Sunday, April 01, 2012

എന്റെ സ്വകാര്യ ദുഖ:വും അവരുടെ സ്വപ്നങ്ങളും

അതെ പ്രവാസത്തിനു നാല് വയസ്സ് പിന്നിട്ടു. ഓഫീസിലെ തിരിയുന്ന കസേരയില്‍ ഇരുന്നു തിരിഞ്ഞു നോക്കി. കുറച്ചു കാലമായി പിതാവില്‍ നിന്ന് കേള്‍ക്കുന്ന പതിവുപദേശങ്ങളിലൊന്ന്‍ നാട്ടിലൊരു ജോലിക്ക് വേണ്ടിയുള്ള ശ്രമം നടത്തണം എന്നതാണ്. ജീവിതത്തിന്റെ പ്രാരബ്ധങ്ങളില്‍ നിന്ന് കരകയറാന്‍ വേണ്ടി വിമാനം കയറിയവനായിരുന്നില്ല ഞാന്‍. ഒരു നട്ടുച്ചക്ക് എന്നെ തേടിയെത്തിയ ഒരു ഫോണ്‍ കാള്‍ സമ്മാനിച്ചതായിരുന്നു എന്റെ പ്രവാസം. അതിന്റെ ഒന്നാം തിയ്യതി മുതല്‍ ഇന്ന് വരെ പ്രവാസം എനിക്ക് ജോലിക്കൊരു ജോലി എന്നതിലപ്പുറം മറ്റൊന്നുമല്ല. നാട്ടിലെ ജോലിയേക്കാള്‍ എനിക്കിഷ്ടം ഗള്‍ഫിലെ ജോലിയുമാണ്. വ്യത്യസ്ത ദേശക്കാര്‍, വിവധ ഭാഷകള്‍, ജോലിയുടെ സമയം, കൃത്യത, അടിസ്ഥാന സൗകര്യങ്ങള്‍ അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങളില്‍ നാട്ടു ജോലിയേക്കാള്‍ ഗള്‍ഫ്‌ ജോലി എന്റെ മുന്നില്‍ മികച്ചു നില്‍ക്കുന്നു. അത് കൊണ്ട് തന്നെ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂട്ടി വെച്ച പുസ്തകങ്ങള്‍ പിന്നീട് വളരെ അപൂര്‍വ്വമായേ തുറന്നുള്ളൂ.

ഒരു സുപ്രഭാതത്തില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നതിനിടെ ഉപ്പയുടെ ഫോണ്‍ വിളി വന്നു. തപ്പിത്തടഞ്ഞ് മൊബൈല്‍ എടുത്തു സംസാരിച്ചപ്പോള്‍ സംഗതി ഭയങ്കര സീരിയസ് ആണ്. അയല്‍ പ്രദേശത്തുള്ള മുഴുവന്‍ കോളേജുകളിലും കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അടിസ്ഥാന യോഗ്യതയുള്ളവരെ മഷിയിട്ടു തിരഞ്ഞിട്ടും കിട്ടാനില്ലാത്ത സ്ഥിഗതിയായിരുന്നു കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപക തസ്തികയ്ക്ക്. യൂനിവേര്സിറ്റിക്കു കീഴിലുള്ള ഏതാനും ചില പെര്‍മനെന്റ് അദ്ധ്യാപകരും അടിസ്ഥാന യോഗ്യത ഇല്ലാത്തവരാണ്. കാലങ്ങളായി യു. ജി. സിയില്‍ അടയിരുന്ന് ഒഴിവു കഴിവ് വാങ്ങി ചക്കയിട്ടു മുന്നോട്ടു പോകുന്നതിനിടെ കിട്ടിയ മുയലായിരുന്നു അവര്‍ക്കും ഈ പുതിയ ഉത്തരവ്. ഏതായാലും മകന് നാട്ടിലൊരു ജോലി എന്ന പിതാവിന്റെ ഉത്കടമായ അഭിലാഷം മുഴുവന്‍ സ്ഥലത്തും അപേക്ഷ കൊടുക്കാന്‍ അദ്ദേഹം തന്നെ മുന്നിട്ടിറങ്ങുന്ന അവസ്ഥയിലെത്തി..

പിന്നെയും രണ്ടു മാസം കഴിഞ്ഞു. പതിവ് പോലെ വീണ്ടും പ്രഭാത ഉറക്കത്തിന്റെ മൂര്ധന്യതയില്‍ ഉപ്പയുടെ വിളി വന്നു. ഒരു കോളേജില്‍ നിന്ന് ഇന്റര്‍വ്യൂ കാര്‍ഡ് വന്നിരിക്കുന്നു. ഇന്നേക്ക് അഞ്ചാം നാള്‍ ഇന്റര്‍വ്യൂ. എത്രയും പെട്ടെന്ന് നാട്ടില്‍ വരണം. സകലമാന വിമാന കമ്പനികളും കഴുത്ത് മുറുക്കുന്ന വിലയുമായി കാത്തു നില്‍കുന്ന സമയത്ത് ഖത്തര്‍ എയര്‍ വെയ്സിന്റെ പൊള്ളുന്ന ടിക്കെറ്റെടുത്ത് പറയപ്പെട്ട ദിവസത്തിന്റെ മൂന്നു ദിവസം മുമ്പേ വീട്ടില്‍. എന്നെ കണ്ടതും കെട്ട്യോളുടെ മുഖത്തു അസാധാരണമാം വിധം പ്രകാശം. ഉപ്പയുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും വന്നു തുടങ്ങി. ഇന്റര്‍വ്യൂ പെര്‍ഫോമന്‍സ് കെങ്കേമമാക്കണം എന്നാല്‍ സംഗതി ഉറപ്പ്‌ എന്ന മട്ടിലായിരുന്നു. അദ്ദേഹം. ആ പണി എനിക്ക് വിട്ടോളൂ, വല അടിയൊഴുക്കും നടത്തണമെങ്കില്‍ നിങ്ങള്‍ നടത്തൂ എന്ന മട്ടില്‍ ഞാനും.

പറയപ്പെട്ട ദിവസം വന്നെത്തി. ഇന്റര്‍വ്യൂ. ഉപ്പയും ഒപ്പം വരണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു. പ്രവാസം ജീവിത ചര്യയിലെക്ക് സമ്മാനിച്ച വേഷ വിതാനത്തില്‍ പുതിയാപ്പിള പോയപ്പോള്‍ ഡ്രസ്സ്‌ ചെയ്തതിലും ഭംഗിയായി ഞാന്‍ ഇറങ്ങി. സകലമാന മുന്നൊരുക്കങ്ങളും നടത്തി, ഉമ്മ, ഭാര്യ, സഹോദരന്‍, സഹോദരി, ഏട്ടത്തിയമ്മ, കൊച്ചു മകന്‍, എല്ലാവരുടെയും അനുഗ്രഹാശിര്‍വാദങ്ങളോടെ ഞാന്‍ പടിയിറങ്ങി. മുപ്പതിയൊമ്പത് പേര്‍ ഹാജര്‍. പകുതിയിലധികവും സഹോദരിമാര്‍, അതില്‍ പകുതിപേരും ഗര്‍ഭിണികള്‍. ഭര്‍ത്താക്കന്മാരും, പിതാക്കളും എസ്കോര്‍ട്ട്. മുന്‍പേ പരിചയമുള്ള പല മുഖങ്ങളും അവിടെ ഹാജര്‍. പന്ത്രണ്ടാം ക്ലാസ്സില്‍ ചെമ്പരത്തിപ്പൂവിന്റെ നെടുകെയുള്ള ഛെദം ശരിയാവാതത്തിനു തര്‍ക്കുത്തരം പറഞ്ഞപ്പോള്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയ ശ്യാം സാര്‍ വരെ ഭാര്യയേയും കൊണ്ട് അവിടെ ഹാജരുണ്ട്. നാട്ടുകാരനും അയല്‍വാസിയുമായ പ്രിയ സ്നേഹിതന്‍, ഉമ്മയുടെ ഉറ്റ സുഹൃത്തിന്റെ മകന്‍, എത്രയോ കാലമായി എനിക്ക് പരിചയമുണ്ടായിരുന്ന ആ വലിയ മനുഷ്യന്‍..അയല്‍ നാട്ടുകാര്‍...അങ്ങനെ പലരും..

ദാഹത്തിന് ഒരു തുള്ളി ജലം പോലും കിട്ടാത്ത ഒരു സ്ഥലം,
പറയാത്ത കല്യാണത്തിന് ചെന്നപോലെയുള്ള സീകരണം,
ഒരു കുഞ്ഞാപ്പു വന്നിരിക്കുന്നു എന്ന മട്ടിലുള്ള ഏറനാടന്‍ നോട്ടം..
ഇതൊക്കെയായിരുന്നു ആതിഥ്യ മര്യാദയുടെ ആദ്യ ഘട്ടങ്ങള്‍.

ഇന്റര്‍വ്യൂവിന്റെ ആദ്യ പടി എന്ന നിലക്ക് ഉമ്മയുടെ പ്രായമുള്ള ഒരിത്താത്ത സര്‍ട്ടിഫിക്കറ്റ് വേരിഫികേഷന്‍ തുടങ്ങി. ദാഹം അസഹനീയമായപ്പോള്‍ ഇത്താത്തയുടെ അസിസ്റ്റന്റ് ആയ ഏറനാടന്‍ മാപ്പിളയോട് ഞാന്‍ ചോദിച്ചു..

“കാക്ക..ദാഹിച്ചിട്ടു ബെജ്ജ, കുടിചാം ബെള്ളം കിട്ടുമോ?”
കേട്ട പാതി കേള്കാത്ത പാതി കാക്ക മറുപടി പറഞ്ഞു..
”തായത്ത് പോയോക്ക്‌, അവുടെ ഇന്ടെങ്കി ണ്ടാകും”

അടിപൊളി..
എന്റെ ചോദ്യം കേട്ടപാടെ ഇത്താത്ത ബാഗ് തുറന്നു ഒരു കുപ്പി വെള്ളം എടുത്തു തന്നു.

ചോദ്യങ്ങളുടെ ഉത്സവ പറമ്പ് തന്നെയായിരുന്നു പിന്നെ. താത്തയുടെ വക..

പേര്? നിയാസ്‌
സ്ഥലം? മോങ്ങം
പഠിച്ചത്? ഫറൂഖില്‍
എത്ര കൊല്ലമായി കഴിഞ്ഞിട്ട്? അഞ്ചു കഴിഞ്ഞു
ഇപ്പോള്‍? ദുബായില്‍
കല്യാണം? കഴിഞ്ഞിട്ട് ഒരു കൊല്ലമായി
മക്കള്‍? ആയിട്ടില്ല, പ്രതീക്ഷിക്കുന്നു.
ഇന്റര്‍വ്യൂ വിനു വേണ്ടി മാത്രം വന്നതാണോ? അതെ.
എന്ന് പോകും? മറ്റന്നാള്‍
“എന്റെ മകന്‍ അബൂദാബിയില്‍ ഉണ്ട്, നിങ്ങള്‍ ഇരിക്കൂട്ടോ ഞാന്‍ വിളിക്കാം.”

അതിനിടെ അസിസ്റ്റന്റ്‌ കാക്ക കയറി കമന്റി..

“ഹി അടുത്തത് ഒരു താടിക്കരനാണ്, മൂക്ക് പൊട്ടിയ ചെരുപ്പും, പോക്കണം കെട്ടിയ ഇന്സയിടും, ചുളിഞ്ഞ കുപ്പായവും”

ആ താടിക്കാരന്റെ ചാന്‍സും കഴിഞ്ഞു. എന്നെ വിളിച്ചു. ഞാന്‍ ചെന്നു. അപ്പോഴേക്കും താടിക്കാരനെ കുറിച്ചുള്ള അഭിപ്രായം മലക്കം മറിഞ്ഞിരുന്നു.

അയാള്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പി. എച്ച്. ഡി നേടിയ മനുഷ്യന്‍. ആ പോസ്റ്റിനു വേണ്ട മുഴുവന്‍ യോഗ്യതയും ഉള്ള ഒരേ ഒരു മനുഷ്യന്‍. വിഷയത്തില്‍ തികഞ്ഞ അറിവ്, പക്വത..അങ്ങനെ അങ്ങനെ അനേകായിരം യോഗ്യതകള്‍..

എനിക്കയാളെ മുമ്പേ അറിയാമായിരുന്നു. ആരും അധികം ശ്രദ്ധിക്കാത്ത, ആരെയും നോവിക്കാത്ത, ഭൂമിക്ക്‌ മുകളില്‍ വിനയത്തോടെ നടക്കുന്ന, കിട്ടിയതില്‍ തൃപ്തനായി ഒന്നിനും പരാതി ഇല്ലാതെ നടക്കുന്ന അപൂര്‍വ്വം ചില ആളുകളില്‍ ഒരാള്‍..ഞാന്‍ അറിഞ്ഞിടത്തോളം അയാള്‍ ഒരു വലിയ മനുഷ്യനാണ്.
ഇത്താത്ത ബാക്കി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേ ഇരുന്നു. മുക്കാല്‍ ഭാഗവും എന്നെ കുറിച്ചുള്ള കുശലാന്വേഷണങ്ങള്‍ ആയിരുന്നു.
ജോലിയുടെ സ്വഭാവം, ശമ്പളം, ലീവ്, ആനുകൂല്യങ്ങള്‍, ഉമ്മ, ഉപ്പ, സഹോദരങ്ങള്‍, അങ്ങനെ വ്യക്തിപരമായ കുറെ കാര്യങ്ങള്‍.
അതും കഴിഞ്ഞു ഇന്റര്‍വ്യൂ കാത്തിരിപ്പ്‌ തുടര്‍ന്നു.

സമയം ഉച്ച തിരിഞ്ഞു രണ്ടു മണിയായി.

ഒടുവില്‍ കാത്തിരുന്ന ആ വിളി വന്നു. ഞാന്‍ അകത്തേക്ക് കടന്നു.
നാല് ആണുങ്ങള്‍,
എല്ലാവര്ക്കും കൂടി സകലമായ വിനയത്തോടെയും ഒരു ഗുഡാഫ്റ്റര്‍ നൂണ്‍ നേര്‍ന്നു.
പകരം കോളേജു പ്രിന്സിപാളുടെ ആവിയില്‍ കലര്‍ന്ന ഇരിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു ആംഗ്യവും..

നിയാസ്‌??? അതെ!!
പറയൂ നിയാസ് നിങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട്.

ഞാന്‍ കഥ തുടങ്ങി,

എണ്‍പതുകളുടെ മധ്യത്തില്‍ മോങ്ങത്തെ ഇരുട്ട് മുറിയില്‍ തുടങ്ങിയ യാത്ര ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ദുബായ്‌ വരെ എത്തിയ കഥ ആറ്റികുറുക്കി വിവരിച്ചു.

വിദ്യാഭ്യാസ മേഖലയിലെ ജോലി എന്ത് കൊണ്ട് ഇഷ്ടപ്പെടുന്നു എന്നതായിരുന്നു അടുത്ത ചോദ്യം..??

അരി വാങ്ങാന്‍ ഒരു ജോലി എന്നതിലപ്പുറം ഈ വിദ്യാഭ്യാസ ഭൂമികക്ക് ഒരുപാട് മഹത്വങ്ങളുണ്ട്. നേടിയെടുക്കാവുന്ന ജോലികളില്‍ അതി കുലീനമായ ജോലിയാണ് അധ്യാപനം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍..
മുന്‍ കേരള മുഖ്യ മന്ത്രി സി. എച്ച് . മുഹമ്മദ്‌ കോയ മലപ്പുറത്തെ കുറെ മാപ്പിളമാരെ അറബി അദ്ധ്യാപകരാക്കി മാറ്റിയ ഒരു കാലത്തിന്റെ ചരിത്രം വായിച്ചിടത്ത് ആ പരിഷ്കരണത്തിലൂടെ അദ്ദേഹം ലക്‌ഷ്യം വെച്ചത് അവരുടെ മക്കളും മക്കളുടെ മക്കളും വിദ്യാഭ്യാസത്തിലൂടെ സംസ്കാര സമ്പന്നരായി മാറുമെന്നായിരുന്നു. ആ ഉള്‍ക്കാഴ്ച നീതികരിക്കുന്നതാണ് ഞാന്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്ന് എനിക്ക് അനുഭവിക്കാനായത്.

പ്രിന്സിപ്പാളില്‍ നിന്ന് മാറി വിഷയത്തില്‍ അവഗാഹം നേടിയ ഇന്റര്‍വ്യൂവര്‍ ചോദ്യങ്ങള്‍ തുടങ്ങി.

സാങ്കേതിക വിദ്യയുടെ ഉപയോഗം നിത്യ ജീവിതത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നായിരുന്നു ചോദ്യം..?!!

ഫ്ലാഷ് ബാക്കുകള്‍ക്ക് പ്രസക്തിയില്ലല്ലോ..

മനസ്സിലെക്കോടി വന്നത് തൊണ്ണൂറ്റി മൂന്നില്‍ പ്രവാസിയായി മാറിയ ഉപ്പയുടെ അകല്‍ച്ച സൃഷ്ടിച്ച വിരഹ വേദനയോടെ ഉപ്പയുടെ ആഴ്ചയിലൊരിക്കലുള്ള അളന്നു മുറിച്ച അഞ്ചു മിനുട്ട് നേരത്തെ ഫോണ്‍ വിളിക്ക് കാത്തിരിക്കുന്ന ഉമ്മയുടെ മുഖവും പതിനഞ്ചു വര്‍ഷങ്ങള്കിപ്പു രണ്ടായിരത്തി എട്ടില്‍ പ്രവാസം തുടങ്ങിയ ഉമ്മയുടെ ചെറിയ ആണ്‍ തരിയായ ഞാന്‍ ദിവസവും വൈകുന്നേരം വീഡിയോ കോണ്‍ഫറന്‍സ് വഴി ചാറ്റ് ചെയ്യുമ്പോള്‍ പുഞ്ചിരിക്കുന്ന മുഖവുമായി മറു തലയില്‍ സംസാരിക്കുന്ന ഉമ്മയുടെ മുഖവുമാണ്.

വീഡിയോ കോണ്‍ഫെറന്‍സ്..??

അതെ സര്‍...

അതെന്താണ് ?? ഞങ്ങള്‍ക്കതറിയില്ല!!! കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട്..ഞങ്ങള്‍ നാലുപേരും നിന്റെ മുന്‍പില്‍ ഇരിക്കുന്ന വിദ്ധ്യാര്‍ഥികള്‍..ഞങ്ങള്‍ക്ക് പഠിപ്പിച്ചു തരണം.. ??!!

ചോക്കുമായി ബോര്‍ഡിലെഴുതി-വരച്ചു-അഞ്ചു മിനുട്ടുകല്കുള്ളില്‍ സംഗതി തീര്‍ന്നു.

എന്തായാലും ഒരു പുതിയ സംഗതി പ്രായത്തിനു മുതിര്‍ന്ന ‘വിവരമില്ലാത്ത നാലാളുകള്‍ക്ക്’ പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞല്ലോ..!!!

ഗവണ്‍മെന്റ് നോമിനിയുടെ ഊഴമായിരുന്നു അടുത്തത്..!!
ഒരു നോട്ടം..പിന്നെ ഒരു ചോദ്യം..

വിദേശത്താണല്ലേ?? അതെ സര്‍.

ഏറ്റവും അവസാനത്തേത് മാനെജുമെന്റു പ്രതിനിധി ആയിരുന്നു.
കോറം തികക്കാന്‍ ഒരാള്‍ എന്നതിലപ്പുറം മറ്റെന്തെങ്കിലും അയാള്‍ക്ക്‌ അവിടെ നിര്‍വഹിക്കാനില്ല എന്ന മട്ടില്‍ ഇരിക്കുന്ന ആ മനുഷ്യന്‍ എന്റെ മുഖത്തേക്ക് നോക്കി ചിരിക്കും എന്ന് ധരിച്ച എനിക്ക് തെറ്റി. ഞാന്‍ ഇവിടത്ത്കാരനേ അല്ല എന്ന മട്ടില്‍ തറയിലേക്ക് നോക്കി ഇരിക്കുകകയായിരുന്നു. അവരോടു നന്ദി പറഞ്ഞു ഞാന്‍ പടിയിറങ്ങി..

ശ്വാസം അടക്കി പിടിച്ച പിതാവ് പതിയെ ചോദിച്ചു..

ന്തായി??

ശുഭം..മംഗളം..
മിക്കവാറും ഇനി ഈ വഴിക്ക് വരേണ്ടി വരില്ല..!! നമുക്ക് പോകാം എന്ന് ഞാന്‍ മൊഴിഞ്ഞു..

ഉപ്പയോടുള്ള എന്റെ ആ മറുപടി ശരിയായിരുന്നു..ആ വഴിക്ക് വരികയേ വേണ്ട എന്ന നിലപാടാണ് കോളേജ്‌ അധികാരികള്‍ കൈ കൊണ്ടതു..

പിറ്റേ ദിവസം തന്നെ ദുബായിലേക്ക് പറന്നു..
നാട്ടിലെത്തിയപ്പോള്‍ അനുഭവിച്ചതും ഇന്റര്‍വ്യൂവിനു ശേഷം തിരിച്ചു ദുബൈയിലെത്തിയപ്പോള്‍ പിന്നീട് കേട്ടതും എനിക്കുള്‍കൊള്ളാന്‍ കഴിയാത്തതായിരുന്നു.

ന്യൂനപക്ഷ സമുദായത്തിന്റെ ഉന്നമനം എന്ന ഉദാത്തമായ ഒരു ലക്ഷ്യത്തെ വ്യഭിചരിക്കാന്‍ മനുഷ്യ കോലം കെട്ടിയ കുറെ സമുദായ സ്നേഹികളായ കപടന്മാരും തമ്മില്‍ ഭേതം തൊമ്മന്‍ എന്ന മട്ടില്‍ അവരുടെ കൂടെ കൂടിയ കുറെ മാന്യന്മാരും ചേര്‍ന്ന് നടത്തുന്ന കുതിര കച്ചവടമായിരുന്നു ആ ഇന്റര്‍വ്യൂ.

ഞാന്‍ ഓര്‍ത്തു പോയത്‌ എന്നെ ഇന്നത്തെ ഞാന്‍ ആക്കിയതില്‍ വലിയൊരു പങ്കു വഹിച്ച, എന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ മുക്കാല്‍ ഭാഗവും ഞാന്‍ ചിലവഴിച്ച എന്റ പ്രിയപ്പെട്ട ഫറൂഖ്‌ കോളേജിന്റെ സ്ഥാപകന്‍ അബുസ്സബാഹ് മൗലവിയെയായിരുന്നു.

പണ്ട്, ഞാന്‍ ഞാന്‍ ഭൂജാതനാവുന്നതിനും മുമ്പേ നടന്ന ഒരു കഥ..അല്പം ദിവസങ്ങളായി ഫറൂഖ്‌ കോളേജിന്‍റെ സ്ഥാപിത നിലപാടുകള്‍ക്കും കീര്‍ത്തിക്കും നിരക്കാത്ത ഒരു മാനേജുമെന്‍റ് തീരുമാനത്തിനെതിരെയുള്ള സമരം കാരണം പഠിപ്പു മുടങ്ങിയ സമയത്ത് സമര നേതാക്കന്മാരെ രോഗ ശയ്യയില്‍ കിടന്നിരുന്ന അബുസ്സബാഹ് മൌലവി വിളിച്ചു വരുത്തിയത്രേ!

പിതൃതുല്യം അവര്‍ സ്നേഹിച്ചിരുന്ന അബുസ്സബാഹ് മൌലവി വിളിപ്പിച്ചതിനെ കുറിച്ചുള്ള ആശങ്ക ബാക്കി നില്കെ അദ്ദേഹത്തിന്റെ മുന്നിലെത്തിയ സമര നേതാക്കന്മാരോട് അബുസ്സബാഹ് മൌലവി ഒരു കഥ പറഞ്ഞുവത്രേ..
ആ കഥ ഇങ്ങനെ ആയിരുന്നു..

“ഞങ്ങള്‍ കുറച്ചാളുകള്‍ വിജനമായ ഒരു കുന്നിന്‍ പ്രദേശത്ത് ഒരുമിച്ചു കൂടാറുണ്ടായിരുന്നു. ഞങ്ങള്‍ നമസ്കരിക്കുന്നവരുമായിരുന്നു. വുദു എടുക്കാന്‍ വെള്ളം കിട്ടാത്ത സ്ഥലമായതിനാല്‍ വെള്ളം കെട്ടി നിര്‍ത്തുന്ന ചെറിയ സംഭരണി ഉണ്ടാക്കുകയും അതില്‍ രാവിലെ വീട്ടില്‍ നിന്ന് വരുമ്പോള്‍ ഓരോരുത്തരും ഓരോ കുടം വെള്ളം കൊണ്ട് വന്നു നിറക്കുകയും ചെയ്യണം എന്നും ഞങ്ങള്‍ തീരുമാനിച്ചു. അത് കൊണ്ടുവന്നു കെട്ടിയുണ്ടാക്കിയ സംഭരണിയില്‍ ഒഴിച്ച് അതില്‍ നിന്നും വുദു എടുത്ത് നമസ്കരിക്കും. വുദു എടുക്കുന്നതിനനുസരിച്ചു വെള്ളം കുറയുമായിരുന്നു. രാവിലെ വെള്ളം ചുമന്നു കൊണ്ട് വരാന്‍ മടിയുള്ള ചില ആളുകള്‍ കുറയുന്ന വെള്ളം കൂട്ടാന്‍ ഒരുപായം കണ്ടു പിടിച്ചു. ആ മടിയന്മാരെല്ലാവരും അതിലേക്കു മൂത്ര മൊഴിക്കുക..വെള്ളം കൂടുമല്ലോ.!! യഥാര്‍തത്തില്‍ അത് എപ്രകാരം ആ വെള്ളത്തെ ആശുദ്ധമാക്കുമോ അത് പോലെ ആണ് മാനേജുമെന്റിന്റെ പുതിയ തീരുമാനം ഫറൂഖ്‌ കോളേജിന്റെ സ്ഥാപക ലക്ഷ്യത്തെ ആശുദ്ധമാക്കുന്നത്.”

അതിനാല്‍ അവരുടെ സമരം നിര്‍ത്തരുത് എന്നു പറയാന്‍ ആയിരുന്നുവത്രേ ആ മനുഷ്യന്‍ അവരെ വിളിപ്പിച്ചത്.

പകല്‍ പോലെ സത്യമാണ് ആ വീക്ഷണം..

ഞാന്‍ ആലോചിച്ചു പോയി..

മാപ്പിള സമുദായത്തിന്റെ പരിശുദ്ധതക്ക് നേരെ തിരിഞ്ഞു നിന്ന് മൂത്ര മൊഴിച്ചു കൊണ്ടിരിക്കുന്ന സമുദായ സ്നേഹികള്‍ക്ക് നിഷ്കാമികളായ മുന്‍ഗാമികളുടെ ഉദ്ദേശ്യശുദ്ധിയെ തിരിച്ചറിയാന്‍ കഴിയാത്ത വിധം സമ്പത്തിനോടുള്ള ഭ്രമം അവരെ കുരുടന്മാരാക്കിയിരിക്കുന്നു എന്ന് സ്വയം തിരിച്ചറിയാന്‍ കഴിയാതെ പോകുകയും മറ്റുള്ളവര്‍ അതറിയുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോകുകയും ചെയ്ത ഒരു ദുരവസ്ഥ.

ന്യൂനപക്ഷത്തിന്റെ പേര് പറഞ്ഞു സമുദായ സ്നേഹം പുലമ്പുന്ന മുസ്ലിം ലീഗും ചോദ്യം ചെയ്യാത്ത പരമാധികാരം സമുദായ സ്നേഹികള്‍ വക വെച്ചുകൊടുത്ത പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ തങ്ങന്മാരും രണ്ടാലോചിക്കുന്നത് നന്ന്.

സമുദായ സ്നേഹികളായിരുന്ന അവരുടെ മുന്‍ഗാമികള്‍ ഇവരെപ്പോലെ കുരുടന്മാരല്ലായിരുന്നു എന്ന ഒന്നാമത്തേതും കാലങ്ങള്‍ക്കു ശേഷം ആറടി മണ്ണോടു ചേരുമ്പോള്‍ ആരംഭിക്കുന്ന പരലോക ജീവിതത്തില്‍ കണക്ക് ബോധിപ്പിക്കേണ്ടതാണ് മുസല്‍മാന്റെ ജീവിതമെന്ന രണ്ടാമത്തേതുമായ ആത്യന്തിക തിരിച്ചറിവുകള്‍.

കുതിര കച്ചവടത്തെക്കാള്‍ നീചവും നാറിയതുമാണ് ഈ കാട്ടിക്കൂട്ടലുകള്‍.

“നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്”

വാല്‍കഷണങ്ങള്‍..

ഒന്ന്:- മേല്‍ പറഞ്ഞ സംഗതി എന്റെ പ്രിയപ്പെട്ട ഫറൂഖ്‌ കോളേജിനെ കുറിച്ചല്ല, എങ്കിലും ഇതിനേക്കാള്‍ ദുരവസ്ഥയാണ് ഫറൂഖ്‌ കോളേജില്‍ നടക്കുന്നത് എന്നത് പരസ്യമായ ഒരു രഹസ്യമാണ് എന്ന് പറയാതിരിക്കുകയും വയ്യ.

രണ്ട്:- “അറിഞ്ഞതിലും അനുഭവിച്ചതിലും പാതി പറയാതെ പോയി,
പറഞ്ഞതില്‍ പാതി പതിരായും, പതിയാതെയും പോയി,
പകുതി ഹൃത്തിനാല്‍ വേരുത്തിടുമ്പോള്‍ നിങ്ങള്‍,
പകുതി ഹൃത്തിനാല്‍ പൊറുത്തു കൊള്‍ക,

47 comments:

 1. ഈ കഥയില്‍ പരാമര്‍ശിച്ച വ്യക്തികള്‍, സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാം ജീവിച്ചിരിക്കുന്നവരും മരിച്ചവരും യാതാര്ത്യങ്ങളുമാണ്. ഒരു സമൂഹത്തിന്റെ പൊതു നന്മക്ക് വേണ്ടിയുള്ള പരമാര്‍ശമായതിനാല്‍ ആരെയും വേദനിപ്പിക്കണം എന്നുദ്ദേശിച്ചു കുത്തിക്കുറിച്ചതല്ല. ആരെയെങ്കിലും ഈ എഴുത്ത് വൃണപ്പെടുതുന്നുവെങ്കില്‍ സദയം ക്ഷമ ചോദിക്കുന്നു..

  ReplyDelete
 2. ഇന്റെർവ്യൂ വിശേഷത്തിനിടയ്ക്ക് ഒരുപാട് 'മറ്റു'പല കാര്യങ്ങളും കയറി വന്നല്ലോ ? നല്ല കുറിപ്പ്. ആശംസകൾ.

  ReplyDelete
 3. നിസ്സഹായന്‍റെ വേദനയില്‍ പങ്കുചേരുന്നു. സമുദായത്തിന്‍റെ പേരില്‍ ആനുകൂല്യങ്ങള്‍ വാങ്ങി കച്ചവടത്തിന് വെക്കുന്ന ഷൈലോക്കിയന്‍ കുടിലതയെ ഒരു പോസ്റ്റിലൂടെയെങ്കിലും നിങ്ങള്‍ വെറുത്തല്ലോ. പ്രതികരണ ശേഷിയുടെ പതിനാറടിയന്തിരം കഴിഞ്ഞില്ല എന്ന് തന്നെയാണ് തോന്നുന്നത്.

  ReplyDelete
 4. പ്രതികരിക്കണം ..നമ്മള്‍ ....പ്രതികരിക്കാന്‍ ...ആശംസകള്‍

  ReplyDelete
 5. നല്ലൊരു ലേഖനം.....വഴി മറക്കുന്നവര്‍ വളരെ ഉണ്ട് എല്ലാത്തിലും ...ഓര്‍ക്കുക തന്നെ വേണം നമ്മള്‍ എങ്ങനെ നമ്മള്‍ ആയെന്നു അല്ലെ

  ReplyDelete
 6. ഇത് ഒരു സമുദായത്തിന്റെ മാത്രം പ്രശ്നമല്ല . . . . എല്ലാ മാനേജ്‌മന്റ്‌ സ്ഥാപനങ്ങളിലും കുതിര കച്ചവടം തന്നെ . . . ആരാദ്യം കൂടിയ കാശിനു ബുക്ക്‌ ചെയ്യുന്നുവോ അവര്‍ക്ക് കിട്ടും, പിന്നെ പേരിനു ഒരു ഇന്റര്‍വ്യൂ . . . ഇതിലെ തമാശ നിയാസ് ഭായ് പറഞ്ഞത് തന്നെയാണ് . . സമുദായത്തിന്റെ പേര് പറഞ്ഞു വാങ്ങിയ സ്ഥാപനങ്ങളില്‍ ആണ് കൂടുതല്‍ അറവ് . .

  ReplyDelete
 7. നമ്മുടെ വര്‍ത്തമാന കാലത്തെ ഒരവസ്ഥാന്തരം.അതിന്റെ വളരെ സൂക്ഷമായ കാഴ്ചപ്പാടുകള്‍ .പ്രയോഗിച്ച വാക്കുകള്‍ വളരെ മികവുറ്റതായി..

  ReplyDelete
 8. ദാഹത്തിന് ഒരു തുള്ളി ജലം പോലും കിട്ടാത്ത ഒരു സ്ഥലം,
  പറയാത്ത കല്യാണത്തിന് ചെന്നപോലെയുള്ള സീകരണം,
  ഒരു കുഞ്ഞാപ്പു വന്നിരിക്കുന്നു എന്ന മട്ടിലുള്ള ഏറനാടന്‍ നോട്ടം..
  ഇതൊക്കെയായിരുന്നു ആതിഥ്യ മര്യാദയുടെ ആദ്യ ഘട്ടങ്ങള്‍.
  --------------------------------
  നിയാസ് വളരെ നന്നായി ഈ രചന. താങ്കള്‍ക്കു എഴുതി ഫലിപ്പിക്കാനുള്ള കഴിവുണ്ട് ,,താങ്കള്‍ എഴുതണം ..നന്മകള്‍ നേരുകയും ആശംസകളും..

  ReplyDelete
 9. വളരെ നന്നായി എഴുതി. കുതിരക്കച്ചവടം നടക്കുന്നിടത്ത് അതിനുള്ള ക്വാളിറ്റിയും തന്നെ ഉണ്ടാവുകയുള്ളൂ.. നാലാള് പറഞ്ഞാലും വേണ്ടില്ല നാല് കാശ് കയ്യില്‍ വരുന്ന കാര്യമല്ലേ.. പിന്നെന്തിനു നാണിക്കണം. അഭിനന്ദനങ്ങള്‍ നിയാസ് ഭായ്..

  ReplyDelete
 10. വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല, എവിടേയും ഇതുതന്നെയാണ് അവസ്ഥ. അറിവും കഴിവും
  യോഗ്യതയും ഒരു പ്രശ്നമേയല്ല. നിയാസ്, താങ്കള്‍ നന്നായി എഴുതി.

  ReplyDelete
 11. ന്യൂനപക്ഷത്തിന്റെ പേര് പറഞ്ഞു സമുദായ സ്നേഹം പുലമ്പുന്ന മുസ്ലിം ലീഗും ചോദ്യം ചെയ്യാത്ത പരമാധികാരം സമുദായ സ്നേഹികള്‍ വക വെച്ചുകൊടുത്ത പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ തങ്ങന്മാരും രണ്ടാലോചിക്കുന്നത് നന്ന്. likes

  ReplyDelete
 12. നടമാടുന്ന നെറികേടിന്റെ നേർക്ക് വിരൽചൂണ്ടുന്ന ഈ കുറിപ്പിനു നന്ദി.

  ReplyDelete
 13. കുറ്റപ്പെടുത്തുകയല്ല, എങ്കിലും പറയട്ടെ. ഇത്രക്ക് ദൂരെ നിന്നും ഈ ഇന്റര്‍വ്യൂവിനു വേണ്ടി ഫ്ലൈറ്റ് ടിക്കറ്റും വിലപ്പെട്ട ലീവും എടുത്ത് പറന്നു വരേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. അതൊരു സര്‍ക്കാര്‍ ജോലിക്കുള്ള അഭിമുഖമായിരുന്നു എങ്കില്‍ ഒകെ! എന്നാല്‍ ഇത് ഒരു മാനെജ്മെന്റ് ഒത്തുകളിക്ക് താങ്കള്‍ അറിഞ്ഞു കൊണ്ട് തല വെച്ച് കൊടുത്തതാണ് എന്നേ ഞാന്‍ പറയൂ. കാരണം നിയമനം അതിനും എത്രയോ മുന്പ് നടന്നിരിക്കും, അവര്‍ ഒരു ഫോമാളിട്ടിക്ക് വേണ്ടി ഇന്റര്‍വ്യൂ എന്ന സംഭവം സംഘടിപ്പിക്കും. നിയമത്തിന്റെ കണ്ണില്‍ പൊടിയിടാന്‍.
  പിന്നെ താങ്കളുടെ എഴുത്ത് ഇഷ്ടപ്പെട്ടു. താങ്കളുടെ വാക്കുകള്‍ ചിലര്‍ക്കൊക്കെ കൊണ്ടിട്ടുണ്ടാവും. ആശംസകള്‍!

  ReplyDelete
 14. അനുഭവങ്ങൾ നന്നായി എഴുതി.

  ReplyDelete
 15. സമുദായ സ്നേഹം പറഞ്ഞു വാങ്ങിയ സ്കൂളുകളില്‍ എത്ര സമുദായക്കാര്‍ ജോലി ചെയ്യുന്നു എന്ന് അറിയാന്‍ കൂടുതല്‍ പോവേണ്ട ചുറ്റുപാടുമുള്ള പഞ്ജായത്തില്‍ മാത്രം ഒന്ന് അന്വേഷിച്ചാല്‍ മതി ...വേണ്ടത്ര ജോര്ജ്ജുട്ടി കയ്യില്‍ ഉണ്ടായിരുന്നെങ്കില്‍ നാട്ടില്‍ പോവാതെ തന്നെ ജോലി ശേരിയായേനെ ..

  ReplyDelete
  Replies
  1. സമുദായത്തിന്‍റെ പേരില്‍ വാങ്ങിയ സ്ഥാപനങ്ങളില്‍ സമുദായാംഗങ്ങളെ തന്നെ നിയമിക്കണം എന്നില്ല; അത് ശരിയല്ല എന്ന അഭിപ്രായമാണെനിക്കുള്ളത്. സമുദായാംഗങ്ങള്‍ക്ക് പഠിക്കാനുള്ള അവസരമേ അവര്‍ക്ക്‌ വേണ്ടി നീക്കി വെക്കാന്‍ പാടുള്ളൂ.
   ഞാന്‍ പഠിച്ച എടവണ്ണ ഓറിയന്റല്‍ ഹൈസ്കൂളില്‍ അന്ന് കണ്ണൂര്‍ മുതല്‍ തിരുവനന്തുപരം വരെയുള്ള അധ്യാപകര്‍ പഠിപ്പിച്ചിരുന്നു തീര്‍ത്തും ഒരു heterogeneous ആയ അധ്യാപക സമൂഹം. എല്ലാവരും ഒന്നിനൊന്നു മെച്ചം. നായരും തീയനും മാപ്പിളയും അച്ചായനും അവരിലുണ്ടായിരുന്നു. വ്യത്യസ്തമായ കഴിവുകളൂള്ളവര്‍. ശാസ്ത്രജ്ഞര്‍, ഗണിതശാസ്ത്ര വിശാരദര്‍, പ്രഭാഷണ പടുക്കള്‍, കലാ കാരന്മാര്‍, അങ്ങനെയങ്ങനെ...അവരുടെ കഴിവുകള്‍ കുട്ടികള്‍ക്ക്‌ പകര്‍ന്നു.
   എന്നാല്‍ ഇപ്പോള്‍ അവസ്ഥ മാറി. സ്വന്തം താല്പര്യത്തിനായി പ്രാദേശിക വാദവും സാമുദായിക വാദവും ഉയര്‍ത്തിക്കൊണ്ടു വന്ന് പുതിയ നിയമനങ്ങള്‍ മുഴുവന്‍ ഏകദേശം ഒരേ തരാം കഴിവും താല്‍പര്യവുമുള്ള,(homogeneous) മിക്കവാറും ഒരേ പഞ്ചായത്തില്‍ നിന്നുള്ളവരിലൊതുങ്ങി. ഫലമോ? എന്നും ഓരോ പരിപാടിയും അത്യാവശ്യവുമായി വൈകി വരുന്നവരും നേരത്തെ പോകുന്നവരുമായി അധികപേരും. നിലവാരം ലംബമായ ഒരു നേര്‍ രേഖയില്‍ താഴോട്ടു പോന്നു. അത് കൊണ്ട് അവിടെ പഠിക്കാനുള്ള അവകാശം പോലെ പഠിപ്പിക്കാനുള്ള അവകാശത്തിനു വേണ്ടി സമരം ചെയ്യരുത്‌. യോഗ്യതയായിരിക്കട്ടെ ഏക യോഗ്യത.

   Delete
  2. യോഗ്യത പണമായിമാറിയപ്പോള്‍ കഴിവും മികവുമൊക്കെ ആര്‍ക്കുവേണം? നിയാസിന്റെ പോയന്റ് അതാണെന്ന് തോന്നി.

   Delete
 16. വിദ്യാഭ്യാസ കച്ച്വടത്തിന്റെ കാര്യം പറയണ്ട, ഗവ. സ്ഥാപനം എയ്ഡഡ് മേഖലയിലാക്കാന്‍ സമുദായസ്നേഹികള്‍ രംത്തിറങ്ങിയ കാലമാണിത്..

  ReplyDelete
 17. നല്ല കുറിപ്പ്. നന്നായി എഴുതി.
  നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്”

  ReplyDelete
 18. ashraf parayil5:21 pm

  niyas, good, but can you identify the quality of the one appointed in terms of ability n eligibility ? donation z prevailing, i am not to entertain it, but see that all the recruitments in muslim based collages in malabar without donation did not work well, the teachers were non-committed,anti management, even emerged as atheist followers, they had no value for the job they got, sheer typical govt. employees

  then u r case, you might have tried in that way with recommendation and possible offers, i am sure it might have worked

  if no donation game works, v can see only farook college between peritalmanna and calicut,so management z forced to get donations, pls. try to understand it,but hell bargain hav no justification

  good writing, language etc.. fine

  ReplyDelete
 19. ഇഷ്ടപ്പെട്ടു. ആശംസകള്‍. നല്ല ഭാഷ.

  ReplyDelete
 20. മൊത്തത്തില്‍ നന്മകള്‍ കുറഞ്ഞുവരുന്ന ഒരു കാലമല്ലേ...? അത് സമുദായത്തില്‍ മാത്രമല്ല ആകെ മാനവകുലത്തിന്റെ തന്നെ പ്രശ്നമാണ്. ഒരു നല്ല മാറ്റം വരുമെന്ന് പ്രതീക്ഷിക്കുക

  ReplyDelete
 21. നഗ്ന സത്യങ്ങള്‍ വിളിച്ചോതിയ ഒന്നാന്തരം കുറിപ്പ്.
  അഭിനന്ദനങ്ങള്‍

  ReplyDelete
 22. Anonymous10:11 pm

  manassilullath ezhuthan kazhiyuka, athum vayanakkaranu madukkatha shailiyil...anugraheetha ezhuthukaran.. bhavukangal... iniyum orupad ezhuthan kazhiyatte.....

  ReplyDelete
 23. ജാതി-മത സംഘടനകള്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക്‌ മാത്രം മുന്നില്‍ കണ്ട് വിദ്യാഭ്യാസ മേഘലയെ പരസ്യമായി വ്യഭിചരിക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്, അതില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമൊന്നും ഇല്ല. പണം തന്നെയാണ് പ്രധാനം..

  ReplyDelete
 24. This comment has been removed by the author.

  ReplyDelete
 25. عجبا لأمر المؤمن إن أمره كله خير ، وليس ذاك لأحد إلا للمؤمن ؛ إن أصابته سرّاء شكر ؛ فكان خيراً له ، وإن أصابته ضرّاء صبر ؛ فكان خيراً له

  ReplyDelete
  Replies
  1. മലയാളത്തിലാക്കിയാല്‍ അറബിയും ഉറുദുവും സംസ്കൃതവും (മറ്റും) പോലെയുള്ള ഭാഷയറിയാത്തവര്‍ക്ക് ഉപകാരമാവും.

   Delete
 26. Anonymous6:31 am

  കൊഴയെ എതിര്‍ക്കുന്നുവെന്ന് അഹങ്കരിച്ചു നടന്നിരുന്ന പ്രസ്ഥാനങ്ങളുടെ സ്ഥാപനങ്ങളില്‍ പോലും ഇന്ന് പോസ്റ്റ്‌ കിട്ടണമെങ്കില്‍ നോട്ടുകെട്ടുകള്‍ മുമ്പില്‍ വെക്കണം. വിശ്വാസികള്‍ക്ക് മതം പറഞ്ഞു കൊടുക്കേണ്ട പല പണ്ഡിതന്മാരും ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തെ തലതൊട്ടപ്പന്മാരാണ്. ആര്‍ക്കും എതിര്‍ത്തു തോല്പ്പിക്കാനാവാത്ത വിധം വരിഞ്ഞു മുറുകുന്ന ഈ കാട്ടുകൊള്ളയെ പിടിച്ചു കെട്ടാന്‍ ഈ പോസ്റ്റ്‌ മാത്രം മതിയോ എന്നാണു സംശയം. കിട്ടാതെ പോകുന്ന അവസരങ്ങളില്‍ ഏതു ഉദ്യോഗാര്‍ഥിക്കും തോന്നുന്ന ഒരു നീരസം പ്രകടിപ്പിക്കലായി ഈ പോസ്റ്റ്‌. ഈ എതിര്‍പ്പ് ആത്മാര്‍ത്ഥമായിട്ടാണോ എന്ന് നെഞ്ചില്‍ കൈ വെച്ച് പറയുക.എങ്കില്‍ പൂച്ചക്ക് മണി കെട്ടാന്‍ ആളുണ്ടാവും കൂടെ

  ReplyDelete
 27. സ്ഥാപിത താല്പര്യങ്ങള്‍ക്ക് മുന്നില്‍ പഠിപ്പും അനുഭവവും അടിയറവു പറയുന്ന ഈ നിമിഷങ്ങള്‍.
  ചില പ്രത്യേക ലക്ഷ്യങ്ങള്‍ ആദ്യമേ മുന്നില്‍ കണ്ടു ഇത് പോലെ ഇന്റര്‍വ്യൂ എന്നാ പ്രഹസനത്തിലൂടെ ആളെ കളിയാക്കുന്ന സമ്പ്രദായം ഇന്ന് നിത്യ കാഴ്ചയാണ്.

  വളരെ നന്നായി പറഞ്ഞു ...

  ReplyDelete
 28. നല്ല പോസ്റ്റ്.

  ReplyDelete
 29. നന്നായി എഴുതി.. പല കാര്യങ്ങളും..

  ReplyDelete
 30. പഴയ ഒരു ഫാറൂഖ് കോളേജ് ഉല്പന്നമാണ് ഞാനും. ഇപ്പോഴത്തെ കഥയൊന്നുമറിയില്ല. വിദ്യാഭ്യാസം ഇപ്പോള്‍ കച്ചവടമല്ലെ? , ഇതു പോലെ പല പ്രഹസനങ്ങളും നടന്നില്ലെങ്കിലേ അതിശയമുള്ളൂ. വളരെ നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍!.

  ReplyDelete
 31. നല്ല പോസ്റ്റ്..അതെ യോഗ്യതയുടെ
  അടിസ്ഥാനത്തില്‍ ജോലി കിട്ടും എന്ന്
  കരുതുന്നത് തന്നെ അബദ്ധം ആണ്‌ ഇപ്പോള്‍.
  ഇത് ഒരു managementinte മാത്രം ‌കാര്യം
  അല്ല..എല്ലായിടത്തും ഇത് തന്നെ സ്ഥിതി..

  ReplyDelete
 32. പകല്‍ പോലെ സത്യമാണ് ആ വീക്ഷണം..അനുഭവങ്ങളില്‍ പിറന്ന നല്ല പോസ്റ്റ്‌ ആശംസകള്‍

  ReplyDelete
 33. നല്ല എഴുത്ത്. വികാരം ഉള്‍ക്കൊണ്ടു വായിച്ചു.

  ReplyDelete
 34. ഒരു നിസ്സഹായന്റെ സത്യാവസ്ഥകൾ, യഥാർത്ഥത്തിൽ എപ്പോഴും നടക്കുന്നത് മനസ്സിലാക്കുംവിധം അവതരിപ്പിച്ചു. എല്ലാം പ്രഹസനങ്ങൾ തന്നെ.

  ReplyDelete
 35. ഇത് എല്ലായിടത്തും ഉണ്ട്......

  ReplyDelete
 36. സാമൂഹിക പ്രതിഷേ ദ ത്തിന്റെ ഒരു നല്ല മുഖം

  ReplyDelete
 37. വളരെ നന്നായി എഴുതി...!
  എല്ലായിടത്തും ഇങ്ങനെ തന്നെയാണ് നടക്കുന്നത് ...!!

  ReplyDelete
 38. പല്ലുകടിച്ചുകൊണ്ട് ഒരു കമന്റ് പാസ്സാക്കണമെന്നുണ്ട്. അബുസ്സബാഹ് മൗലവിയുടെ നേരിട്ടുള്ള ശിക്ഷണത്തില്‍ പഠിച്ചു വളര്‍ന്ന സ്വപിതാവ് ഇന്നും ആ സ്ഥാപനത്തില്‍ നിന്നും വേതനം പറ്റുന്നയാളായിപ്പോയി.
  സാമ്പത്തിക മാനദണ്ഡങ്ങള്‍ക്കപ്പുറത്താണിന്ന് സമുദായസ്നേഹവും സേവനതത്പരതയുമെല്ലാം. എന്തായാലും സ്വപ്നമെന്നെങ്കിലുമൊരിക്കല്‍ സാക്ഷാത്കരിക്കപ്പെടട്ടെ.

  ReplyDelete
 39. എല്ലാ മേഖലകളിലും, സാമുദായിക-രാഷ്ട്രീയ വ്യവസ്ഥാപിത താല്പര്യങ്ങളുടെ കുടക്കീഴിലും ഇതുണ്ട്. ഇത്രയും കടുത്ത ഭാഷയില്‍ എഴുതിയത് പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു!

  ആശംസകളോടെ.

  ReplyDelete
 40. HANEEF MUHAMMAD2:54 pm

  നിയാസ്.. നിങ്ങളുടെ അവതരണം എനിക്ക് നന്നായി ഇഷ്ട്ടമായി ,.തുടര്‍ന്നും ഇങ്ങനെ ഉള്ള പ്രസക്തമായ ജീവിത അനുഭവങ്ങള്‍ കുറിച്ച് വിടാന്‍ ശ്രദ്ധിക്കണം ഇതില്‍ പല സംഗതികളും വര്‍ത്തമാന കാലത്ത് സ്ഥിരം നടക്കുന്ന സംഭവങ്ങള്‍ ആണല്ലോ ??? ആശംസകള്‍ .. നേരുന്നു .സ്നേഹ പൂര്‍വ്വം ഹനീഫ് പുലമന്തോള്‍

  ReplyDelete
 41. നിയാസ്ജി,

  "മാപ്പിള സമുദായത്തിന്റെ പരിശുദ്ധതക്ക് നേരെ തിരിഞ്ഞു നിന്ന് മൂത്ര മൊഴിച്ചു കൊണ്ടിരിക്കുന്ന സമുദായ സ്നേഹികള്‍ക്ക് നിഷ്കാമികളായ മുന്‍ഗാമികളുടെ ഉദ്ദേശ്യശുദ്ധിയെ തിരിച്ചറിയാന്‍ കഴിയാത്ത വിധം സമ്പത്തിനോടുള്ള ഭ്രമം അവരെ കുരുടന്മാരാക്കിയിരിക്കുന്നു എന്ന് സ്വയം തിരിച്ചറിയാന്‍ കഴിയാതെ പോകുകയും മറ്റുള്ളവര്‍ അതറിയുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോകുകയും ചെയ്ത ഒരു ദുരവസ്ഥ"

  പണത്തിനു മുമ്പില്‍ എന്തോന്ന് സമുദായം. കട്ട പുക. എന്തായാലും കായി പോയാലും അനക്ക് 'സൂറാബിനെ' കാണാനായല്ലോ. ....

  പിന്നെ നല്ല എഴുത്താട്ടോ..

  ReplyDelete
 42. നിയാസ് വളരെ നന്നായി എഴുതി .. അഭിനന്ദനങ്ങള്‍ ...
  പക്ഷെ നിയാസിനെ ചെറുപ്പം മുതല്‍ പരിചയം ഉളള വ്യക്തി എന്ന നിലക്ക് ചില സംശയങ്ങള്‍ എന്നില്‍ ഉളവാക്കി
  "ന്യൂനപക്ഷത്തിന്റെ പേര് പറഞ്ഞു സമുദായ സ്നേഹം പുലമ്പുന്ന മുസ്ലിം ലീഗും ചോദ്യം ചെയ്യാത്ത പരമാധികാരം സമുദായ സ്നേഹികള്‍ വക വെച്ചുകൊടുത്ത പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ തങ്ങന്മാരും രണ്ടാലോചിക്കുന്നത് നന്ന്. "
  ഇതേ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചും പ്രസംഗിച്ചും നടന്നിരുന്ന, അല്ലെങ്കില്‍ നടന്നു കൊണ്ടിരിക്കുന്ന താങ്കള്‍ക്ക് ഈ പ്രസ്ഥാനത്തിന് നമ്മുടെ നാട്ടില്‍ ഉളള സ്ഥാപനങ്ങളിലെ നിയമനങ്ങളും അതിനു സ്വീകരിച്ച ക്രൈടീരിയകളും അത് വഴി ഉണ്ടായ വിവാദങ്ങളും ഒന്നും അറിയാത്തത് കൊണ്ടാണോ ഉയര്‍ന്ന വിമാന ടിക്കറ്റ്‌ എടുത്തു ഈ ഇന്റര്‍വ്യൂ പങ്കെടുക്കാന്‍ വേണ്ടി മാത്രം പോയത് ?
  താങ്കളെ പോലേ വിദ്യാഭ്യാസവും ,വായനയും , പൊതു പ്രവര്‍ത്തനവും ചിന്തയും ഉളള ഒരാള്‍ പണമോ , വ്യക്തി, സമുദായ സ്വാധീനമോ ചെലുത്താതെ നിയമനം നടത്തുന്ന ഏതെങ്കിലും സ്ഥാപനം ഉണ്ട് എന്ന് വിശ്വസിച്ചു പോയി എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത് .
  മാനെജ്മെന്റ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ് അവയുടെ കെട്ടിടം മറ്റു ഭൌതിക സൌകര്യങ്ങള്‍ എന്നിവയ്ക്ക് തികയുകയില്ല എന്നും അത് കൊണ്ട് തന്നെ ജോലി നേടുന്നവരില്‍ നിന്ന് കുറച്ചു സംഭാവനകള്‍ വാങ്ങേണ്ടി വരുന്നു എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെങ്കിലും , നമ്മുടെ നാട്ടിലെ നമുക്ക് അഭിമാനമായ സ്ഥാപനത്തില്‍ പഠിച്ചു റാങ്ക് നേടിയ കുട്ടിക്ക് പോലും നിയമനം നിഷേധിച്ചു കൊണ്ട് അതേ സ്ഥാപനത്തില്‍ അടുത്ത കാലങ്ങളില്‍ നടന്ന നിയമനവും താങ്കള്‍ അറിയാത്തതാണോ ?
  നാട്ടില്‍ സ്വാതികരായ പൂര്‍വികരാല്‍ സ്ഥാപിക്കപെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പണവും സ്വാധീനവും മാത്രമാണ് നിയമന മാനദണ്ഡം എന്ന് അറിയാവുന്ന താങ്കള്‍ ഈ പ്രതികരണം അന്ന് നടത്തിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു .
  ഈ വിഷയത്തില്‍ ഇത് പോലേ ഒരു പ്രതികരണം നടത്താന്‍ താങ്കള്‍ക്കു പോലും വ്യക്തിപരമായി ചില അനുഭവങ്ങള്‍ ഉണ്ടാകേണ്ടി വന്നു എന്നതല്ലേ നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ അപചയം ?

  ReplyDelete
 43. Anonymous4:53 am

  >>>ഇത് പോലേ ഒരു പ്രതികരണം നടത്താന്‍ താങ്കള്‍ക്കു പോലും വ്യക്തിപരമായി ചില അനുഭവങ്ങള്‍ ഉണ്ടാകേണ്ടി വന്നു എന്നതല്ലേ നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ അപചയം ?<<< അഷ്‌റഫ്‌ സല്‍വ, നിങ്ങള്‍ പറഞ്ഞതാണ് യാഥാര്‍ത്ഥ്യം, താടിയും നീട്ടി പ്രസ്ഥാനത്തിന്റെ മേലങ്കിയണിഞ്ഞു നടക്കുന്ന ഈ നിയാസ്‌ ഇതേ പോസ്റ്റ് കിട്ടാന്‍ വേണ്ടി നടത്തിയ കളികള്‍ കൂടി അറിഞ്ഞാല്‍ നാണിച്ചു പോകും.. ഛെ

  ReplyDelete