തിച്ചതും എല്ലാം. പിന്നെ ഇസ്ലാഹി സെന്റര്‍ ചോദിച്ചറിഞ്ഞു അവിടെ നിന്ന് കൂടുതല്‍ കേസറ്റ്കളും സിഡികളും കേട്ട് കാര്യങ്ങള്‍ മനസ്സിലാക്കുന്നു. ക്ലാസ്സുകള്ക്ക് മുടങ്ങാതെ വരുന്നു”

മാഷ അല്ലാഹ്..

അയാള്ക്ക് ‌ പോകാന്‍ സമയമായിരുന്നു. അവിടുന്നങ്ങോട്ടുള്ള ദിവസങ്ങളില്‍ അയാളെ കാണുമ്പോള്‍ വലിയ ആദരവ് തോന്നാറുണ്ട്..ഞാന്‍ എപ്പോഴും അയാളെ ശ്രദ്ധിക്കാറുമുണ്ട്. എല്ലാ പരിപാടികളുടെയും മുന്നില്‍ ഒരു സാധാരണ സേവകനായി സ്വയം സമര്പ്പി്ച്ച് അയാള്‍ സ്വര്ഗത്തിലേക്ക് നടന്നു കയറുന്നു.

ഓരോ തവണ കാണുമ്പോഴും ചിന്തിക്കാന്‍ എന്തെങ്കിലും ബാക്കി വെച്ചായിരിക്കും അയാള്‍ നടന്നു നീങ്ങുക. ഖുര്ആന്‍ ക്ലാസ്സുകലോടുള്ള അയാളുടെ താല്പര്യം എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഒടുവില്‍ റമദാനിനു ഒരാഴ്ച മുമ്പേ എന്റെ ഒരു സ്നേഹിതന്‍ അവന്റെ നാട്ടില്‍ പള്ളി പണിയുന്നതിനുള്ള പിരിവുമായി വന്നു. ഇസ്ലാഹി സെന്റ്റിലെ അന്നത്തെ വാരാന്ത്യ ക്ലാസ്സെടുത്തത് അവനായിരുന്നു. പിരിവിന്റെ കാര്യവും അവന്‍ സൂചിപ്പിച്ചു. ക്ലാസ്സ്‌ കഴിഞ്ഞു എല്ലാവരും പോകുമ്പോള്‍ പിരിവിന്റെ പെട്ടിയുമായി ഞാന്‍ ഹാളിനു പുറത്തു നില്പുണ്ടായിരുന്നു. അയാള്‍ വരുന്നത് ഞാന്‍ ദൂരെ നിന്ന് കണ്ടു. പേഴ്സ് എടുത്ത് ഒരു നോട്ടു ചുരുട്ടി പിടിച്ചു അയാള്‍ വരുന്നുണ്ടായിരുന്നു. ഒരു നൂറു ദിര്ഹ്മിന്റെ നോട്ടു പെട്ടിയില്‍ ഇട്ടു നടന്നു നീങ്ങി. ഞാന്‍ അത്ഭുതത്തോടെ അയാളെ നോക്കി നിന്നു. അയാളേക്കാള്‍ എത്രയോ മടങ്ങ്‌ ശമ്പളം വാങ്ങുന്ന പലരും എന്നെ കടന്നു പോയപ്പോഴും ആ പെട്ടിയില്‍ വീണ അഞ്ചു നൂറിന്റെ നോട്ടുകളിലോന്നു അയാളുടെതായിരുന്നു.

എണ്ണൂറു രൂപ ശമ്പളം വാങ്ങുന്ന നാല്പതിനു മുകളിലെങ്കിലും പ്രായമുണ്ടാകാന്‍ സാധ്യത ഉള്ള അയാള്ക്കും ഒരു കുടുംബം പോറ്റെണ്ടി വരുമല്ലോ??? ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ഒരു പക്ഷെ അയാള്‍ എത്ര മാത്രം സഹിക്കുന്നുണ്ടാവും???? എത്ര ആലോചിച്ചിട്ടും ഒരു നെടു വീര്പ്പു മാത്രം ബാക്കിയാവുന്ന അനേകം നിമിഷങ്ങളില്‍ ഒന്നായി അതും മറഞ്ഞു പോകുന്നു. അയാളെ പോലെ എത്രയോ മനുഷ്യര്‍.???

ഒരു വിചിന്തനതിനുള്ള സമയം നമുക്കിനിയും ബാക്കിയുണ്ട്.

അയാളെ കാണുമ്പോഴോക്കെയും എനിക്കോര്മ്മ വരുന്നത് ഖുര്ആഷന്‍ പറഞ്ഞ ഈ വചനമാണ്.

“തീര്ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്ക്ക് സ്വര്ഗരമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു.”- (തൌബ-111 )

Monday, July 04, 2011

കാര്യസ്ഥന്‍

ഓഹോ കാര്യങ്ങള്‍ അങ്ങനെയാണല്ലേ..
എന്താണ് ജോലി.??
പറയത്തക്ക ജോലി ഒന്നും ഇല്ല.
അപ്പോള്‍ പിന്നെ ജീവിതം എങ്ങനെ കഴിഞ്ഞു പോകുന്നു??
അതിനു ഒരു ചെറിയ ജോലി ഉണ്ട്..

കാര്യങ്ങള്‍ അയാള്‍ പറഞ്ഞ പോലെ അല്ല..

ആരെ കണ്ടാലും കുശാലാന്യോഷണങ്ങളിലൊന്നു ജോലിയെ കുറിച്ച് തന്നെയാണ്. അതിന്റെ പിന്നിലെ ചേതോ വികാരമെന്തായാലും.

പെണ്ണ് കെട്ടുന്നതിന് മുംബ് ആരെങ്കിലും അങ്ങനെ ചോദിച്ചാല്‍ മകളെ കെട്ടിച്ചു തരാന്‍ ആയിരിക്കുമോ എന്ന ആശ(ങ്ക)യാല്‍ ചോദിചയാളുടെ നിലവാരം നോക്കി മാത്രമേ മറുപടി പറഞ്ഞിരുന്നുള്ളൂ. ഇന്നിപ്പോ അതിനു സാധ്യത ഇല്ലല്ലോ..!!!

ഈയിടെ മക്കയില്‍ വെച്ച് ഭാര്യ പിതാവിന്റെ ഒരു സ്നേഹിതന്‍ കുശലന്യോഷങ്ങള്ക്കിനടെ ഈ പതിവ് ചോദ്യം എടുത്തിട്ടു. മറുപടി പറയണമല്ലോ..മറുവാക്ക് മൊഴിയും മുമ്പേ കൂടെ ഉണ്ടായിരുന്ന അമ്മാവന്റെ മകന്‍ കയറി ഇടപെട്ടു. ഒരു കമ്പനിയിലെ “കാര്യസ്ഥന്‍” ആണ്. ദുബൈയില്‍..

ഹി.. തല്കാലം രക്ഷപ്പെട്ടു..ആ പേര് മുമ്പേ ഉപയോഗിക്കപ്പെട്ടതാണ്..ഒരു ജേഷ്ടന് വേണ്ടി മറ്റൊരു ജേഷ്ടന്‍..എങ്കിലും ഒരു സുഖം..

മുബ്..

മുംബെന്നു പറഞ്ഞാല്‍ പത്തുവര്ഷ്ങ്ങള്ക്കുമപ്പുറം,
രണ്ടായിരാമാണ്ടിലേക്ക് ലോകം എത്തി നോക്കുന്ന കാലത്ത് ഞങ്ങള്‍ ഒരു ബിസിനസ്‌ തുടങ്ങി.

ഒരു ചെറിയ സെറ്റ്‌ അപ്പ്‌. ജനുവരി മാസത്തില്‍ ഉമ്മയും ഉപ്പയുമടങ്ങുന്ന അധ്യാപക സമൂഹം അനിശ്ചിതകാല സമരത്തില്‍ എര്പെട്ടു. ഞാനടക്കമുള്ള വിദ്യാര്ഥി സമൂഹത്തിന്റെ കാലങ്ങളായുള്ള കൊണ്ട് പിടിച്ച പ്രാര്ത്ഥകനയുടെ ഫലം. പ്രാര്ത്ഥതനയുടെ റൂട്ട് മാറ്റിപ്പിടിച്ചു. വല്യപ്പയെ(ഉമ്മയുടെ പിതാവ് മമ്മോട്ടി മൊല്ലാക്ക) പേടിച്ചു അഞ്ചു വക്തും പള്ളിയില്‍ പോയിരുന്ന കാലത്തായാതിനാല്‍ ഓരോ വക്തിലും സമരം നീളാന്‍ വേണ്ടി പ്രാര്ഥനകളും നീണ്ടു. അങ്ങനെ ഒരു മാസത്തിലധികം പടച്ചവന്‍ കാത്തു... സമരം നീണ്ടു.

ഈ സമര കാലത്താണ് ബിസിനസ് ജീവിതത്തിന്റെ തുടക്കം. ഒന്നുമല്ല ഒരു ചെറിയ കൊപ്ര കച്ചവടം. ആശയം മുന്നോട്ടു വെച്ചതും കൂടെ കൂട്ടിയതും ജേഷ്ടന്‍ നിഷാദ്‌ ആണ്. കൂറ് കച്ചവടം. മുടക്ക് മുതല്‍ നമ്മുടെ കയ്യില്‍ ഇല്ലല്ലോ. ഒരു തുടക്കം എന്ന നിലയില്‍ വല്യാപ്പയില്‍ (ഉപ്പയുടെ പിതാവ്) നിന്ന് തേങ്ങ വാങ്ങി. തേങ്ങാ ഒന്നിന് മൂന്നു രൂപ അമ്പതു പൈസ. മൂവായിരം തേങ്ങ. മൂന്നു പറമ്പുകളിലായി (അയന്ത, തടപ്പറമ്പ്, നെച്ചിത്തടം) ചിതറിക്കിടന്നിരുന്ന തേങ്ങകള്‍ അതത് സ്ഥലങ്ങളില്‍ പൊറുക്കി കൂട്ടി പൊളിക്കുക എന്നതായി ആദ്യ തീരുമാനം. സുബ്ഹി നമസ്കരിച്ചു പാരക്കൊലുമായി ഞങ്ങള്‍ പുറപ്പെടും. പൊളിക്കും പൊളിച്ചത് ചാക്കിട്ടു മൂടി തിരിച്ചു പോരും. ഒരാഴ്ച കൊണ്ട് രണ്ടു പറമ്പുകളില്‍ തേങ്ങ പൊളി മുഴുമിച്ചു മൂന്നാമത്തെ സ്ഥലത്തേക്കുള്ള തയാറെടുപ്പ് തുടങ്ങി.

വിലക്കെട്ടിയ തേങ്ങകള്‍ കഴിച്ചാല്‍ ഒരു മുന്നൂറിലധികം തേങ്ങ പഴകിയതായി നെച്ചിത്തടത് ഉണ്ടായിരുന്നു. വിലയുടെ കാര്യത്തില്‍ കണിശക്കാരനായിരുന്ന വല്യാപ്പയെ വലിയ വര്ത്തമാനങ്ങള്‍ പറഞ്ഞൊപ്പിച്ചു മുന്നൂറു തേങ്ങയും ഫ്രീ ആയി ഞങ്ങള്‍ രണ്ടു പേരും നേടിയെടുത്തു.

പിറ്റേ ദിവസം സുബ്ഹി നമസ്കരിച്ച് നെചിത്തടം ലക്ഷ്യമാക്കി പോകുമ്പോള്‍ ഉറങ്ങാന്‍ ശ്രമിച്ച മൂത്ത ജെഷ്ടന്‍ നബീലിനെ നിഷാദ്‌ നിര്ബന്ധിച്ചു കൂടെ കൂട്ടി. ബോറടിക്കുന്നതിനു വര്ത്ത മാനം പറഞ്ഞിരിക്കാന്‍ വേണ്ടിയാണ് കൂടെ കൂട്ടിയത്‌. പൊളി തുടങ്ങി, നബീല്‍ വരമ്പത്തിരുന്നു വര്ത്ത്മാനവും തുടങ്ങി. തേങ്ങ പൊളിക്കുന്നതിന് കോച്ചിങ്ങും ഇടയ്ക്കിടെ വരുന്നുണ്ടായിരുന്നു. ഉദ്ദേശം എട്ടു മണിയോടെ വല്ല്യാപ്പ ആ വഴി വന്നു. തേങ്ങ പോളിക്കുന്നതും മറ്റും നോക്കി പോകാം എന്ന് കരുതി വന്നതാണ്. ഞങ്ങളെ വിട്ടു നബീല്‍ വാപ്പയുടെ കൂടെ കൂടി. ഫ്രീ ആയി കിട്ടിയ മുന്നൂറു തേങ്ങ നല്ലതല്ലേ എന്ന ചോദ്യവുമായി വാപ്പ ഓരോന്നും എടുത്തു കുലുക്കുന്ണ്ടായിരുന്നു. തേങ്ങയുടെ പുറം ചിതല് പിടിച്ചതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ല, എങ്കിലും നിങ്ങള്‍ എടുത്തോളൂ എന്ന് പറഞ്ഞു തിരിഞ്ഞ ബാപ്പയെ നബീല്‍ തോണ്ടി ഒരു കമന്റ്‌ പാസ് ആക്കി. “ചിതല് പിടിച്ച തേങ്ങ അവര്‍ പൊളിച്ചു വേറെ വില്കട്ടെ, കിട്ടുന്ന പൈസ പകുതി അവര്ക്ക് രണ്ടാള്ക്കും , പകുതി നിങ്ങള്ക്കും ” ബാപ്പ ആലോചിച്ചു. സമര്ത്ഥ്മായ തീരുമാനം..ഞങ്ങള്‍ കുടുങ്ങി..ബാപ്പ തീരുമാനം മാറ്റി പ്രഖ്യാപിച്ചു..നബീല്‍ പറഞ്ഞ പോലെ പകുതിയും പകുതിയും..

സകലമാന ആവേശവും കെട്ടടങ്ങി..ഞങ്ങള്‍ നിരാശരായി. ആരാ നിന്നോട് ഇവനെ വിളിച്ചുണര്തി്ട കൊണ്ട് വരാന്‍ പറഞ്ഞത്‌ എന്ന ഭാവേന ഞാന്‍ നിഷാദിനെ നോക്കി.. ഒരു “കാര്യസ്ഥന്‍” വന്നിരിക്കുന്നു എന്ന് പറഞ്ഞു നിഷാദ്‌ ചകിരി എടുത്ത് നബീലിനെ എറിഞ്ഞു.

അവിടുന്നിങ്ങോട്ട് കാര്യസ്ഥന്‍ എന്ന് കേട്ടാല്‍ ആദ്യം ഓര്മ്മ വരിക നബീലിന്റെ വരമ്പത്തിരിക്കുന്ന മുഖമാണ്.

Saturday, May 07, 2011

അവളുടെ മറുപടികള്‍

നൌറ അവളുടെ പ്രായം കൊണ്ടും നിഷ്കളങ്കത കൊണ്ടും ഞങ്ങല്ക്കെംല്ലാം പ്രിയപ്പെട്ടവളാണ്. നിഷ്കലന്കമായ മറുപടികള്‍ കൊണ്ട് ഓരോ സമയവും ചിരിപ്പിക്കും..അനവധി നിരവധി തവണ യാണ് അവളുടെ ഫലിതങ്ങള്‍ ചിരിപ്പിച്ചത്..പ്രവാസത്തിന്റെ തുടക്കതിലോരിക്കല്‍ ഞങ്ങള്‍ കുടുംബ സമേതം രാത്രി ഭക്ഷണത്തിന് പുറത്ത്‌ പോയി..തിരിച്ചു വരാന്‍ വൈകി...അന്ന് ആ ആദ്യ ശമ്പളം കിട്ടിയത് കൊണ്ട് പുറത്ത്‌ നിന്ന് കഴിക്കാം എന്ന് നേരത്തെ തീരുമാനിച്ചതാണ്. ഗള്ഫുോകാര്ക്ക് പുറത്തിറങ്ങാന്‍ കഴിയുന്ന സമയം വളരെ അപൂര്വ്വ മായേ ഉണ്ടാകൂ..പുറത്ത്‌ പോകുന്നു എന്ന് കേട്ട പാടെ നൌറ സകലതും മറന്നു...പിറ്റേ ദിവസം സ്കൂളില്‍ എത്തിയപ്പോള്‍ ഹോം വര്ക്ക്യ‌ ചെയ്തിട്ടില്ല..ദേഷ്യത്തോടെ ടീച്ചര്‍ ചോദിച്ചു.. “Noura..Where were you yesterday night?” ഹോം വര്ക്ക്്‌ ചെയ്യാത്തതിന്റെ കാരണം മറുപടി പ്രതീക്ഷിച്ച ടീച്ചര്ക്ക് ‌ തെറ്റി.. “ Yesterday night we were in Hotel…” ടീച്ചറോട്‌ ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞു നിന്നിളിക്കുന്ന നൌറയുടെ മുഖം ഇന്നലെ വീണ്ടും ഓര്ത്തു..ഒരു വീഡിയോ ക്യാമറ വാങ്ങാന്‍ വേണ്ടി പിത്ര്‍ തുല്യനായ കുഞ്ഞഹമ്മദ് മാസ്ടരുടെ കൂടെ ദേര സിറ്റി സെന്ററില്‍ പോയി..ക്യാമറ വാങ്ങി ഇഷ നമസ്കരിക്കാന്‍ പള്ളിയില്‍ കയറി..നമസ്കരിച്ചു കഴിഞ്ഞപ്പോള്‍ ഒന്ന് ബാത്ത്റൂമില്‍ പോകാന്‍ ആശ..വേഗം ഓടിക്കയറി വാതില്‍ അടച്ചു കാര്യ സാധൂകരണത്തിന് വേണ്ടി ഒരുങ്ങുമ്പോള്‍ ആ കാഴ്ച കണ്ടു ഞാന്‍ ലജ്ജിച്ചു പോയി..ബാത്രൂമിന്റെ വാതിലില്‍ ഒരു സുന്ദരി എന്റെ നേരെ നോക്കുന്നു...സംഗതി എന്തോ പരസ്യമാനെന്കിലും അവിടെ കാര്യം സാധിക്കാനുള്ള ആ സിഗ്നല്‍ എങ്ങോട്ട് പോയെന്നു എനിക്കറിയില്ല..ഒരു മടി..ഞാന്‍ പന്റിനുള്ളിലെക്ക് ഊഴ്ന്നിറങ്ങി തിരിച്ചു നടന്നു..മാഷോട് കാര്യം പറഞ്ഞപ്പോള്‍ മാഷ്‌ പറഞ്ഞു..ഈ രൂഫില്‍ പരസ്യം എങ്ങനെ കൊടുക്കാന്‍ കഴിയുമോ എന്ന് അന്യോഷിച്ചു നടക്കുകയായിരിക്കും അവര്‍...തിരിച്ചു നൂര്‍ ഇസ്ലാമിക്‌ മെട്രോ സ്റ്റേഷനില്‍ നിന്ന് വണ്ടി എടുക്കാന്‍ നില്കുചമ്പോള്‍ ആണ് ഗുലാം അബ്ബാസിനെ കണ്ടത്‌..ഗുലാം അബ്ബാസ്‌ പാകിസ്ഥാനി ആണ്..മുംബ് താമസിച്ചിരുന്ന വില്ലയിലെ അയല്കാരന്‍..മൂപര്ക്ക് മക്കളില്ലായിരുന്നു...അത് കൊണ്ട് തന്നെ അദ്ധേഹത്തിന്റെ ഭാര്യക്ക്‌ നൌറയെയും അനിയന്‍ അമ്മാറിനെയും വലിയ ഇഷ്ടമാണ്..അന്നൊരിക്കല്‍ ഓഫീസ് കഴിഞ്ഞു വരുമ്പോള്‍ എല്ലാവരും ചിരിക്കുന്നു..വിഷയം തിരക്കിയപ്പോള്‍ നൌറയാണ് താരം..അമ്മാര്‍ കളിക്കുന്നതിനിടെ മുറ്റത്ത്‌ അപ്പിയിട്ടു..നൌറ ഉറക്കെ ഉമ്മയെ വിളിച്ചു പറഞ്ഞു.. “ഉമ്മ.... അമ്മാര്‍ അപ്പിയിട്ടിട്ടുണ്ട്”.. നൌറയുടെ ശബ്ദം കേട്ട് ഗുലാം അബ്ബാസിന്റെ ഭാര്യ ചോദിച്ചു..
Noura!! What happened????
Noura: Ammar put APPI
Wife: APPI !!!! What is APPI????
Noura: Go to toilet..sit in the closet…and put something..that is called APPI…
ഇത്രയും പ്രായോഗികാമായ ഒരു മറുപടി അവര്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല..ഗുലാം അബ്ബാസിനെ കണ്ടപ്പോഴും എനിക്കോര്മ്മ വന്നത് നൌറയെയാണ്..

Wednesday, March 30, 2011

അവളോട്‌ വയസ്സ് ചോദിച്ചില്ലായിരൂന്നു


മൂന്നു മാസത്തെ വൈവാഹിക ജീവിതത്തോട് ഒരു അര്‍ദ്ധ വിരാമമിട്ടുകൊണ്ട് മര്ര്ച് ഇരുപതിയന്ജിനു ഞാന്‍ ദുബായിലേക്ക് പറക്കാന്‍ ടിക്കെറ്റ്‌ എടുത്തു..യാത്ര ദിവസം വെള്ളിയാഴ്ച ആയത് കൊണ്ട് ഉച്ച തിരിഞ്ഞുള്ള കിംഗ്‌ ഫിശേര്‍ ഐര്‍ലിന്സില്‍ ആയിരുന്നു യാത്ര. വിമാനം പുറപ്പെടുന്നതിനു നാല്പതു മിനുറ്റ് മുംബ് സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കി നേരെ വിമാനത്തിലേക്ക്‌. അവസാന മിനുറ്റ് യാത്ര ആയതിനാല്‍ ഉച്ച ഭക്ഷണം ദഹിച്ചു പോയിരുന്നു. സമയത്ത് പറന്ന വിമാനം ഒരു മണിക്കൂറിനു ശേഷം ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍..


അടുത്ത വിമാനത്തിന് ഇനിയും രണ്ടര മണിക്കൂര്‍.. മൂന്ന് കാര്യങ്ങള്‍ മാത്രമേ ബാകി ഉള്ളു...എന്തെങ്കിലും കഴിക്കണം, അസര്‍ നമസ്കരിക്കണം, പിന്നെ എമിഗ്രേശന്‍..ഒരു ചായയും സാണ്ട്വിച്ചും കഴിച്ചു നമസ്കരിക്കാന്‍ സ്ഥലം നോക്കി നടന്നു..എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫീസിര്മാരില്‍ ഒരാള്‍ മുകളില്‍ എമിഗ്രഷനോടടുത് ഒഴിഞ്ഞ സ്ഥലത്തു നമസ്കരിക്കാന്‍ പറഞ്ഞു..സിക്കുകാരനായ അയാള്‍ നമസ്കാരം തീരുവോളം ബാഗിന് കാവല്‍ നിന്നു..അയാളോട് യാത്ര പറഞ്ഞു എമിഗ്രഷനിലീക്..


പാസ്പോര്‍ട്ട്‌ സസൂക്ഷ്മം നോക്കി ചോദ്യങ്ങള്‍ ഉരുവിട്ട് കൊണ്ടിരുന്നു..പത്തു മിനുറ്റ് ദീര്ഗ വിചാരണക്ക് ശേഷം എമിഗ്രശന്‍ ചീഫിനെ കാണണം എന്ന് പറഞ്ഞു..നീണ്ട വരി..ചീഫും പാസ്പോര്‍ട്ടും വിസയും നോക്കി ചോദ്യത്തിലേക്ക് കടന്നു..മൂന്നു വര്‍ഷത്തില്‍ ഏഴിലധികം തവണ നാട്ടില്‍???!!!! എന്താണ് ജോലി...??? അങ്ങനെ കുറെ ചോദ്യം..ഉള്ളില്‍ ഒരു മുറി കാണിച്ചു തന്നു അവിടെ ഇരിക്കാന്‍ പറഞ്ഞു..വിമാനം പുറപ്പെടാന്‍ ഇനി കഷ്ട്ടി അര മണിക്കൂര്‍...അഞ്ചു മിനിറ്റിനു ശേഷം ഒരു ഓഫീസര്‍ വന്നു..ഇത്തവണ ചോദ്യങ്ങള്‍ മലയാളത്തില്‍..നാട്ടില്‍ എവിടെ?? വിദ്യാഭ്യാസ യോഗ്യത??എന്ത് ജോലി?? വിവാഹം??തീര്‍ത്തും വ്യക്തി പരം.. വിമാനം പുറപ്പെടാന്‍ ഇരുപതു മിനിറ്റേ ഉള്ളു.. നിങ്ങള്‍ ആദ്യം പോയ ഓഫീസറെ പോയി കണ്ടു സീല്‍ അടിച്ചു വേഗം പൊയ്ക്കോളൂ എന്ന് പറഞ്ഞു..


അയാളോട് ഞാന്‍ ചോദിച്ചു എന്തിനാണിത്ര പരിശോധന..അയാള്‍ പറഞ്ഞു രാണ്ടോം ചെക്കിംഗ് ആണ്..പിന്നെ നിങ്ങളുടെ താടിയും..നിങ്ങള്‍ ഹൈലി രിലേജിഔസ് ആണ്..അതാണ്‌ താടി വളര്‍ത്തിയത്‌?? മതം തലയില്‍ കയറിയ വിവരമില്ലാത്തവര്‍ ആണ് രാജ്യത്തിന് ഭീഷണിയാവുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്..എന്നാല്‍ നിങ്ങളെ പ്പോലെ ഉയര്‍ന്നു ചിന്ടിക്കുന നല്ല മത വിശ്വാസികളും ഉണ്ട..മത മൂല്യങ്ങള്‍ സൂക്ഷിക്കുന്ന മിത വാദിയായ ഒരു മുസ്ലിമിന്റെ താടി സെകുലരിസ്റ്റ്‌ മനോഭാവത്തോടെ ചെറുതായിരിക്കും..അയാള്‍ക്ക് ഒരിക്കലും നിങ്ങളെ പ്പോലെ ഉള്ളവരെ നോക്കുന്ന പരിശോധനക്ക്‌ വിധേയരാവേണ്ടി വരില്ല..


ഞാന്‍ ചിരിച്ചു..താടി വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിനു മറ്റൊന്നുമായി താരതമ്യം വേണ്ടെന്നും ഞാന്‍ പറഞ്ഞു..ഒടുവില്‍ അയാള്‍ ചോദിച്ചു എന്ത് ശമ്പളം കിട്ടും??? ഞാന്‍ അയാളുടെ മുഖത്ത് നോക്കി ചിരിച്ചു പറഞ്ഞു..പെണ്ണ് കാണാന്‍ പോയപ്പോള്‍ ഞാന്‍ അവളോട്‌ വയസ്സ് ചോദിച്ചില്ലായിരൂന്നു ....!!!ചിരിച്ചു കൊണ്ട് കൈ പിടിച്ചു കുലുക്കി അയാള്‍ പറഞ്ഞു...ഹാപ്പി ജേര്‍ണി !!!

Tuesday, January 18, 2011

സ്നേഹ പൂര്‍വ്വം മോങ്ങം മഹല്ല് ഖാദിക്ക്

പ്രിയപ്പെട്ട മഹല്ല് ഖാദിക്ക്,

അസ്സലാമു അലൈകും വറഹ്മതുല്ലാഹി വബറകാത്


സുഖമെന്ന് കരുതുന്നു. കഴിഞ്ഞ വെള്ളിയാഴ്ച താങ്കള്‍ നടത്തിയതായി അറിഞ്ഞ ഒരു ഉത്േബാധനതിന്റെ തുടര്ച്ചയെന്നോണമാണ് ഈ കുറിപ്പ്. പ്രദേശത്തെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നടത്തിയ സമ്മേളനത്തിലെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെ കുറിച്ച് താങ്കള്കുണ്ടായ ആകുലത ഞാന്‍ മനസ്സിലാക്കുന്നു. മഹല്ലിലെ മുസ്ലിം കുടുംബങ്ങള്‍ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരാവരുത് എന്നതിലെക്കുള്ള താങ്കളുടെ ഈ വിരല്‍ ചൂണ്ടല്‍ തീര്‍ത്തും പ്രശംസനീയമാണ്. അള്ളാഹു താങ്കള്‍ക്കു തക്കതായ പ്രതിഫലം നല്‍കട്ടെ..സമുദായത്തിലെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെയും,ശരി തെറ്റുകളെയും അപഗ്രഥനം ചെയ്തു ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ താന്കള്‍ കാണിക്കുന്ന ഈ സമീപനം എല്ലാ കാലത്തും നടത്താന്‍ അള്ളാഹു താങ്കള്‍ക്കു കഴിവും ധൈര്യവും ദീ൪ഘായുസ്സും നല്‍കട്ടെ.


ഈ മഹല്ലിലെ ഒരംഗമെന്ന നിലക്ക് നമ്മുടെ നാടിനെ കാര്‍ന്നു തിന്നുന്ന കാര്യങ്ങളിെലാന്നു കൂടി താങ്കളുടെയും സമാന ചിന്താഗതിക്കരുടെയും അറിവിലേക്കായി കുറിക്കാനാഗ്രഹിക്കുന്നു. ഇത് ഒരു പുതിയ വിവരമല്ല എന്നെനിക്കറിയാം. എന്നാല്‍ മഹല്ല് ഖാളിക്ക് ഈ വിഷയത്തില്‍ മറ്റാരെക്കാളും ഒരുപാട് ചെയ്യാന്‍ കഴിയും എന്നതിനാല്‍ ആണ് ഞാന്‍ താങ്കള്‍ക്കു എഴുതുന്നത്. നമ്മുടെ നാട്ടിലെ വിവാഹ പ്രായമായ പല പെണ്‍കുട്ടികളുടെയും ദാമ്പത്യ ജീവിതത്തിനു തടസ്സമായി നില്‍കുന്ന സ്ത്രീധനമെന്ന സാമൂഹ്യ തിന്മക്കെതിരെ ഒരു ഉത്േബാധനതിലപ്പുറം പ്രാവര്‍ത്തിക തലത്തില്‍ ഒരു കൂട്ടായ തീരുമാനം എടുക്കാന്‍ മഹല്ലിലെ മുസ്ലിം കാരവന്മാരെയും ചെറുപ്പക്കാരെയും പ്രേരിപ്പിക്കുക എന്ന ഒരു വലിയ ഉത്തരവാദിത്വം നിര്‍വഹിക്കെണ്ടാതായുണ്ട്, വൈവാഹിക രംഗത് മുസ്ലിം പെണ്‍കുട്ടി പലപ്പോഴും ഒരു കച്ചവട ചരക്കായി മാറിയിരിക്കുകയാണ്. കൊടുക്കല്‍ വാങ്ങലുകളുടെ കാലത്ത് എന്റെ സഹോദരി ചന്തയിലെ ഒരു അറവുമാടിനെപ്പോലെ വില പേശപ്പെടുന്നത് കാണുമ്പോള്‍ ഒരു പോള കണ്ണടക്കാന്‍ താങ്കള്‍ക്കു കഴിയുന്നുവെങ്കില്‍ അത് മറ്റു പലരെയും പോലെ എന്നെയും ആശ്ച്ചര്യപ്പെടുത്തുന്നു. ധാര്‍മ്മികതയുടെയും സദാചാര ബോധത്തിന്റെയും വൈയക്തിക തലങ്ങളില്‍ നിന്ന് മാറി, കച്ചവട മോഹതിന്റെയും ലാഭ കൊതിയുടെയും കണ്ണുമായി മഹല്ലിലെ വീടുകള്‍ക്ക് മുകളില്‍ കൂടി കഴുകന്മാര്‍ വട്ടമിട്ടു പക്കുകയും, ഈ ദുരവസ്ഥക്ക് മുന്നില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ടവരായി പല കുടുംബ നാഥന്മാരും നിസ്സഹായതയോടെ നമുക്ക് മുന്നില്‍ കൈ നീട്ടുകയും ചെയ്യുമ്പോള്‍ നമ്മള് കൊടുക്കുന്ന ഒറ്റ നായങ്ങള്‍ക്കും കടലാസു കഷ്ണങ്ങള്‍ക്കും അവരുടെ നെന്ചകത്തു പുകയുന്ന കലിനെ ശമിപ്പിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മറ്റാരെക്കാളുമുപരി താങ്കള്‍ക്കും അറിയില്ലേ..? ഇത്തരം നികാഹുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുകയും അതിന്റെ പങ്കു പറ്റി കൈ മടക്കു സീകരിക്കുകയും ചെയ്യുന്ന അധാര്‍മ്മിക പാരമ്പര്യത്തെ കാലത്തിന്റെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞു കഷ്ടപ്പടുന്നവന്റെയും നിരാലംബന്റെയും കണ്ണീരിനൊരു പരിഹാരമെന്നോണം ഈ തിന്മയെ നമ്മുടെ നാട്ടില്‍ നിന്നു നിഷ്കാസനം ചെയ്യാന്‍ ഒരുങ്ങി പുറപ്പെടുന്ന ഒരു കൂട്ടായ്മയുടെ അമരത്ത് താങ്കളുണ്ടാകണമെന്നു എനിക്കതിയായ ആഗ്രഹമുണ്ട്. അല്ലാതെ ഇതിനു വളം വെക്കുകയും സ്വന്തം പെണ്മക്കളെ കുടുംബ ജീവിതത്തിലെ വിശാലമായ ലോകത്തേക്ക് കൈ പിടിച്ചു നടത്താന് ഇത്തരം അധാര്‍മ്മിക പ്രവര്ത്തനങ്ങളെ കൂടുപിടിക്കുകയും അതിനു വേണ്ടി സമുദായ അംഗങ്ങളിേലക്ക് കൈ നീട്ടുകയും അങ്ങിനെ കിട്ടുന്ന കിഴികല്കൊണ്ട് അവരെ പുരുഷത്വം തീണ്ടിയില്ലതവന്റെ കൈയ്യില്‍ പിടിചെല്പ്പികുകയും ചെയ്യുന്ന, ചെയ്യാന്‍ വിധിക്കപ്പെട്ട മഹല്ല് ഖാദിമാരില്‍ നിന്ന് താങ്കള്‍ വ്യത്യസ്തനാവനം..

നിങ്ങള്കറിയുമോ എന്നെനിക്കറിയില്ല. നാല് പെണ്മക്കളും ഒരു ആണ്‍കുട്ടിയും ഉള്ള ഒരു കുടുംബം..തന്റെ സഹോദരിമാരെ കെട്ടിച്ചയക്കാന്‍ വേണ്ടി പ്രവാസിയുടെ കുപ്പായമണിഞ്ഞ ഏക ആണ്‍ തരി..തന്റെ വിവാഹ പ്രായം കടന്നു പോയിട്ടും സഹോദരിമാരെ കെട്ടിച്ചയക്കാന്‍ മുണ്ട് മുറുക്കിയുടുത്ത് ജോലി ചെയ്തവന്‍..ഒടുവില്‍ തന്റെ നാല് സഹോദരിമാരെയും ഈ അധാര്‍മ്മികതയില് തന്നെ അവന്‍ കെട്ടിച്ചയച്ചു...പിന്നെ അവന്റെ ഊഴം വന്നു,..അവനും പെണ്ണന്യോഷിച്ചു..നാല് പെണ്മക്കളെ കെട്ടിച്ചയക്കാന്‍ അവന്‍ പേറിയ ദുരിതം മനസിലാക്കി ഒരു പെണ്കുട്ടിയുടെ പിതാവിനെന്കിലും തന്റെ മകള്‍ ആണൊരുതന്റെ കൂടെയാണ് കിടന്നുറങ്ങുന്നത് എന്നോര്‍ത്ത് സമാധാനിക്കാന്‍ മകനെ കൊണ്ട് സ്ത്രീധനം വാങ്ങിക്കരുതെന്നു അവന്റെ മാതാപിതാക്കളോട് ഞാന്‍ ഒരുപാട് പറഞ്ഞു..തങ്ങളുടെ നാല് പെണ്മക്കളെ കെട്ടിച്ചയക്കാന്‍ ഏക മകന്‍ മരുഭൂമിയില്‍ ഒഴുക്കിയ വിയര്‍പ്പിന്റെ വില സാധൂകരിക്കണമെങ്കില്‍ അവന്‍ കൂടി സ്ത്രീധനം വാങ്ങല്‍ നിര്‍ബന്ധമാണ് എന്ന് വിശ്വസിക്കുന്ന അവരുടെ മുമ്പില്‍ എന്റെ വാക്കിന് പുല്ലു വിലയായിരുന്നു. അവനും കുടുംബ ജീവിതത്തിലേക്ക്‌ കാല്‍ എടുത്തു വെച്ചത് ഈ അധാര്‍മ്മികതയുടെ മവില്‍ തന്നെയാണ്..തിരിച്ചറിവ് പോലും ഇല്ലാതെ പോകുന്നു നമ്മുടെ പല ഉറ്റവര്‍ക്കും..ഈ അവസ്ഥ തീര്‍ത്തും വേദനാ ജനകമാണ്...


മഹല്ലിലെ ഒരു കാരണവര്‍ മകളുടെ കല്യാണം പറഞ്ഞു..ഒന്നര ലക്ഷവും ഇരുപത്തി അഞ്ചു പവനും...മകളെ മാന്യമായി കെട്ടിച്ചയക്കാന്‍ ആര് ലക്ഷം രൂപ...വാര്‍ഷിക വരുമാനം ഇരുപതിനായിരത്തില്‍ കുറവുള്ള ഈ പിതാവിന് മകളെ കെട്ടിക്കാന്‍ മുണ്ടുമുടുത് നാട്ടുകാരുടെ മുന്നില്‍ കൈ നീട്ടുകയല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയും..??


ഒരു വാര്‍ഷിക കണക്കെടുത്താല്‍ ഈ മഹല്ലില്‍ നിന്ന് സ്ത്രീധനം എന്ന അധാര്‍മ്മികതക്ക് വേണ്ടി ഒരു കൊല്ലം ചിലവഴിക്കുന്നത് ശരാശരി പതിനഞ്ചു കോടിയിലധികമായിരിക്കും..!!!


എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഈ അധാര്‍മ്മികതയുടെ കൈപ്പ് നീര്‍ താങ്കളും അനുഭവിചിട്ടില്ലേ..?? മതപരവും രാഷ്ട്രീയപരവുമായ കക്ഷിത്വങ്ങള്കപ്പുറം മഹല്ലിന്റെ സാമൂഹിക നന്മയില്‍ മാത്രം ഉദ്ദേശിച്ചു കൂട്ടായ ഒരു തീരുമാനമെടുക്കാന്‍ മറ്റാരെക്കാളുമുപരി നമ്മള്‍ കൈ കൊര്‍ക്കെണ്ടതുണ്ട്..അതിനു വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയോടെ തല്‍കാലം നിര്ത്തുന്നു...


സസ്നേഹം...

നിയാസ്‌ വെണ്ണക്കോടന്‍