Sunday, October 14, 2012

നോവിക്കാതിരിക്കുക, നോവിക്കപ്പെട്ടാലും

ഇന്ന് അവരെ വീണ്ടും കണ്ടു... അവരുടെ സ്ഥാപനത്തിന്റെ ഗെയ്റ്റില്‍ എത്തിയപ്പോള്‍ സെക്യൂരിറ്റി വന്നു..എന്റെ തിരിച്ചറിയല്‍ കാര്ഡ് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു..നിങ്ങളെ കാത്തു മാഡം അവിടെ നില്പുണ്ട്. നിങ്ങള്‍ വരും എന്ന് ഞങ്ങളോട് വിളിച്ചു പറഞ്ഞിരുന്നു. റിസപ്ഷനില്‍ നിറപുഞ്ചിരിയോടെ കാത്തു നില്പുണ്ടായിരുന്നു അവര്‍.,..

കുശലാന്യോഷണങ്ങള്ക്ക് ശേഷം ഞാന്‍ ചോദിച്ചു.. നമ്മള്‍ തമ്മില്‍ അവസാനം കണ്ടപ്പോള്‍ നിങ്ങള്‍ പറഞ്ഞു തന്ന കഥയുടെ 
(ഒരു കൂടിക്കാഴ്ച)ആധികാരികത..?? അവര്‍ പറഞ്ഞു എന്റെ ചെറുപ്പത്തില്‍ എന്റെ ഉമ്മ ഞങ്ങളുടെ വീട്ടിലെ ആണ്കുട്ടികളോട് പറയാറുണ്ടായിരുന്ന ഒരു കഥ എന്നതിലപ്പുറം അതിന്റെ ആധികാരികത എനിക്കുമറിയില്ല.. തലമുറകളായി കാതുകളിലൂടെ കയറിയിറങ്ങിയ ഒരു കഥ എന്നതിലപ്പുറം അതിന്റെ ആധികാരികത എന്നൊന്ന് ഉണ്ടാവാന്‍ സാധ്യത ഇല്ലാ എന്നും അവര്‍ പറഞ്ഞു..

ഞാന്‍ ചോദിച്ചു  "പുതിയ വല്ല കഥയും ??"

ആ മുഖത്ത് ഒരു വല്ലാത്ത വിഷാദം കണ്ടപ്പോള്‍ അതിന്റെ കാരണം  ചോദിച്ചു..

ജീവിക്കുന്ന ചുറ്റുപാടിലെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വലിയ സ്ത്രീ..

ദിവസങ്ങള്ക്കു  മുമ്പേ പാകിസ്ഥാനില്‍ വെടിയേറ്റ്‌ വീണ പതിനാലുകാരിയുടെ പഠനതിനോടും ജീവിതത്തോടുമുള്ള വീക്ഷണത്തെ കുറിച്ച് അവര്‍ വാചാലയായി..ഇസ്ലാമാണ് പോലും, മുസ്ലിമാണ് പോലും... ഈ പെണ്കുട്ടികള്‍ എഴുത്തും വായനയും പഠിച്ചാല്‍ അവരുടെ മക്കളും സംസ്കാരമുള്ളവരാകും എന്നല്ലാതെ!!! ഹാഫിള് ഇബ്രാഹീം ന്റെതെന്നു പറഞ്ഞു ഒരു കവിതയുടെ മൊഴിമാറ്റം അവര്‍ പറഞ്ഞു.. "ജീവിതത്തിലെ ഏറ്റവും വലിയതും ആദ്യതെതുമായ ഗുരു എല്ലാവരുടെയും ഉമ്മമാര്‍ തന്നെയാണെന്ന്". പെണ്കുട്ടികള്‍ പഠിക്കട്ടെ!! ആ പെണ്‍കുട്ടികള്‍ അവരുടെ വീടുകളിലെ വിളക്കുമാടങ്ങളാവട്ടെ!! ഇസ്ലാമിന്റെ പേരില്‍ താടിയും വേഷവും കെട്ടിയാടുന്ന മനുഷ്യ രൂപത്തിലുള്ള കുറെയാളുകള്ക്ക്  വിദ്യാഭ്യാസം കിട്ടാതെ പോയതാണ് പതിനാലു വയസ്സ് പ്രായമുള്ള ഒരു കുരുന്നിന്റെ നേര്‍ക്ക്‌ നിറയൊഴിക്കപ്പെട്ടതിന്റെ കാരണങ്ങളിലൊന്ന്‍ എന്നവര്‍ പറഞ്ഞു..

അവരെ ഈ വേഷങ്ങള്‍ കെട്ടിക്കുന്ന അറിവുള്ളവരും ആ കൂട്ടത്തിലുണ്ടാവില്ലേ എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു.. വിശുദ്ധ ഖുര്‍ ആനിലെ സൂറത്ത് ഇബ്രാഹീമിന്റെ അവസാനം ചില വാചകങ്ങള്‍ ഉണ്ട്... അതൊന്നു വായിക്കണം..കയ്യിലുണ്ടായിരുന്ന ലാപ്‌ടോപ്‌ തുറന്നു ഞാന്‍ ആയതുകള്ക്ക് വേണ്ടി പരതി.

ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം.

ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്ത്ത്ു ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം.

അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല് (ടാര്‍) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്‌.

ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുണ്ടാക്കിയതിനുള്ള പ്രതിഫലം അല്ലാഹു നല്കുരവാന്‍ വേണ്ടിയത്രെ അത്‌. തീര്ച്ചചയായും അല്ലാഹു അതിവേഗത്തില്‍ കണക്ക് നോക്കുന്നവനത്രെ.

ഇത് മനുഷ്യര്ക്ക്  വേണ്ടി വ്യക്തമായ ഒരു ഉല്ബോംധനമാകുന്നു. ഇതു മുഖേന അവര്ക്കു  മുന്നറിയിപ്പ് നല്കകപ്പെടേണ്ടതിനും, അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്മാ ര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്ബോ്ധനം) . (ഇബ്രാഹീം 48-52 )

അവരുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവര്‍ പറഞ്ഞു...

ആയുധങ്ങളില്‍ ഏറ്റവും മൂര്ച്ചയുള്ളതു നിന്റെ നാവു മാത്രമാണ്, അതിനെ നല്ല നിലയിലും ചീത്ത നിലയിലും ഉപയോഗിക്കാം. തെറ്റായി ഉപയോഗിച്ചാല്‍ നമുക്ക് തന്നെയാണ് നാശം.. അതിന്റെ നാശം നിന്നെ ദുനിയാവില്‍ വെച്ച് ബാധിക്കുകയില്ല, മറിച്ച് പരലോകത്തായിരിക്കും.. തന്റെ നാവു കൊണ്ട് പറഞ്ഞു കൂട്ടിയതിന്റെ വിളവെടുപ്പ് എന്നവണ്ണം നമ്മളില്‍ പെട്ട കുറെ ആളുകള്‍ നരകത്തില്‍ മൂക്ക് കുത്തി വീഴുക തന്നെ ചെയ്യും
" وَهَلْ يَكُبُّ النَّاسَ عَلَى مَنَاخِرِهِمْ فِي جَهَنَّمَ إِلَّا حَصَائِدُ أَلْسِنَتِهِمْ "

രണ്ടു ദിവസം മുമ്പേ ഞാന്‍ ഏറ്റവുമധികം സ്നേഹിക്കുന്ന എന്റെ സഹോദരനെ കുറിച്ച് യൂസ്ലെസ്സ് (Useless) എന്ന് മറ്റൊരു സഹോദരന്‍ പറഞ്ഞപ്പോള്‍ എനിക്ക് മറുവാക്ക് പറയാന്‍ കഴിയില്ലായിരുന്നു. പതിവില്ലാത്ത വിധം എന്റെ കൂടപ്പിറപ്പിനെ പോലെ ഞാന്‍ കാണുന്ന സ്നേഹിതനോട് ഫോണില്‍ സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞു..നിന്റെ സ്റ്റാറ്റസ് അപ്ടേറ്റ്‌ ഒരുപാട് വിശാലതയുള്ളതാണ് എന്ന് ഞാന്‍ അനുഭവിച്ചിട്ടുണ്ട്..
ما ان ندمت على سكوتي مرة ... ولقد ندمت على الكلام مرارا
"എന്റെ നിശബ്ദതയുടെ പേരില്‍ ഞാന്‍ ഒരിക്കലും ഖേദിച്ചിട്ടില്ല, എന്റെ സംസാരത്തിന്റെ പേരില്‍ ഞാന്‍ പല തവണ ഖേദിച്ചിട്ടുണ്ട്"

എന്റെ നാവ് ആരെയും നോവിക്കാതിരിക്കട്ടെ, ഞാന്‍ നോവിക്കപ്പെട്ടുവെങ്കിലും!

Wednesday, October 10, 2012

ഒരു കൂടിക്കാഴ്ച

സംസാര മദ്ധ്യേ തൊട്ടടുത്ത പള്ളിയില്‍ നിന്ന് ഇഖാമത് കൊടുത്തു.. 
ഞാന്‍ നമസ്കരിച്ചു വരാം എന്നിട്ട് സംസാരം തുടരാം എന്ന് പറഞ്ഞു.. 
എന്റെ ഉമ്മയെക്കാള്‍ പ്രായമുള്ള സ്ത്രീയായിരുന്നു അവര്‍..,..
തന്റെ നാട്ടിലെ വനിതകള്‍ അഭ്യസ്തവിദ്യരും കാര്യപ്രാപ്തി ഉള്ളവരും ആകണം എന്നാഗ്രഹിക്കുന്ന ഒരു സ്ത്രീ. 
ഞാന്‍ നമസ്കരിച്ചു വന്നു..എന്നെ കുറിച്ചും എന്റെ നാടിനെ കുറിച്ചും അവിടുത്തെ സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ചും അവര്‍ ചോദിച്ചു. 

എന്റെ ഉമ്മ കഴിഞ്ഞ മുപ്പതു വര്ഷമായി ഒരു അധ്യാപികയാണെന്ന് പറഞ്ഞു.. ഉമ്മയുടെ ഒഴിവനുസരിച്ച് ദുബായില്‍  കൊണ്ട് വരണം എന്നും ഒരു ദിവസം അവരുടെ അതിഥിയായി വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു..

പോരാന്‍ നേരത്ത് ഒരു കഥ പറഞ്ഞു തന്നു... ഞാന്‍ കേട്ടിട്ടില്ലാത്ത എന്നാല്‍ പലരും കേട്ട കഥ.. ഇനിയും കേള്‍ക്കാതവര്‍ക്ക്  വേണ്ടി ഒരിക്കല്‍ കൂടി...

ഒരു പ്രഭാതത്തില്‍ ഒരു മനുഷ്യന്‍ സുബഹി നമസ്കാരത്തിന് വേണ്ടി പള്ളിയിലേക്ക്  പുറപ്പെട്ടു.. വഴിയില്‍ വെച്ച് ഇരുട്ടത്ത് അയാള്‍ വീണു.. വസ്ത്രത്തില്‍ അഴുക്കു പുരണ്ടു.. തിരിച്ചു വീട്ടില്‍ പോയി വസ്ത്രം മാറി പള്ളിയിലേക്ക് നടന്നു.. വീണ്ടും അയാള്‍ വീഴുകയും വസ്ത്രത്തില്‍ അഴുക്കു പുരളുകയും ചെയ്തു.. തിരിച്ചു വീട്ടിലേക്കു തന്നെ നടന്നു ആ വസ്ത്രവും മാറി അയാള്‍ പള്ളിയിലേക്ക് നടന്നു.. വഴി മദ്ധ്യേ ഒരു മനുഷ്യനെ കണ്ടു.. അയാളുടെ അടുത്ത്  വെളിച്ചം ഉണ്ടായിരുന്നു. ആ വെളിച്ചത്തില്‍ അയാളോടോരുമിച്ചു പള്ളിയിലേക്ക് നടന്നു.. പള്ളിയുടെ വാതിലിലെത്തിയപ്പോള്‍ കൂടെയുള്ള ആള്‍ പള്ളിയില്‍ കയറിയില്ല..
നമസ്കരിക്കാന്‍ വേണ്ടി വഴിയില്‍ നിന്നും കണ്ട സുഹൃത്തിനെ നിര്‍ബന്ധിച്ചു...അതിനു വഴങ്ങാത്തപ്പോള്‍ എന്താണ് കാരണം എന്നന്യോഷിച്ചു..

അയാള്‍ പറഞ്ഞു.. ഞാന്‍ ശൈത്താന്‍ ആണ്....നീ പള്ളിയിലേക്ക് പോയപ്പോള്‍ ഞാന്‍ നിന്നെ ആദ്യം തള്ളിയിട്ടു... നീ തിരിച്ചു വീട്ടില്‍ പോകുകയും പള്ളിയില്‍ പോകാതിരിക്കുകയും ചെയ്യാന്‍ വേണ്ടി... പക്ഷെ നീ വീണ്ടും പള്ളിയിലേക്ക് പോന്നു.. അപ്പോള്‍ അല്ലാഹു നിന്റെ പാപം മുഴുവന്‍ പൊറുത്തു തന്നു..

വീണ്ടും ഞാന്‍ നിന്നെ വീഴ്ത്തി ... പള്ളിയില്‍ പോകുന്നത് തടയാന്‍.. ...,.. വീട്ടില്‍ പോയി വസ്ത്രം മാറി നീ വീണ്ടും പള്ളിയില്‍ പോന്നു.. അപ്പോള്‍ അല്ലാഹു നിന്റെ വീട്ടുകാരുടെ പാപം മുഴുവനും പൊറുത്തു തന്നു.... ഞാന്‍ പിന്നെ നിന്നെ തടഞ്ഞില്ല.... നീ പോയി തിരിച്ചു വന്നാല്‍ നിന്റെ ഗ്രാമക്കാരുടെ പാപം മുഴുവന് അല്ലാഹു പോരുത്താലോ??? അതിലേറെ നല്ലത് നിന്നെ നിന്റെ വഴിക്ക് നല്ല നിലയില്‍ എത്തിക്കുന്നത് തന്നെയാണ് എന്ന് മനസ്സിലാക്കി നിന്നെ കൊണ്ട് വന്നാക്കാന്‍ കൂടെ പോന്നതാണ്.."

കഥ മുഴുമിച്ചു..

അടുത്ത ആഴ്ച വീണ്ടും കാണാമെന്നവര്‍ പറഞ്ഞു...
വീണ്ടും കാണുമ്പോള്‍ മറ്റൊരു കഥ പറയുമോ എന്ന് ഞാന്‍ ചോദിച്ചു...
അവര്‍ ചിരിച്ചു..

ഒരു സമൂഹത്തെ നന്മയിലേക്ക് തിരിച്ചു വിടാന്‍ പ്രാപ്തിയുള്ള ഏറ്റവും യോഗ്യന്മാര്‍ ആ സമൂഹത്തിലെ അധ്യാപകരാണ് എന്നവര്‍ പറഞ്ഞിരുന്നു.. മുപ്പതു കൊല്ലം അധ്യാപനം നടത്തുന്ന ഒരുമ്മയുടെ മകനോട് തോന്നിയ സ്നേഹം അവര്‍ എന്നോട് പങ്കു വെച്ചതായിരിക്കണം.. !!