Monday, October 03, 2011

എന്നുമുതലാണ് ഇതെല്ലാം നമ്മില്‍ നിന്ന് അന്യം നിന്നുപോയത്??

പ്രബുദ്ധ കേരള മനസാക്ഷിയിലെക്ക് വിരല്‍ ചൂണ്ടി ഒരു ബുള്ളഷ് റാവു കൂടി നടന്നു നീങ്ങി. യാത്ര മദ്ധ്യേ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണു തലയ്ക്കു മുറിവ് പറ്റി രക്തമൊലിക്കുന്ന തലയുമായി അടുത്ത വീടുകളില്‍ കയറി ചെല്ലുമ്പോള്‍ മലയാളിയുടെ സഹജമായ സുരക്ഷിതത്വ ബോധം കൊണ്ട് അയാളെ ആരും തിരിഞ്ഞു നോക്കിയില്ലെത്രേ !!!. ഒരിറ്റു ദാഹ ജലവും ആരും കൊടുക്കാന്‍ തയ്യാറായില്ല എന്ന് കൂടി കേള്കുമ്പോള്‍ സങ്കടം തോന്നുന്നു. അര്ദ്ധരാത്രിയില്‍ രക്തമൊലിച്ചു നടക്കുന്ന ഈ സാധുവിന് നേരെ പട്ടി കൂടി തിരിഞ്ഞപ്പോള്‍ പിന്നെ ജീവന്‍ നിലനിര്ത്താന്‍ ഓടിക്കയറിയത് അടുത്ത ഭജന മഠത്തില്‍. മനുഷ്യത്വം ഒട്ടും ബാകിയില്ലാത്ത കുറെ ജന്തുക്കളുടെ കൂടെ സഹവസിക്കുന്നതിലുമപ്പുറം ഭൌതിക ജീവിതത്തിന്റെ തിരശീലയ്ക്കു പിന്നിലേക്ക് നടന്നു നീങ്ങാന്‍ ബുള്ളഷ് റാവു ഭക്തിയുടെ കയറു തിരഞ്ഞെടുത്തു തൂങ്ങിയത്തില്‍ വലിയ അത്ഭുതമൊന്നും തോന്നേണ്ടതില്ല.

നമ്മുടെ മനസ്സാക്ഷി മരവിച്ചു പോയിരിക്കുന്നു.
അലിവിന്റെയും ആര്ദ്രതയുടെയും ചെറു കണമെന്കിലും ബാകിയുള്ള എത്ര മനുഷ്യന്മാരുണ്ട് നമുക്ക്ചുറ്റും??
തന്റെ സഹോദരനുവേണ്ടി ഒരു ചെറു സഹായമെന്കിലും ചെയ്യാതിരിക്കാന്‍ മാത്രം എന്ത് സ്വതബോധമാണ് നമ്മെ നയിക്കുന്നത്??

എന്റെ ഒരു സുഹൃത് അദ്ദേഹത്തിന്റെ ഫേസ് ബുക്ക്‌ താളുകളില്‍ കുറിച്ചിട്ട കരളലിയിക്കുന്ന ഒരു സംഭാഷണം. ആഗ്രഹങ്ങളുടെ നിറ കൂംബാരവുമായാണല്ലോ നമ്മുടെ ഗമനം!!!
പ്രായവും കാലവും മാറുന്നതിനനുസരിച്ച് ആഗ്രഹങ്ങളിലും മാറ്റങ്ങള്‍ വരുത്തി ഒന്നൊന്നായി സഫലീകരിച്ചു മുന്നോട്ടു പോകുന്ന ജീവിത യാത്ര. ഈ യാത്രക്കിടയില്‍ ഒരു സംഘം സഹജീവി സ്നേഹം വറ്റിയിട്ടില്ലാത്ത കുറച്ചു ചെറുപ്പക്കാര്‍ ഇരു കിട്നികളും പ്രവര്ത്തനരഹിതമായി കിടക്കുന്ന തങ്ങളുടെ സ്നേഹിതനെ സന്ദര്ശിച്ചു കുഷലാന്യോഷങ്ങള്‍ നടത്തി. ജീവന്റെ തുടിപ്പ് ശരീരത്തില്‍ നില നിര്ത്താന്‍ ഒരു മാസം ഇരുപത്തി നാലായിരം ഇന്ത്യന്‍ ഉറുപ്പിക നമ്മളെ പ്പോലെയുള്ള പലരും കനിഞ്ഞു നല്കിയിട്ടാണ് അയാള്‍ ഇന്ന് ജീവിക്കുന്നത്. ഈ സുഹ്ര്തും നമ്മളെപ്പോലെ ആഗ്രഹം ഉള്ളവനാണ്. പക്ഷെ ഭൌതിക ജീവിതത്തിലെ പരക്കണക്കിനു ആഗ്രഹങ്ങളുടെ ചിറകില്‍ യാത്ര ചെയ്യുന്ന, അവനെ സന്ദര്ശികച്ച കൊച്ചു സംഘത്തോട് അവന്‍ അവന്റെ ആഗ്രഹ സഫലീകരണത്തിന് പ്രാര്ഥികക്കാന്‍ പറഞ്ഞുവത്രേ. വിചിത്രമായിരുന്നു ആ ആഗ്രഹം.

അവനു “സ്വന്തമായി ഒന്ന് മൂത്രമൊഴിക്കാന്‍ കഴിയണം”.

നിസ്സാരനാണ് പലപ്പോഴും മനുഷ്യന്‍. ചുറ്റുപാടിനെ കാണാന്‍ കഴിയാതെ പോകുമ്പോള്‍ എത്തിചേരുന്ന സുരക്ഷിതത്വ ബോധമാകണം ഒരു ബുള്ളഷ് കൂടി നമ്മില്‍ നിന്നകന്നു പോകാന്‍ കാരണം.

കൊടിയ ദാരിദ്ര്യം അരക്കിട്ട് പിടിച്ച ആഫ്രിക്കന്‍ നാടുകളിലോന്നില്‍ ഐക്യരാഷ്ട സഭയുടെ ടിസാസ്റ്റര്‍ മാനജ്മെന്റ് സംഘങ്ങളിലൊരു സംഘം സന്ദര്ശ്നം നടത്തി. ഒരു വേള ഒരഭായാര്ത്ഥി ക്യാമ്പില്‍ കടന്നു ചെന്നപ്പോള്‍ ഒരു കുട്ടിയെ മുലയൂട്ടിരുന്ന മാതാവ് കുഞ്ഞിനെ മാറില്‍ നിന്ന് വലിച്ചു മാറ്റി കീറിയ വസ്ത്രം കൊണ്ട് മാറ് മറക്കാന്‍ പാടുപെടുകയായിരുന്നു. അമ്മയുടെ മാറിടത്തില്‍ നിന്ന് വേര്പെട്ട കുട്ടി കരഞ്ഞു കൊണ്ടിരിക്കെ വായില്‍ നിന്ന് ചോര പുറത്തു വരുന്നുണ്ടായിരുന്നു. അമ്മിഞ്ഞപ്പാലിനു പകരം രക്തം വലിച്ചു കുടിച്ചിരുന്ന ആഫ്രിക്കയിലെ ആ കൊടിയ ദാരിദ്ര്യം നമ്മെ വളഞ്ഞിട്ടു പിടിച്ച ഒരു ഭൂതകാലം നമുക്കുണ്ടായിട്ടില്ല. നമ്മുടെ ബാല്യവും കൌമാരവും ആഹ്ലാദഭരിതമായാണ് മുന്നോട്ട് ഗമിച്ചതും ഗമിക്കുന്നതും.


കുടുംബം പോറ്റാനും ഒരു ചാണ്‍ വയര് നിറയ്ക്കാനും പെടാപാട് പെടുന്ന ഒരു ബാല്യത്തിന്റെ ചിത്രം ഇന്നലെ ഫേസ്ബുക്കിന്റെ ചുമരുകളിലോന്നില്‍ കണ്ടു.
എടുക്കുന്ന ജോലിമുഴുവന്‍ നിര്ത്തി വെച്ച് അതിലൂടെ കണ്ണോടിക്കുമ്പോള്‍ എന്റെ ഒരു സ്നേഹിതന്‍ ഒരു കമന്റു കുറിചിട്ടത് കണ്ടു.
“പുസ്തകങ്ങളും കളിപ്പാട്ടങ്ങളും എന്റെ ആര്ഭാടങ്ങള്‍..
അന്നത്തിനായുള്ള നെട്ടോട്ടം എന്റെ ബാല്യം കവര്ന്നു.
ഓമനേ, നീ അധ്വാനിച്ച് ജോലി ചെയ്ത് കഴിഞ്ഞു കൂടേണ്ട ഒരു കുടുംബമുണ്ടോ? എങ്കില്‍ ഞങ്ങളുടെ പാപക്കറ കഴുകിക്കളയാന്‍ ഒരു പുണ്യ നദിയും മതിയാകില്ല.”

ഈ അടുത്ത് കേട്ട ഒരു കഥ ഇങ്ങനെയായിരുന്നു.
രാജ്യം ഭരിക്കുന്ന ഖലീഫയുടെ മുന്നിലേക്ക്‌ രണ്ടു ചെറുപ്പക്കാര്‍ ഒരു മനുഷ്യനെ വലിച്ചിഴച്ചു കൊണ്ട് വന്നു. ആ രൂപത്തില്‍ അയാളെ അവിടെ എത്തിക്കാന്‍ അയാള്‍ ചെയ്ത കൃത്യമെന്താണെന്നു ഖലീഫ ചോദിച്ചു.

അവര് പറഞ്ഞു “ഇയാള്‍ ഞങ്ങളുടെ പിതാവിനെ കൊന്നിരിക്കുന്നു. പകരം ഇയാളെയും വധിക്കാന്‍ ഉത്തരവിടണം”.

കുറ്റവാളി പറഞ്ഞു “ഞാന്‍ കൊന്നതല്ല, പറ്റിപ്പോയതാണ്..”

“അവരുടെ പിതാവ് അയാളുടെ ഒട്ടകങ്ങളുമായി എന്റെ പറമ്പില്‍ കയറി. അവയെയും കൊണ്ട് പുറത്തുപോകാന്‍ ഞാന്‍ അയാളോടാവശ്യപ്പെട്ടു. എന്നാല്‍ അവകളും അയാളും വീണ്ടും ഉള്ളിലേക്ക് കടന്നു വന്നപ്പോള്‍ ഞാന്‍ ഒരു കല്ലെടുത്ത് അയാളെ എറിഞ്ഞു. അത് അയാളുടെ തലയില്‍ തട്ടി, അയാള്‍ മരിച്ചു”.

അയാളെ വധിക്കാന്‍ ഖലീഫ ഉത്തരവിട്ടു.

കുറ്റവാളി പറഞ്ഞു.

“എനിക്കൊരപെക്ഷ ഉണ്ട്. മരിക്കുന്നതിനു മുമ്പ്‌ എന്റെ കുടുംബത്തില്‍ പോയി എന്റെ മക്കളോടും ഭാര്യയോടും യാത്ര പറയണം. ഞാന്‍ അവര്ക്ക് ഭക്ഷണം തേടി ഇറങ്ങിയതാണ്. അവര്‍ എന്നെ പ്രതീക്ഷിചിരിക്കും. മൂന്നു ദിവസത്തിനുള്ളില്‍ ഞാന്‍ തിരിച്ചു വരും.”

കാല്‍ നടയോ ഒട്ടകങ്ങളോ സഞ്ചാരമാര്ഗമുള്ള ഒരു കാലതായതിനാല്‍ ഖലീഫ മൂന്നു ദിവസമനുവദിച്ചു. പക്ഷെ പകരം ജാമ്യക്കരനായി ഒരാളെ നല്ക്ണം. തന്നെ അറിയാത്ത ഒരു പ്രദേശത്ത്‌ ജാമ്യം കിട്ടാന്‍ ഒരാളെ കിട്ടാതെ വിഷമിക്കുന്ന അയാള്ക്ക് വേണ്ടി ആ പ്രദേശത്തെ ഒരു നല്ല മനുഷ്യന്‍ ജാമ്യം നിന്നു. അയാള്‍ വീട്ടിലേക്കു പോയി. മൂന്നാം ദിവസം പറഞ്ഞ സമയമവസാനിച്ചിട്ടും അയാളെ കാണാതെ പോയപ്പോള്‍ ജനം മുറുമുറുപ്പ് തുടങ്ങി. ജാമ്യം നിന്നയാളെ ഓര്ത്ത് ‌ പലരും പരിഭവിച്ചു. അവരുടെ എല്ലാ ആശങ്കകള്‍ക്കും അറുതി വരുത്തി ദൂരെ അയാള്‍ വരുന്നത് അവര് കണ്ടു.

ഖലീഫയുടെ സന്നിതിയിലെതിയ അയാളോട് ഖലീഫ ചോദിച്ചു..

“നിങ്ങളെന്തിന് തിരിച്ചു വന്നു. നിങ്ങളെ ഇവിടെ ആര്ക്കും അറിയില്ല. നിങ്ങള്‍ എവിടതുകാരനാണെന്നു ഞങ്ങള്ക്കും അറിയില്ല. നിങ്ങള്‍ വരാതിരുന്നാല്‍ ആരും നിങ്ങളെ തിരഞ്ഞു വരാനും സാധ്യത ഇല്ല. എന്നിട്ടും നിങ്ങളെന്തിന് തിരിച്ചു വന്നു??”

അയാള്‍ പറഞ്ഞു.

“എനിക്ക് വരാതിരിക്കാമായിരുന്നു. ഞാന്‍ അങ്ങളെ ചെയ്‌താല്‍ പില്കാലത്ത്‌ ജനം പറയും..അന്ന് വാഗ്ദാനപാലനത്തിനു യാതൊരു വിലയുമില്ലായിരുന്നു”.

ഖലീഫ ജാമ്യം നിന്ന ആളോട് ചോദിച്ചു. നിങ്ങളെ അറിയാത്ത, നിങ്ങള്‍ അറിയാത്ത, തിരിച്ചു വരും എന്നതിനു യാതൊരു ഉറപ്പും ഇല്ലാത്ത ഒരു സമയത്ത് നിങ്ങള്‍ എന്തിനാണ് ഇയാള്ക്ക് വേണ്ടി ജാമ്യം നിന്നത്??

ജാമ്യക്കാരന്‍ പറഞ്ഞു.

“ഞാന്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ പില്കാലത്ത് ജനം പറയും..അന്ന് ഹൃദയത്തില്‍ അലിവും ആര്ദ്രതയും ഉള്ള ഒരാളുമില്ലായിരുന്നു..”

കുറ്റവാളിയെ വലിച്ചിഴച്ചു കൊണ്ട് വന്ന കുട്ടികളിലേക്ക് തിരിഞ്ഞ ഖലീഫയോടു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കുട്ടികള്‍ പറഞ്ഞു.

“ഞങ്ങള്‍ ഇയാള്‍ക്ക് പൊരുത് കൊടുത്തിരിക്കുന്നു”

ഖലീഫ ചോദിച്ചു. നിങ്ങള്ക്കെ്ന്തു പറ്റി. പൊരുത് കൊടുക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്?

അവര്‍ പറഞ്ഞു.

“ഞങ്ങള്‍ പൊരുത് കൊടുത്തില്ലെങ്കില്‍ പില്കാലത്ത്‌ ജനം പറയും. അന്ന് വിട്ടുവീഴ്ച ചെയ്യാന്‍ ആരും തായ്യാറായിരുന്നില്ലയെന്നു

ഈ കഥ മുഴുമിച്ചപ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു. എന്റെ കാലത്ത് വാഗ്ദാന പാലനവും, അലിവും, ആര്ദ്ര്തയും, ദയയും, വിട്ടു വീഴ്ചയുമൊക്കെ മനുഷ്യമനസ്സില്‍ നിന്ന് അന്യം നിന്നുപോയിട്ടില്ലേ..??

നിങ്ങള്ക്കെൊന്തു തോന്നുന്നു?

എന്നുമുതലാണ് ഇതെല്ലാം നമ്മില്‍ നിന്ന് അന്യം നിന്നുപോയത്??