Sunday, August 29, 2010

ഇന്നലെ

ഇന്ന് ഓഫീസില്‍ നിന്ന് പടിയിറങ്ങി.. രണ്ടു വര്ഷം നീണ്ടു നിന്ന എന്റെ ജോലിയുടെ അവസാനത്തെ ദിവസം... ഒരുപാട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഞാന്‍ പടിയിറങ്ങുന്നത് സ്വരം നന്നായികൊണ്ട് തന്നെയാണ്... ആരുടെയൊക്കെയോ നിര്‍ബന്ധങ്ങള്‍ക്ക് മുന്നില്‍ ഒരു യാത്രയപ്പ് ചടങ്ങ് നടന്നു...ഞാന്‍ തിരിഞ്ഞുനോക്കി... രണ്ടു വര്‍ഷങ്ങള്‍ക് മുന്‍പ്‌..

അതെ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ ഒരധ്യാപകനായിരുന്നു....അതിനു മുമ്പ്‌..?? ഒരു സോഫ്റ്റ്‌വേര്‍ പ്രോഗ്രാമ്മര്‍ ആയിരുന്നു..അതിനു മുമ്പ്‌ പി. ജി. വിദ്യാര്‍ഥി...ഇന്നലെകള്‍ ഓര്‍മ്മയില്‍ നിന്ന് ചുരുളഴിഞ്ഞു നിവര്‍ന്നു... ഓര്‍മ്മകള്‍ ബാല്യം വരെ ചെന്നെത്തി...എന്തൊരു സുഖമുള്ള കാലം...

ഓഫീസിലെ സിസ്റ്റം ക്ലീന്‍ ചെയ്യുന്നതിനിടക്ക് ഞാന്‍ ഒരു പഴയ ഫോട്ടോ കണ്ടു... ഫോട്ടോ എടുക്കാന്‍ പോയരംഗം ഇന്നും ഓര്‍മ്മയുണ്ട...പത്താം ക്ലാസ്സ്‌ സെര്ടിഫികട്റ്റില്‍ പതിക്കാന്‍ ഒരു ഫോട്ടോ..കുളിച്ചതും, ഷര്‍ട്ട്‌ തേച്ചുമിനുക്കി ചുളിയാതെ അങ്ങാടിയിലേക്ക്‌ നടന്നതും, സ്റ്റുഡിയോവിലെ കണ്ണാടിയോട് കിന്നാരം പറഞ്ഞു മുടി ചീകിയതും , ശ്വാസം പിടിച്ചു ഫോട്ടോക്ക് പോസ് ചെയ്തതും.. എല്ലാം... കാലവും ഓര്‍മ്മയും മധുരിക്കുന്നു..ഉമ്മ മുപ്പത്‌ രൂപ തരുമ്പോള്‍, അത് കൊടുത്ത് ഫോട്ടോ വാങ്ങി അഭിമാന പൂരിതനായി വീട്ടിലേക്ക്‌മടങ്ങുമ്പോള്‍ ... എല്ലാം ഒരു തരം സന്തോഷമായിരുന്നു...ഇന്നിപ്പോള്‍....ദിവസങ്ങള്‍ക് മുമ്പ്‌ ഉമ്മയെവിളിച്ചപ്പോഴും ഉമ്മ ചോദിച്ചിരുന്നു...പുതിയ പണി വല്ലതും...??? ഒരു കാലത്ത്‌ ഉമ്മ ആയിരുന്നു എല്ലാം.. എണ്ണിതികച്ചു ഉമ്മ ശമ്പളം കൊണ്ട് കാര്യങ്ങള്‍ നടത്തിയിരുന്നു...ഇന്നും അങ്ങനെ തന്നെ... ഉമ്മയുടെ മക്കളൊക്കെ നല്ല നിലയില്‍ സമ്പാദിക്കുന്നവരായിട്ടും ഉമ്മയുടെ കാര്യങ്ങള്‍ക്ക്‌ ഒന്നും ഞങ്ങള്‍ നല്‍കേണ്ടതില്ല...

കാലത്തിനു ഒരു രസമുണ്ടായിരുന്നു..ജീവിതത്തിന്റെ ഒരു പ്രാരബ്ദവും പേറേണ്ടി വരാത്ത നിഷ്കലന്കമായഒരു കാലം...ആഗ്രഹിച്ചാലും തിരിച്ചു നടക്കാന്‍ കഴിയില്ലല്ലോ...!! ആരെയും പോലെ ഉമ്മ തന്നെയാണ് എനിക്കുംപ്രിയപ്പെട്ടവള്‍...

ഞാന്‍ മൂന്നു സുഹൃത്തുക്കളെ ഓര്‍ത്തു പോയി... മൂന്ന് പേരും എനിക്ക് പ്രായം കൊണ്ട് ജെഷ്ടന്മാര്‍ആണ്...ഞങ്ങള്‍ വളരെ അടുത്ത സുഹ്ര്തുക്കളും സര്‍വ്വോപരി പ്രവാസികളും.. ഒന്നാമത്തെ ആളുടെ ഉമ്മ വീട്ടില്‍ തനിച്ചാണ്..കുട്ടികള്‍ വിദ്യാഭ്യാസവുമായി ഭാര്യ വീട്ടില്‍..പ്രത്യേക സാഹചര്യതാല്‍ പ്രവാസം അയാളോടൊപ്പം തന്നെയാണ്..ഉമ്മാക്ക് അയാളെ അത്ര കണ്ടു ഇഷ്ടവുമാണ്...ഉമ്മ അയാളോടൊപ്പം ഗള്‍ഫില്‍ വരില്ല...ഒരു പഴയ നാടന്‍ ഉമ്മ...തരം കിട്ടുമ്പോള്‍ അയാള്‍ ഉമ്മയെ കാണാന്‍ പോകും..താമസിക്കും..തിരിച്ചു വരും..എങ്കിലും ഉമ്മയുടെ കൂടെ ജീവിക്കുകയും പ്രവാസം ഒഴിവാക്കുകയും ചെയ്യണമെന്ന ആഗ്രഹം പൂവണിയാത്ത ഒരു വിഷമം അയാള്‍ ഇടയ്ക്കിടെ എന്നോട് പറയും..ഒരു കേള്‍വിക്കാരന്‍ എന്നതിലുപരി ഞാന്‍ എന്ത് ചെയ്യാന്‍...??!!

ഒരു വൈകുന്നേരം രണ്ടാമത്തെ സ്നേഹിതനും ഞാനും ഒരുമിച്ചു കൂടി...ചായ കുടിച്ചുകൊണ്ടിരിക്കുന്നു...ഒന്നാമത്തെ സുഹ്ര്തിന്റെ മാനസിക വിഷമം ഞങ്ങള്‍ ചര്‍ച്ച ചെയ്തു...അദ്ദ്യെഹത്തെ പിരിയാന്‍ ഞങ്ങള്‍ക് താല്പര്യം ഇല്ല..ഗള്‍ഫില്‍ വേണം..ഞങ്ങളുടെ കൂടെ...അത് പരിഹരിക്കാനുള്ള ചര്‍ച്ച ആയിരുന്നു...ചര്‍ച്ചക്കിടെ ഞാന്‍ പറഞ്ഞു.."മൂപ്പരുടെ ഉമ്മ ഒരു നാടന്‍ ഉമ്മയാണ്..തനി നാടിന്പുറത്തുകാരി... അവരുടെ ഭര്‍ത്താവിനെ സ്നേഹിച്ചു സേവിച്ചു കഴിഞ്ഞു കൂടി.. ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ ജീവിതത്തിനു വന്ന ഒരു വലിയ വിടവുണ്ട്...അത് നികത്താന്‍ മകനേ കഴിയൂ..എന്നാല്‍ ഉമ്മ ഗള്‍ഫില്‍ വരില്ല.." എന്റെ രണ്ടാമത്തെ സുഹ്ര്ത്ത് പറഞ്ഞു.."കഷ്ടം, ഉമ്മമാര്‍ എന്താ ഇങ്ങനെ? മക്കള്‍ക്കും വിഷമം ഉണ്ടാവില്ലേ..?? ഇങ്ങനെ വാശി പിടിക്കണോ..?? എന്റെ ഉമ്മയും ഇങ്ങനെ ആണ്..ഇക്കയുടെ ഭാര്യയെ കണ്ടു കൂടാ..അങ്ങനെ ഒരുപാട് പറഞ്ഞു.." ആദ്യ സുഹ്ര്തിന്റെ ഉമ്മയുടെ നിലപാടും സുഹ്ര്തിന്റെ മാനസിക സംഘര്ഷവും അയാള്‍ പങ്കുവെച്ചു...ഞാന്‍ എന്റെ ഉമ്മയെ ആലോചിച്ചു...നമ്മളെന്ന ഭാവത്തിലെക്ക് നടന്നു കയറിയപ്പോ കൈപിടിച്ചതു നമ്മുടെ ഉമ്മയല്ലേ...?? ആണ്.....അന്ന് ഉമ്മ കൈവിട്ടിരുന്നെന്കില്‍?? ജന്മം നല്‍കി രണ്ടാം മാസം എവിടെയോ ഉപേക്ഷിച്ചു പോയ ഉമ്മയുടെ പേര് എഴുതാത്ത പാസ്പോര്‍ട്ടുമായി നടക്കുന്ന ഒരു സ്നേഹിതന്‍ എനിക്കുണ്ട്..ഉമ്മ എന്നത് അവനെന്താനെന്നറിയില്ല..ഒര്ഫനെജിന്റെ നാല് ചുവരുകള്‍ എല്ലാം ആയിരുന്ന കാലം അവന്‍ എന്നോട് പലവുരു പറഞ്ഞിരുന്നു.. എന്റെ രണ്ടാമത്തെ സുഹ്ര്തിനെ ഞാന്‍ പാടെ വിമരിശ്ച്ചു...പക്ഷെ അയാള്‍ അയാളുടെ വാദത്തില്‍ നിന്ന് പിന്മാറിയില്ല... വിഷയത്തില്‍ എന്റെ സുഹൃത്തിനെ ഞാന്‍ വെറുത്തു...

എന്റെ മൂന്നാമത്തെ സുഹ്ര്ത്ത്... ഉമ്മയാനവനെല്ലാം...നല്ലവന്‍... ഉമ്മ ചോദിച്ചദെല്ലാം അവന്‍ ചെയ്തുകൊടുത്തു...അത് അറിയുമ്പോള്‍, കാണുമ്പോള്‍ ഞാന്‍ അത്ഭുതത്തോടെ നോക്കി നില്കും..അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ കാഠിന്യം അത്രമാത്രമാണ്...ഇടക്കിടക്ക്‌ അവന്‍ പറയും ഉമ്മാക്ക് അത് വാങ്ങണം..ഇത്വേണം..ഉമ്മാക്ക് ഒരു പ്രസംഗത്തിന്റെ സിഡി..ഉമ്മാക്ക് പര്‍ദ്ദ..ഉമ്മയുടെ കൂടെ ഉംറ..

മൂന്നു പേരും മൂന്നു തരക്കാര്‍...ഞാന്‍ ആലോചിച്ചു...മക്കളുടെ വിഷയത്തില്‍ മൂന്നു പേരും ചെയ്തത് ഒരേകാര്യം...പെററു പോറ്റി ഞാനെന്ന ഭാവതിലെത്തുവോളം കൊണ്ടെത്തിച്ചു...പക്ഷെ വളര്‍ന്നപ്പോള്‍ മൂന്നു പേരും മൂന്നു വീക്ഷണക്കാരായി...എന്റെ ഉമ്മ ഭാഗ്യവ്തിയാണിത് വരെ...മക്കളുടെ വിഷയത്തില്‍....ബാല്യത്തിന്റെ ചാപല്യതകളില്‍ ഞാന്‍ ഉമ്മയോട് കുറെ തര്‍ക്കുത്തരം പറഞ്ഞിട്ടുണ്ട്..പക്ഷെ പിന്നിട് ഉമ്മ പറഞ്ഞ ഒന്നിനും ഞാന്‍ എതിര് പറഞ്ഞിട്ടില്ല...എന്റെ അറിവില്‍ എന്റെ ഉമ്മക്ക് എന്നോട് അങ്ങനെ ഒരു നിലപാടും ഇല്ല..ഉമ്മയുടെ ആവശ്യങ്ങള്‍ എന്റെ ബുദ്ധിക്ക് നിരക്കാതതാനെന്കിലും ഞാന്‍ ചെയ്തു കൊടുക്കാറുണ്ട്...

ഇന്നലെകള്‍ അങ്ങനെയാണ്...ഓര്‍ത്തെടുക്കാന്‍ ഒരുപാടുണ്ട്..എഴുതിയാല്‍ തീരാത്തവ...ജീവിതത്തിലെ ഏറ്റവുംമതിവരാത്ത ഒരു അനുഭൂതിയാണ് ഉമ്മാന്റെ മടിത്തട്ട്...അവിടെ വെചാണല്ലോ നമ്മള്‍ ജീവിതം പിച്ചവെച്ചു തുടങ്ങിയതു... എന്റെ രണ്ടാമത്തെ സുഹ്ര്തിനോട് ഉമ്മയുടെ വിഷയത്തില്‍ സ്നേഹപൂര്‍വ്വമായ തര്‍ക്കതിലെര്‍പ്പെട്ടപോഴും ഞാന്‍ ചിന്തിചു...ഉമ്മ ആരാണെന്ന് എങ്ങനെ പറഞ്ഞു കൊടുക്കുമെന്ന്...ഇനി എനിക്കറിയില്ല...

സഹോദരാ..ഉമ്മയെ കുറിച്ച് നീ പറഞ്ഞതും, പറയാന്‍ ബാകി വെച്ചതും, നിന്റെ ഉമ്മയോടുള്ള നിന്റെ എല്ലാസ്നേഹതിന്നും മുമ്പില്‍ ഞാന്‍ അക്ഷരങ്ങള്‍ കുത്തിക്കുറിക്കുന്നു... ഒരിക്കല്‍ എന്റെ ഉമ്മ പറഞ്ഞത്‌ ഞാന്‍ഓര്‍ക്കുന്നു.."ഒരു കാലത്ത്‌ നിന്റെ മക്കള്‍ നിന്നോടിങ്ങനെ പറയുമ്പോള്‍ നിനക്ക് മനസ്സിലാവും ഉമ്മയുടെ വലിപ്പം" .... എത്ര ശരി..????!!!!

Wednesday, August 04, 2010

ദിവ്യ വെളിപാടിന്റെ തിരുഭവനങ്ങളും നിര്ഭയത്വമുള്ള നാടും - കേട്ടതും കണ്ടതും

അതൊരു സ്വപ്നമായിരുന്നു...മക്ക കാണണം കഅബ ത്വവാഫ്‌ ചെയ്യണം..മദീനയില്‍ പോകണം..രൗദ ശരീഫ്‌ കാണണം.ഏതോരു മുസല്മാനെയും പോലെ എന്റെയും ആഗ്രഹം...ഈ സ്വപ്നം കണ്ടു തുടങ്ങിയിട്ട് നാളേറെയായി..

മദ്രസയില്‍ പഠിക്കുന്ന കാലം..ഇബ്രാഹിം നബിയുടെയും ഇസ്മായീല്‍ നബിയുടെയും ചരിത്രം വായിച്ചു പഠിച്ചു വളര്‍ന്ന കാലം..ഒരു സാഹിത്യ സമാജം നടക്കുന്നു...അന്ന് എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന മെഹനാസ് എന്ന കുട്ടി പാടിയ വരികള്‍ ഞാന്‍ കാണാതെ പഠിച്ചു..."ആകാശത്തിലെ പറക്കും കിളീ...പോകാം നമുക്കൊരു യാത്ര കിളീ...അകലങ്ങള്‍ക്കപ്പുറം കഅബ കണ്ടാല്‍..അകദാരിലാശകള്‍ തീരും കിളീ.." അന്ന് കുറെ സ്വപ്നം കണ്ടിരുന്നു...ഒടുവില്‍ ഉമ്മ ഗള്‍ഫില്‍ പോകുന്നു എന്ന വിവരവും കിട്ടി...എന്തിനു..??? ഉംറക്കും ഹജ്ജിനും...കഅബയുടെ ചിത്രം കണ്ടത് പോലെ ഞാന്‍ മനസ്സില്‍ കോറിയിട്ടു...ഹജ്ജും ഉംറയും കഴിഞ്ഞു വരുന്നവര്‍ കൊണ്ട് വരുന്ന സംസം... അളന്നു മുറിച്ചു തരുന്ന വല്യുമ്മ...അത് എന്തുദ്ദേശിചു കുടിച്ചുവോ ആ കാര്യം നടപ്പാകും എന്ന് ചെവിയില്‍ മന്ത്രിച്ചു തന്ന ബാപ്പ...എല്ലാം ഒരു കാലത്തിന്റെ ഓര്‍മ്മയാണ്...

അളിയന്ക (എന്‍.പി. അബ്ദുല്‍ ഖാദര്‍ മൌലവി) ജീവിച്ചിരുന്ന സമയത്ത് ഒരിക്കല്‍ ഒരു ആവശ്യത്തിന് പുറത്ത്‌ പറഞ്ഞയച് ആ സാധനവുമായി തിരിച്ചു വന്നപ്പോള്‍ എന്നോട് പറഞ്ഞു..വലുതായിട് നമുക്ക്‌ ഗള്‍ഫില്‍ പഠിക്കാന്‍ പോകണം..പാസ്പോര്‍ട്ട്‌ എടുക്കണം..അന്നും ഞാന്‍ സ്വപ്നം കണ്ടത്‌ മക്കയാണ്...വര്‍ഷങ്ങള്‍ പിന്നിട്ട് അമ്മാവന്‍ അബ്ദുസ്സലാം മോങ്ങതിന്റെ കൂടെ ഹജ്ജ്‌ ക്ലാസ്സുകള്‍ക്ക് എസ്കോര്‍ട്ട് അടിച്ചു പോയ കാലത്ത്‌ പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത ഒരാഗ്രഹമായി മാറി മക്ക സന്ദര്‍ശനം..


വിദ്യാഭ്യാസ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഫറൂക്ക് കോളെജ് പഠന കാലത്ത്‌ അബുസ്സബാഹ് ലൈബ്രറിയില്‍ ഇരുന്ന് ഹൈകലിന്റെ മുഹമ്മദും, മൈക്കല്‍ വൂള്‍ഫിന്റെ ഹാജിയും, സല്‍മാനുല്‍ ഫാരിസിയുടെ ജീവ ചരിത്രവും വായിച്ചു കഴിഞ്ഞപ്പോഴേക്കും ഞാന്‍ മക്കയെ നേരിട്ട് കണ്ട പ്രതീതിയിലായിരുന്നു...ഹാജി വായിച്ചു കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ഞാന്‍ തീരുമാനിച്ചിരുന്നു...ഇരുപത്തിയഞ്ചു വയസ്സിനു മുമ്പ് മക്കയില്‍ പോയി ഒരു ഉംറ ചെയ്യണം...ആഗ്രഹത്തിലേക്കുള്ള യാത്രയില്‍ ഞാന്‍ സമ്പാദിച്ചു തുടങ്ങി...ജീവിതത്തില്‍ നെയ്തു കൂട്ടിയ സ്വപ്നങ്ങലധികവും മണ്ണിട്ട്‌ മൂടി പ്രവാസിയുടെ കുപ്പായം കഴുത്തിലണിഞ്ഞു വിമാനം കയറുമ്പോള്‍ ഞാന്‍ കൊണ്ട് പോന്ന ഏക സ്വപ്നമായിരുന്നു എന്റെ മക്ക യാത്ര...ഒടുവില്‍ സര്‍വ്വ പ്രാബ്ധങ്ങളും തീര്‍ത്തു എന്റെ ചിരകാല സ്വപ്നത്തിലേക്ക് ഞാന്‍ 2009സെപ്റ്റംബര്‍ പത്തിനു പറന്നുയര്‍ന്നു....ഒരുപാട് കാലത്തെ ആഗ്രഹങ്ങളുടെയും പ്രാര്തനകളുടെയും സാഫല്യം...ഉംറ വിസ അടിച്ചു പാസ്പോര്‍ട്ട്‌ മാട്ടായി അപാപ(അബ്ദുറഹിമാന്‍ മട്ടായി) കയ്യില്‍ തരുമ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു...ആറുമാസങ്ങള്‍ക്ക് മുമ്പേ ഞാന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്നു...

ഇഹ്റാം ധരിച്ചു സെപ്റ്റംബര്‍ പത്തിനു ഉച്ച തിരിഞ്ഞു സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഞാന്‍ സൗദി അറേബ്യയിലെ ജിദ്ദ എയര്‍പോര്ട്ടിലേക്ക് പറന്നു...വിമാനം നിറയെ തൂവെള്ള വസ്ത്രമണിഞ്ഞവര്‍...മൈകള്‍ വൂള്‍ഫ് പറഞ്ഞപോലെ ..ജീവിതത്തിന്റെ അനിവാര്യമായ അന്ത്യയാത്രയിലേക്ക് ഒരു കഷ്ണം തുണി കൂടി ചേര്‍ത്താല്‍ മതി...ജിദ്ദ കിംഗ്‌ അബ്ദുല്‍ അസീസ്‌ വിമാനത്താവളത്തില്‍ മൂന്നര മണിക്കൂര്‍ നീണ്ട കാത്തിരിപ്പിന് ശേഷം എമിഗ്രേഷന്‍ കടമ്പ കടന്നു പുറത്തിറങ്ങി...എളാപ്പ പുറത്ത്‌ കാത്തു നില്പുണ്ടായിരുന്നു...സാധന സാമഗ്രികള്‍ എലാപ്പയുടെ റൂമില്‍ വെച്ച് അവിടെ നിന്ന് നോമ്പ്‌ തുറന്നു രാത്രി വൈകി മക്കയെ ലക്ഷ്യമാക്കി യാത്രയായി...മക്കയോടടുത്ത പ്രദേശത്ത് നിന്നും സുരക്ഷ പരിശോധന നടത്തി...ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മക്കയിലെത്തി...ബസില്‍ ഇരുന്ന് കൊണ്ട് തന്നെ ഞാന്‍ മസ്ജിദുല്‍ ഹറമിന്റെ മിനാരങ്ങള്‍ കണ്ടു....

മിനുട്ടുകള്‍ക്കകം ഞാന്‍ മസ്ജിദുല്‍ ഹറമിന് പരിസരത്തെത്തി...ജനം തിങ്ങിനിറഞ്ഞ അത്യപൂര്‍വ്വ കാഴ്ച...വിശുദ്ധ റമദാനിന്റെ രാത്രികളെ ജീവസ്സുറ്റതാക്കാന്‍ ഉററവരോടോപ്പവും അല്ലാതെയും കടല്‍ കടന്നെത്തിയ ജനലക്ഷങ്ങള്‍...ഒരേ സ്വരം മാത്രം വാനിലുയര്‍ന്നു പൊങ്ങി..ലബ്ബൈകല്ലഹുമ്മ ലബ്ബൈക്...ബാബുസ്സലാമിലൂടെ ഞാന്‍ മസ്ജിദുല്‍ ഹറാമില്‍ കയറി...ചെറുപ്പത്തില്‍ എന്റെ കൈപിടിച്ച് നടത്തിയ എളാപ്പ അതെ ശ്രദ്ധയോടെ കൈ പിടിച്ചു മുന്നില്‍ നടന്നു...ജീവിതത്തിലെ ആദ്യത്തെ നേര്‍കാഴ്ച...കഅബ കേട്ടരിഞ്ഞതിനെക്കാള്‍ മനോഹരമായി ഞാന്‍ നേരിട്ടു കാണുന്നു....മാഷ അല്ലാഹ്..ഒരു സ്വപ്നം പൂവണിഞ്ഞ നിര്‍വൃതി....


പിന്നെ എലാപ്പയുടെ കൈപിടിച്ച് ഹജറുല്‍ അസ് വദു ലക്‌ഷ്യംമാക്കി നീങ്ങി...സാഹസം കൂടാതെ അത് മുത്താന്‍ എനിക്ക് കഴിഞ്ഞു...എന്റെ പ്രവാചകന്‍ അതിനെ മുത്തിയതു എന്റെ ഉമര്‍ എന്നെ പഠിപ്പിചില്ലായിരുന്നുവെങ്കില്‍ ഞാന്‍ അത് ചെയ്യുമായിരുന്നില്ല...ത്വവാഫും മറ്റു ഉംറയുടെ നടപടികളും പൂര്‍ത്തിയാക്കി തലയിലെ മുടി കളഞ്ഞു ഞാന്‍ ഉമ്മയെയും ഉപ്പയും കാണാന്‍ പോയി...എനിക്ക് മുമ്പേ അവര്‍ മക്കയിലെതിയിരുന്നു....ഉമ്മയും ഉപ്പയും രണ്ടുപേരുടെയും ഉമ്മമാരും, ഉമ്മയുടെ ജെഷ്ടതിയും ഒരുമിച്ചാണ് ഉംറക്ക് വന്നത്..അവരോടൊപ്പം അല്‍പ നേരം സംസാരിച്ചു വീണ്ടും ഞാന്‍ മസ്ജിദുല്‍ ഹറാമിലെത്തി..രാത്രി നമസ്കാരത്തില്‍ പങ്കെടുത്തു...തുടര്‍ന്നുള്ള ദിവസങ്ങള്‍ സന്തോഷത്തിന്റെയും ആത്മ നിര്‍വൃതിയുടെതുമായിരുന്നു...ജീവിതത്തില്‍ ഒരു മുസല്‍മാന്റെ ഏറ്റവും പ്രിയപ്പെട്ടെ സ്ഥലം...ലോകം കണ്ട ഏറ്റവും മഹാനായ മനുഷ്യന്റെ ശേഷിപ്പുകള്‍ കഥ പറയുന്ന അനുഗ്രഹീത ഭൂമി..ഒരേ മനസ്സുയി ലോകമുസ്ലിംകള്‍ ഒരുമിച്ചു കൂടുന്ന സംഗമസ്ഥാനം...മസ്ജിദുല്‍ ഹറാം മുഴുവന്‍ ഞാന്‍ നടന്നു കണ്ടു...ഓരോ വാതിലും..ഓരോ സ്ഥലവും..പിന്നെ പുറത്തിറങ്ങി ചുറ്റുപാടും പരിസരവും...എല്ലാം കണ്ടാസ്വധിച്ചു....

രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ മദീനയെ ലക്ഷ്യമാക്കി നീങ്ങി...മദീനയിലേക്കുള്ള യാത്ര...ഞാന്‍ ആലോചിച്ചു...മുഹമ്മദെന്ന മനുഷ്യനെ ജനകോടികളുടെ ഇഷ്ടനായകനായ അശ്രഫുല്‍ ഖല്കാക്കിയ അനുഭവ ചരിത്രങ്ങള്‍ കഥ പറയുന്ന മദീനയിലെക്കുള്ള പാത...വെറും മരുഭൂമി...തലയ്ക്കു മുകളില്‍ സൂര്യന്‍ മാത്രം...കുടിവെള്ളത്തിന് ഒരു സൌകര്യവും കാണുന്നില്ല...ഈ ദൂരം മുഴുവന്‍ താണ്ടി ആ മനുഷ്യന്‍ മക്കത് വരുമ്പോള്‍ തിരിച്ചു മടിനയിലെക്ക് തന്നെ പോകാന്‍ പറയുക...ആ സന്ധിയില്‍ ഒപ്പ് വെച്ച് തിരിച്ചു മടങ്ങുക...അനുയായികളെ അതിനു പ്രേരിപ്പിക്കുക...അത് അനുഭവിച്ചരിയനമെങ്കില്‍ ആ ഭൂമികയിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്യണം...ഞാന്‍ അത്ഭുതപ്പെട്ടുപോയി...ഈ മണലില്‍ കിടത്തി വലിച്ചിട്ടും എന്റെ ബിലാലിന്റെ മനസ്സ് മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നോ...??ചിന്തകള്‍ മാറിമറിഞ്ഞു...ഒടുവില്‍ മദീനയോടടുത്തു...മദിന ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി സ്നേഹിതന്‍ സിദ്ധീഖിനെ ലക്ഷ്യാക്കി നടന്നു....

സിദ്ടിഖിനോപ്പം അല്‍പ നേരം കുശലം പറഞ്ഞു ഞാന്‍ മസ്ജിടുന്നബവിയിലെത്തി...ഒരു ജനതയെ സംസ്കാര സമ്പന്നരാക്കി ലോകത്തിനു മാതൃകയായ വിധം അവരെ മാറ്റിയെടുത്ത പ്രവാചകന്റെ പാഠശാല...നോമ്പ് തുറക്കാനുള്ള സമയമായിരുന്നു...ഒരു കുരുന്നു പൈതല്‍ ഓടി വന്നു എന്റെ കൈ പിടിച്ചു വലിച്ചു നടന്നു...ഒരു മസ്ജിടുന്നബവിയുടെ അകത്തു നോമ്പ് തുറക്ക് തയാറാക്കിയ സുപ്രയില്‍ എന്നെ ഇരുത്തി...അവന്റെ ആഥിത്യ മര്യാദ ഒരു പക്ഷെ ഒരു സംസ്കാരം അവരെ പടിപ്പിച്ചതാകണം...സിദീഖിന്റെ കൂടെ അവന്റെ കുറെ സുഹ്ര്തുക്കള്‍ തയ്യരാക്കിയ സ്ഥലത്തു നോമ്പ് തുറന്നു...ഇഷ നമസ്കാരം കഴിഞ്ഞു..മദീനമുഴുവന്‍ ചുറ്റി കാണാന്‍ ഇറങ്ങി...ഞാന്‍ കുറെ നടന്നു...ചരിത്രം വായിച്ചറിഞ്ഞ കുറെ സ്ഥലങ്ങള്‍ നേരിട്ട് കാണാന്‍ കഴിഞ്ഞു...


തിരകൊഴിഞ്ഞപ്പോള്‍ ഞാന്‍ മുന്നോട്ടു നടന്നു..രൗദ കാണാന്‍..സ്വര്‍ഗ്ഗത്തിലെ സ്ഥലം എന്ന് നബി പറഞ്ഞ സ്ഥലം..അവിടെ എത്തി..മഷാ അല്ലാഹ്...ഞാന്‍ സ്വര്‍ഗത്തില്‍ ഇരുന്നു രണ്ടു റക്അത്തു നമസ്കരിച്ചു..!!!!!ആ സ്വര്‍ഗം മരണാനന്തരം ലഭിക്കാന്‍ പ്രാര്‍ത്ഥിച്ചു...അനുവദിക്കപ്പെട്ട സമയം കഴിഞ്ഞു ഞാന്‍ മുന്നോട്ടു നീങ്ങി..എന്റെ പ്രവാചകന്‍ അന്തിയുറങ്ങുന്ന സ്ഥല്തിനടുത്തെത്തി...ആളുകള്‍ തിരക്ക് കൂട്ടുന്നു..ഉന്തുന്നു..ഒടുവില്‍ ഞാന്‍ അതും കണ്‍കുളിര്‍ക്കെ കണ്ടു...അവിടെ വെച്ച് ഞാന്‍ ആദ്യമായി എന്റെ പ്രവാചകനോട് സലാം ചൊല്ലി....അസ്സലാമു അലൈക യാ രസുലുല്ലാഹ്...അബുബക്കര്‍ (റ), ഉമര്‍(റ) എന്നിവരുടെ ഖബരിലും സലാം പറഞ്ഞു പുറത്തിറങ്ങി....മദീനയെ കുറിച്ച് മനസ്സില്‍ കുറിച്ചതെല്ലാം നേരിട്ട് കണ്ടു...

അപ്പോഴാണ് ഉപ്പ വിളിച്ചത്..പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഉപ്പയുടെ കൂടെ ജോലി ചെയ്ത ഒരാള്‍ മസ്ജിടുന്നബവിക്ക് പുറത്ത്‌ എന്നെ കാണാന്‍ കാത്തു നില്‍കുന്നു...ഞാന്‍ പുറത്ത്‌ പോയി അയാളെ കണ്ടു..ബംഗാളി...നല്ല മനുഷ്യന്‍...ഉപ്പയെ കുറിച്ച് ഒരുപാട് പറഞ്ഞു. ഉപ്പ അവര്‍ക്ക് മുഹമ്മദ്‌ ഭായ് ആണ്...ഉപ്പയുമൊത്തുള്ള ദിവസങ്ങള്‍, അനുഭവങ്ങള്‍ ഒക്കെ തുരു തുരാ പറഞ്ഞു കൊണ്ടിരുന്നു...അവിടെ നിന്നും ഇറങ്ങി ഖിയാമു ല്ലൈലില്‍ പങ്കെടുത്തു...അത്താഴാതിനു സമയമായപ്പോള്‍ സിദ്ദിക്ക് വന്നു..അവന്റെ റൂമില്‍ പോയി അത്താഴം കഴിച്ചു..സുബിഹി നമസ്കരിച്ച് ഖുബാ മസ്ജിദ്‌ കാണാന്‍ പോയി...വഴി മദ്ധ്യേ ഉഹ്ദ്‌ യുദ്ധം നടന്ന സ്ഥലം കണ്ടു...ഒരു സിഗ്നലില്‍ വണ്ടി നിന്നപ്പോള്‍ സിദ്ധിഖ്‌ പറഞ്ഞു...അതാണ്‌ ഉഹ്ദ്‌ മല..കണ്ണെത്താ ദൂരത്ത്‌ നീണ്ടു കിടക്കുന്ന മല...ചെറുപ്പത്തില്‍ നാട്ടില്‍ ആര് മരിച്ചാലും ബാപ്പ പള്ളിയില്‍ കൊണ്ട് പോകും...നമസ്കരിച്ച് മയ്യിത്ത് മരമാടി വരുമ്പോള്‍ പറയും..രണ്ടു ഖീറാത്ത് പ്രതിഫലം അള്ളാഹു തരും..അന്ന് ബാപ്പ പറഞ്ഞിരുന്നു...ഒരു ഖീറാത്ത് എന്നാല്‍ ഉഹ്ദ്‌ മലയോളം വരും...ആ നമസ്കാരങ്ങളുടെ ഒക്കെ പുണ്യം എത്രയെന്നു തിരിച്ചറിഞ്ഞ ധന്യമായ ഒരു പുലരി ആയിരുന്നു അത്...മസ്ജിദുല്‍ ഖിബ്ലാതൈന്‍, ഖുബാ മസ്ജിദ്‌ എന്നിവ സന്ദര്‍ശിച്ച് നമസ്കരിച് ഞാന്‍ ഉച്ചയോടെ മദീനയോടു വിട പറഞ്ഞു...മദീന യുനിവേര്സിടി, സൂഖുതംമ്ര്‍ തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിചു....


മഗ്രിബോടെ മക്കതെതി രണ്ടാമത്തെ ഉംറയും ചെയ്തു...എന്റെ അയല്‍വാസിയും ബാല്യ കാല സുഹ്ര്തുമായ മസ്ജിദുല്‍ ഹറമില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ സമദിനെ (ബാവ) കണ്ടു..അവന്റെ ജോലി സ്ഥലത്തേക്ക് പോയി..ഒരു പക്ഷെ മസ്ജിദുല്‍ ഹറാമില്‍ അധികമാരും കാണാത്ത അത്യപൂര്‍വ്വമായ ഒരു കാഴ്ചയായിരുന്നു അവിടെ നിന്നും കണ്ടത്‌..ഹാജിമാര്‍ സഫ മര്‍ വായിലൂടെ നടന്നു നീങ്ങുന്ന മനോഹര രംഗം...സംസം വെള്ളത്തില്‍ കുളിച്ചു...പിന്നെ അവന്‍ നിറച്ചു തന്ന സംസം വെള്ളവുമായി താമസ സ്ഥലത്തേക്ക് മടങ്ങി...ഫറൂഖ്‌ കോളെജില്‍ എന്റെ സഹപാഠിയായിരുന്ന അയ്യുബും അവന്റെ കുടുന്ബവും ഉംറക്ക് വന്നിരുന്നു...അവരെ യാത്രയാക്കാന്‍ അവന്റെ റൂമില്‍ പോയി..വീണ്ടും മസ്ജിദുല്‍ ഹറാമില്‍ എത്തി..മക്കയിലെ എന്റെ അവസാനത്തെ ദിനം..കഅബയോടടുത്ത് പോയി നിന്ന് ഞാന്‍ ഹൃദയത്തിലെറ്റി പോന്ന എന്റെ സകലമാന സങ്കടങ്ങളും അല്ലാഹുവിന്റെ മുമ്പില്‍ ഇറക്കി വെചു...എന്നോട് പ്രാര്‍ത്ഥനക്ക്‌ വസിയ്യത്ത് ചെയ്ത എന്റെ മുഴുവന്‍ സുഹ്ര്തുക്കല്കും വേണ്ടി പ്രാര്‍ത്ഥിച്ചു....ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഞാന്‍ കേട്ട് തുടങ്ങിയിരുന്ന ഷെയ്ഖ് അബ്ദുല്‍ റഹ്മാന്‍ സുദൈസ്‌ തറാവീഹ് നമസ്കരിക്കുന്നത് കുറെ നേരം നോക്കി നിന്നു...പിന്നെ ഖിയമു ല്ലൈല്‍ നമസ്കരിച്ചു റൂമിലേക്ക്‌ മടങ്ങി...

നിഷാദിന്റെ ഭാര്യയെ ആദ്യമായി ഞാന്‍ കണ്ടത്‌ മസ്ജിദുല്‍ ഹറാമില്‍ വെച്ചാണ്..എന്റെ നാടുകാര്‍, അടുത്ത കുടുംബക്കാര്‍, തുടങ്ങി ഉംറക്ക് വന്നവരും സൌദിയില്‍ ജോലി എടുക്കുന്നവരുമായ ഒരുപാട് പേരെ അവിടെ വെച്ച് കണ്ടു...ദുഹര്‍ നമസരിച്ചു അവസാന ത്വവാഫും ചെയ്ത് ഞാന്‍ ജിദ്ദയിലേക്ക് ബസ്‌ കയറി..ബാവ യാത്രയാക്കി..ജിദ്ദയില്‍ എത്തി എന്റെ സ്നേഹിതന്‍ ഫായിസ്‌ അബ്ദുരഹിമാനെ കാണാന്‍ അവന്റെ വീട്ടില്‍ പോയി...ഫറൂഖില്‍ ഞങ്ങള്‍ സഹപാഠികലായിരുന്നു....കുശലങ്ങളും വിശേഷങ്ങളും കൈമാറി..അല്‍പ സമയത്തിന് ശേഷം യുനുസ്ക വന്നു...യുനുസ്കയുടെ കൂടെ അത്യാവശ്യം ചില ഷോപ്പിങ്ങുകള്‍ നടത്തി...ജിദ്ദ ഒരു നാടന്‍ പ്രതീതിയാണ് നല്‍കിയത്‌...നിറയെ മലയാളികള്‍...നാട്ടിന്പുരതുകാര്‍....കള്ളിത്തുണിയും കുപ്പായവും ധരിച്ചു നടക്കുന്നവര്‍...

യുനുസ്കയുടെ റൂമില്‍ പോയി കുളിച് ഡ്രസ്സ്‌ ചെയ്തു ജിദ്ദ എയര്‍പോര്ട്ടിലെത്തി...രാത്രി ഒരുമണിയോടെ വിമാനം ഉയര്‍ന്നു പൊങ്ങി....ഒരുപാടുകാലത്തെ സ്വപ്ന സാഫല്യ നിര്‍വ്ര്തിയില്‍ കൂരിരുട്ടു പരന്ന ആകാശത്തിന്റെ അനന്തതയിലൂടെ മുന്നോട്ടു നീങ്ങുന്ന വിമാനത്തില്‍ ഓരോന്നോര്‍ത്തു കിടന്നു...

സുബിഹി വിമാനത്തില്‍ വെച്ച് നമസ്കരിച്ചു ഞാന്‍ കിടന്നുറങ്ങി...

ഉണര്‍ന്നപ്പോള്‍ കേട്ടത് ഇങ്ങനെയായിരുന്നു..."വി ഹാവ്‌ ലാന്‍ഡ്‌ ടെഡ് അറ്റ്‌ കാലികറ്റ് എയര്‍ പോര്‍ട്ട്‌, ലോക്കല്‍ ടൈം ഈസ്‌ ഇലവന്‍ തെര്ടി..... എല്ലാം കഴിഞ്ഞു എയര്‍പോര്‍ട്ടിന് പുറത്തിറങ്ങിയപ്പോഴേക്കും നബീലും ബാബുവും പുറത്ത്‌ കാത്തു നില്പുണ്ടായിരുന്നു....
(ഞാന്‍ കണ്ട കാഴ്ചകള്‍ : http://picasaweb.google.com/vniyas/WayToMakkah#)

Monday, August 02, 2010

"ഏന്യാസ്‌ ഇന്ന് ഉണ്ട നോമ്പാണ് നോററത്"- എന്‍റെ നോമ്പുകാലങ്ങള്‍

വീണ്ടുമൊരു നോമ്പ് കാലം വരുന്നു...ഓര്‍മ്മകള്‍ ഒരുപാട് കടന്നു പോകുന്നു....പക്ഷെ പലതിനും ചിതലരിച്ചു തുടങ്ങിയിരിക്കുന്നു...നോമ്പ് എന്നത് പെരുന്നാളിന് മുമ്പുള്ള വലിയ ഒരു സംഗതി ആയി മനസ്സില്‍ കുടിയിരുന്നിരുന്ന ഒരു കാലം കഴിഞ്ഞു പോയി...ഒരു മാസത്തെ സ്കൂള്‍ അവധി കിട്ടുന്ന ഒരു ആഘോഷമായും നോമ്പ് കടന്നു പോയി....ഇപ്പോള്‍ നോമ്പ് ഒരു അനുഭൂതി ആയി മാറുകയാണ്..

എന്ന് മുതലാണ്‌ നോമ്പ് അനുഷ്ടിച്ചു തുടങ്ങിയത് എന്ന് കൃത്യമായി ഓര്‍മ്മ ഇല്ല...ഒരു നോമ്പ് മുഴുവന്‍ നോററാല്‍ ആയിരം രൂപ തരാം എന്ന് ചെറുപ്പത്തില്‍ ഉപ്പ പറഞ്ഞു...എന്‍റെ ഓര്‍മ്മയില്‍ നോമ്പിനെ കുറിച്ച് വരുന്ന ആദ്യ ചിത്രം അതാണ്‌...വടക്കങ്ങരയില്‍ കിഴക്കെകുളമ്പിലെ വീട്ടില്‍ ആ നോമ്പ് തുറന്നു കിട്ടിയ നൂറിന്‍റെ പത്തു നോട്ടുകള്‍ തലങ്ങും വിലങ്ങും എണ്ണി നോക്കി ഒടുവില്‍ നോട്ടിന്‍റെ മൂല്യം മനസ്സിലാകാതെ ബാല്യത്തിന്‍റെ നിഷ്കളങ്കതയില്‍ ആ പണം ഉപ്പക്ക് തന്നെ തിരിച്ചു കൊടുത്തത്‌ ഇന്നലെ കഴിഞ്ഞു പോയ പോലെ ഇന്നും ഓര്മ്മകയുണ്ട...

മുഴുവന്‍ നോമ്പും നോല്‍കുക എന്നത് ഒരു സ്വപ്നമായ കാലം ഉണ്ടായിരുന്നു...അന്ന് പ്രായം കുറവാണ്. ഉമ്മയുടെയോ ഉപ്പയുടെയോ സമ്മതം ലഭിക്കുകയും ഇല്ല.....സ്വന്തം സുഹ്ര്തുക്കള്‍ മുഴുവന്‍ നോല്കും. അവര്ക്ട മുമ്പില്‍ നിവര്ന്നു നില്കാന്‍ കഴിയാത്തതിലുള്ള വിഷമം..പിന്നെ കാലം മാറി...ഉപ്പ ഗള്‍ഫില്‍ പോയി..ഏതൊരാളെയും പോലെ ഉമ്മയെ പറ്റിക്കുക എന്ന പണി എനിക്കും എളുപ്പമായിരുന്നു..ഉമ്മയെ സോപ്പടിച്ചു നോമ്പ് നോറ്റ് തുടങ്ങി...ഞെളിഞ്ഞു നടക്കും....ആരെങ്കിലും ചോദിക്കണം....ഇന്ന് നോമ്പുണ്ടോ..?അങ്ങനെ ചോദിപ്പിച്ചു മറുപടി പറഞ്ഞു വൈകുന്നേരം ആകുന്ന ബാല്യകാല നോമ്പ് മുന്നോട്ടു പോയി...യാഥാര്ത്ഥ്യം മറ്റൊന്നായിരുന്നു...സുഹ്ര്തുക്കലോടഭിമാനിക്കാന് വേണ്ടി എടുക്കുന്ന നോമ്പ് വൈകുന്നെരമാകാന്‍ പ്രയാസപ്പെട്ട് പള്ളിയിലെ പൈപ്പില്‍ നിന്ന് വുദു എടുക്കുമ്പോള്‍ ദുഹ്റിനും അസരിനും നോമ്പ് തുറന്നു തുടങ്ങി...നോമ്പിന് അണ്ടി പറിക്കാന്‍ വേണ്ടി ഉപ്പയുടെ വീട്ടിലേക്ക്‌ പോകുന്ന നിഷാദിനെ എസ്കോര്ട്ട് അടിച്ചു പോകുമ്പോള്‍ അയന്തയിലെ ചോലയില്‍ നിന്ന് വെള്ളം കുടിച്ച് നോമ്പ് തുറന്നു തുടങ്ങി...അങ്ങനെയിരിക്കെ ഒരു ദിവസം അയന്തയിലെ ബാപ്പ(ഉപ്പയുടെ ബാപ്പ) പൊക്കി...നാടന്‍ ഹാസ്യത്തില്‍ എല്ലാവരുടെയും മുമ്പില്‍ വെച്ച് ബാപ്പ പറഞ്ഞു "എന്യാസ്‌ ഇന്ന് ഉണ്ട നോമ്പാണ് നോറ്റത്... "

നോമ്പ് പലതും പഠിപ്പിച്ചു തന്നു....ജീവിതത്തില്‍ ആദ്യമായി കള്ളനായത് നോമ്പിനാണ്...ഉമ്മയുടെ ബാഗില്‍ നിന്ന് മൂന്നു രൂപ കട്ടെടുത് അങ്ങാടിയില്‍ പോയി ബാലമംഗളം ചിത്രകഥ വാങ്ങി വയറ്റത് തിരുകി പള്ളിയുടെ മുകളില്‍ കയറി വായിച്ചു തീര്ത്തതത് ഒരു നോമ്പിനാണ്..... പിന്നീടവിടുന്ന് പലതും......തിരിച്ചറിവില്ലാതെ പോയ ബാല്യത്തിന്റെ ചാപല്യതകളില്‍ ചെയ്യാത്ത കളവിന് പ്രതിയാക്കപെട്ടതും ആ മാനക്കെടില്‍ എന്റെ ഉമ്മ എന്നെ ശപിച്ചതും......എല്ലാം ചിതലരിക്കാത്ത മനസ്സിന്റെ ഓര്‍മ്മകളാണ്...ബാല്യവും കൌമാരവും ഉമ്മ വീട്ടില്‍ ആയതിനാല്‍ നോമ്പിനെ കുറിച്ചുള്ള ഓര്‍മ്മകളും അവിടെയുമായി ചുറ്റി തിരിഞ്ഞതാണ്..ബാപ്പയുടെ കൂടെ ഉള്ള നോമ്പ്..നമസ്കാരം...തറാവീഹ്...എല്ലാം...1997ല്‍ ഉമ്മയും പെങ്ങളും ഗള്‍ഫില്‍ പോയി...ഉമ്മയില്ലാത്ത ജീവിതത്തിലെ ആദ്യത്തെ റമദാന്‍...ഉമ്മയുടെ അഭാവം വല്ലാതെ സന്കടപ്പെടുതിയിരുന്നു...സുബ്ഹി നമസ്കരിച് പള്ളിയില്‍ കിടന്നുറങ്ങും..ഉറക്കുനര്ന്നാല്‍ തൊട്ടടുത്തുള്ള ടെയ്‌ലര്‍ കടയില്‍ കയറി ഇരിക്കും..ദുഹരിനു പള്ളിയില്‍..വീണ്ടും ഷോപ്പില്‍...ഇങ്ങനെ ഒരുമാസം നോക്കി ഇരുന്നു ഞാന്‍ ഷര്ട്ട്്‌ അടിക്കാന്‍ പഠിച്ചു..പിന്നെ ഞാന്‍ എനിക്കുള്ള ഷര്ട്ട്ര‌ അടിച്ചു..ഉപ്പക്ക് ഷര്ട്ട് ‌ അടിച്ചു കൊടുത്തു....നോമ്പ് തുറപ്പിക്കള്‍ വലിയ അനുഭൂതിയായിരുന്നു..കുഞ്ഞാക്കാന്റെ വീടിലെ തുറ, അമ്മായിയുടെ(എന്‍. പി. അബ്ദുല്‍ ഖാദര്‍ മൌലവി) വീട്ടിലെ തുറ, പള്ളിയിലെ സമൂഹ തുറ തുടങ്ങിയതെല്ലാം എല്ലാ നോമ്പ്‌ കാലത്തിന്റെയും മധുരമായ സ്മരണകളാണ്...

പിന്നെ പിന്നെയുള്ള നോമ്പ് കാലങ്ങള്‍ തിരിച്ചരിവിന്റെതായിരുന്നു...നോമ്പിന്റെ ലക്‌ഷ്യം, പ്രാധാന്യം എല്ലാം മനസ്സിലാക്കി അതിനെ ആ അര്‍ത്ഥത്തില്‍ പഠിപ്പിച്ചു തന്ന ബാപ്പയുടെ കൂടെയുള്ള നോമ്പ് ദിവസങ്ങള്‍ മറക്കാന്‍ കഴിയാത്തതാണ്...പുലര്ച്ചെ ബാപ്പ വിളിച്ചുണര്തുംെ..ചോറിലേക് കഞ്ഞി വെള്ളം ഒഴിച്ച് കുഴച്ചു തിന്നും...ബാപ്പയുടെ കൂടെ പള്ളിയിലേക്ക്‌..ബാപ്പ രാത്രി മടങ്ങുമ്പോള്‍ കൂടെ മടങ്ങും...ഇടയ്ക്ക് എന്തെങ്കിലും ആവശ്യത്തിന് ബാപ്പ പറഞ്ഞയച്ചാല്‍ പുറത്തു പോകും...പിന്നെ ബാപ്പയെ പ്രായം തളര്‍ത്തിയപ്പോള്‍ ബാപ്പ ഇല്ലാതെ...അന്നത്തെ നോമ്പ് ശരിക്കും ഒരു അനുഭൂതി തന്നെയാണ്. നോമ്പിന് കൊട്ടുക്കര സ്കൂളില്‍ പോയിരുന്ന കാലവും...സ്കൂള്‍ വിട്ട് പള്ളിയില്‍ വന്നു ഉറങ്ങി അസര്‍ നമസ്കരിച് വീട്ടില്‍ പോയ കാലവും മനസ്സിലൂടെ കടന്നു പോകുന്നു...നോമ്പിന്റെ അവസാനത്തെ പത്തില്‍ പള്ളിയില്‍ രാത്രി താമസമാക്കും..ഫിതര്‍ സകാത് കൊടുക്കാനുള്ള അരി കൊണ്ട് വരും ...അതിന്റെ ലിസ്റ്റ് കുഞ്ഞാക്ക(അമ്മാവന്‍ പി.പി.മുഹമ്മദ്‌ മദനി) പറഞ്ഞു തരും..അത് പേപ്പറില്‍ പകര്ത്തി എഴുതും പിന്നെ രാവിലെ അതത് വീടുകളില്‍ എത്തിക്കും...അതിനൊക്കെ കുഞാക്കാക് ഒരുപാട് സഹായികള്‍ ഉണ്ടായിരുന്നു...ആ രൂപം ഇന്നും തുടരുന്നു....

അങ്ങനെ ഉള്ള ഒരു നോമ്പ് കാലത്ത്‌ നടന്ന ഒരു സംഭവം ഓര്മ്മ. വരുന്നു.......ഒരു റമദാന്‍ ഇരുപത്തി ഏഴാം രാവ്...........എല്ലാവരും പള്ളിയില്‍ ഉണ്ട...ഞാന്‍ ഖുറാന്‍ ഓതി കൊണ്ടിരിക്കുന്നു........കെ. എം. സലിം മാസ്റ്റര്‍ എന്റെ അടുതുണ്ട്. പിറ്റേ ദിവസം നോമ്പ് തുറയും പഠന ക്യാമ്പും ഉണ്ട......രാത്രി പതിനൊന്നു മണിക്ക് ഉപ്പ വന്നു...ഒരു ക്ലാസ്സ്‌ കൂടി എടുക്കാന്‍ ആളെ കിട്ടിയിട്ടില്ല......കാവനൂര്‍ അബ്ദുല്‍ വഹാബ് സുല്ലമിയെ പോയി വിളിച്ചു നോക്കാം.....ഉപ്പ ക്ഷീണിച്ചിരിക്കുന്നു...ഞാന്‍ ബൈക്ക്‌ ഓടികണം...മൊറയൂറിലെ മുനീര്‍(മുനീര്‍ മദനി) കൂടെ വരും..അവനു ബൈക്ക്‌ ഓടിക്കാന് അറിയില്ല..നീ ഒന്ന് പോകണം...

അങ്ങനെ മുനീരിനെയും ഇരുത്തി യാത്രയായി..നല്ല തണുപ്പുണ്ട്..അവിടെ എത്തിയതും ഞാന്‍ നേരെ കക്കൂസിലേക്ക് ഓടി......വയര് വേദന അസഹ്യമായിരുന്നു...ഞാന്‍ കാര്യം സാധിച്ചു വന്നപ്പോഴേക്കും മുനീര്‍ സുല്ലമിയെ കണ്ടു ക്ലാസ്സ്‌ ഉറപ്പിച്ചു , ബൈകില്‍ കയറി ഇരിക്കുന്നുണ്ടായിരുന്നു....അവന്‍ പറഞ്ഞു ഞാന്‍ ഓട്ടാം..ഒടുവില്‍ അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ പിറകില്‍ കയറി...കാവനൂര്‍-മോങ്ങം റോഡില്‍ കയറിയതും എവിടെ നിന്നോ പഠിച്ച തിയറി ക്ലാസ്‌ അവന്‍ പ്രാക്ടിക്കല്‍ ആയി നടത്തി...നാല് ഗീരും മാറ്റി സ്പീഡില്‍ ഒരു വളവു തിരിച്ചു...പിന്നെ ആഞ്ഞു ബ്രീക്കും ചവിട്ടി....വണ്ടി റോട്ടില്‍ പോത്തോം...വണ്ടിയിടെ ഇടയില്‍ കുടുങ്ങി തിരിഞ്ഞു തുടയിലെ തോലുപോയി...ഞാന്‍ പിടിത്തം വിട്ടു...രണ്ടു മൂന്നു മിനുട്റ്റ്‌ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല...പതുക്കെ എണീററ് ബൈക്ക്‌ നിവര്ത്തി സ്റ്റാര്ട്ട് ‌ ചെയ്തു...ശരീരത്തിന്റെ ഒരു ഭാഗം ആകെ പഞ്ചര്‍ ആയിരിക്കുന്നു...ഉടുത്തിരുന്ന തുണി കഴിച്ചു തോലുപോയ ഭാഗത്ത്‌ വരിഞ്ഞു കെട്ടി അര്‍ദ്ധനഗ്നനായി ആ ധന്യരാത്രിയില്‍ ബൈക്ക്‌ ഓട്ടി.....മോങ്ങതെതി..... നോക്കുമ്പോള്‍ മുനീറിന്റെ പാന്റ ആകെ കീറിയിരിക്കുന്നു......ഇരു കാല്മുട്ടിലെക്കും നോക്കിയാല്‍ ചുവന്ന ഹസാര്ഡ്ട‌ ഇന്‍ഡികേറ്റര്‍ ഇട്ടപോലെ....ഒടുവില്‍ ഒന്നരകാലനായി നാട്ടിലെ പ്രായം ചെന്നവരോടൊപ്പം ഈദ്‌ ഗാഹിന്റെ പിറകില്‍ ഇരുന്നു പെരുന്നാള്‍ ആഘോഷിച്ചു...ശേഷമുള്ള ഓരോ ഇരുപത്തിയേഴാം രാവിനും കാക്കു(കെ.എം.സലിം മാസ്റ്റര്‍) പറയും "നിയാസ് ഇന്ന് നമുക്ക്‌ ബൈക്ക്‌ ഓടിക്കെണ്ടേ..?" .അത് കേള്കുമ്പോള്‍ ഇന്‍ഡികേറ്റര്‍ ഇട്ട മുനീറിന്റെ ആ കാല്‍ മനസ്സില്‍ തെളിയും...
റമദാന്‍ ഇങ്ങനെ ഒരുപാടനുഭവങ്ങള്‍ സമ്മാനിക്കും....റമദാനിലെ പല യാത്രകളിലും പല കുടുംബങ്ങളുടെയും ദയനീയ അവസ്ഥ കാണുമ്പോള്‍ സന്കടപെട്ടുപോയിട്ടുണ്ട്. പലര്ക്കും ആവുന്നത് ചെയ്തു കൊടുത്തിട്ടുമുണ്ട്..

ഓരോ റമദാനും നേട്ടങ്ങള്‍ കൊയ്ത്തു മുന്നോട്ടു പോയപ്പോള്‍ ഒരു റമദാന്‍ എനിക്ക് കറുത്ത ആദ്യായയമായി ബാക്കി നിന്നു....പാപമോചനത്തിന്റെ മാസം പപവര്ധനവിന്റെ മാസമായോ എന്ന് വിലപിക്കേണ്ട ഒരു മാസംപോലെ...ആ റമദാന്‍ കഴിയുമ്പോള്‍ അടുത്ത റമദാന്‍ വരെ ആയുസ്സ്‌ ഉണ്ടാകണമെന്ന് ഞാന്‍ പ്രാര്ത്ഥി്ച്ചു...അള്ളാഹു ആ പ്രാര്ത്ഥന കേട്ടു...ശേഷം നാലാമത്തെ റമദാന്‍ ദിവസങ്ങള്‍ അകലെ മാത്രം എത്തി നില്കു‍ന്നത് വരെ ആയുസിന്റെ പുസ്തകത്തില്‍ എനിക്ക് പേജുകള്‍ ബാകിയായി....കഴിഞ്ഞ ഓരോ രമദാനും ലഭാമായിരിക്കണം...എന്റെ നിന്മകള്‍ മായ്ഞ്ഞു പോയിരിക്കണം....!

കേട്ടറിവുകളില്‍ നിന്ന് മാത്രം മനസ്സില്‍ കോറിയിട്ട തിരുഗേഹങ്ങളുടെ ചിത്രവും പരിസരങ്ങളും നേരിട്ട് കാണാന്‍ കഴിഞ്ഞ റമദാനില്‍ എനിക്ക് സാധിച്ചു...ജീവിതം ഇരുപത്തിനാല് വയസ്സ് കഴിഞ്ഞു ഇരുപതന്ജിലെക്ക് കാലെടുത്തു വെക്കും മുമ്പേ ആ സ്വപ്നവും സാഫല്യമായി...അതും എന്‍റെ മാതാപിതാക്കളുടെ കൂടെ..കേട്ടറിഞ്ഞതിനെക്കാള്‍ എത്രയോ വലുതായിരുന്നു കണ്ടറിഞ്ഞ മക്കയും മദീനയും...ആ ഉംറ മനസ്സിന് നല്കി്യ ആശ്വസത്തെ കുത്തിക്കുറിക്കാന്‍ എന്റെ വാക്കുകള്‍ പരിമിതമാണ്...സര്‍വ്വ സ്തുതിയും അല്ലഹുവിനാണ്...കഴിഞ്ഞ രണ്ടു റമദാന്‍ ദുബൈയിലായിരുന്നു...നാടിലെകാല്‍ ശാന്തത അനുഭവപ്പെടുന്നു ഇവിടുത്തെ റമദാന്‍ ദിന രാത്രങ്ങള്‍...വിവിധ പള്ളികളില്‍ വിവിധ നാട്ടുകാര്‍ ആയ ഇമാമുമാര്‍...എന്തൊരു നല്ല ഖുറാന്‍ പാരായണം...ഏറെ പുതുമ തോന്നുന്ന ദുബായ് ഹോലി ഖുറാന്‍ അവാര്ഡ്ു‌ പരിപാടി...നോമ്പ് തുറകള്‍... അറേബ്യന്‍ രീതിയിലുള്ള ഭക്ഷണങ്ങള്‍...എല്ലാം ഒന്നോന്നിക്കള്‍ മെച്ചം...

വീണ്ടുമൊരു റമദാന്‍ കടന്നു വരുന്നു... ഒരു റമദാനിന്റെ തുടക്കത്തില്‍ ആണ് ഞാന്‍ പ്രവാസത്തിന്റെ പേജുകള്‍ മറിചു തുടങ്ങിയത്...ലാഭത്തിന്റെ കണക്കുകള്‍ മാത്രം നിരത്താനുള്ള ഈ പ്രവാസത്തിനു ഒരു തിരശീല കുറിചു വീണ്ടും ഒരു നാട്ടിന്പുയറത്തെ നാടന്‍ രീതികളിലേക്ക് മടങ്ങാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുന്നു....ആ യാത്രയും ഭൂമിയില്‍ എനിക്കേറ്റവും ഇഷ്ടപെട്ട മക്കയും മദീനയും സന്ദര്ശിച്ചു മടങ്ങാന്‍ തീരുമാനിച്ചു അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കാത്തിരിക്കുകയാണ്....നന്മകള്‍ നിറഞ്ഞ ഒരു റമദാന്‍ കൂടി കടന്നു വരട്ടെ എന്നാഗ്രഹിച്ചു ഒരു പതിതനെപ്പോലെ ഞാനും കാത്തിരിക്കുന്നു.....